ചാവി ഹെര്‍ണാണ്ടസിന്റെ കീഴില്‍ കഴിഞ്ഞാഴ്ച ആദ്യ കിരീടജയം കുറിച്ച ബാഴ്‌സലോണ തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്നലെ സ്പാനിഷ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ ജയം കുറിച്ചു. താരതമ്യേന ദുര്‍ബലരായ ക്യുയെറ്റയ്‌ക്കെതിരേയായിരുന്നു ബാഴ്‌സയുടെ കൂറ്റന്‍ ജയം.
മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകളാണ് അവര്‍ക്കു തകര്‍പ്പന്‍ ജയമൊരുക്കിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്കു പുറമേ റാഫിഞ്ഞ, അന്‍സു ഫാറ്റി, ഫ്രാങ്ക് കെസി എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകള്‍ നേടിയത്. മൂന്നു തവണ സ്പാനിഷ് കപ്പ് നേടിയ ടീമാണ് ബാഴ്‌സ.
വന്‍ ഗോള്‍ മാര്‍ജിനില്‍ ജയിച്ചെങ്കിലും നനഞ്ഞ തുടക്കമായിരുന്നു ബാഴ്‌സയുടേത്. എതിര്‍ ഗോള്‍ പോസ്റ്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആദ്യ പകുതിയില്‍ അവര്‍ക്കു കഴിഞ്ഞതേയില്ല. റയല്‍ മാഡ്രിഡിനെതിരേ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ ജയിച്ച ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തിയാണ് ചാവി ക്യുയെറ്റയ്‌ക്കെതിരേ ബാഴ്‌സയെ അണിനിരത്തിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്കു മാത്രമാണ് സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത്.
ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കെ റാഫിഞ്ഞയാണ് ഒടുവില്‍ ബാഴ്‌സയ്ക്കു ലീഡ് സമ്മാനിച്ചത്. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ശേഷം തിരിച്ചെത്തിയ ബാഴ്‌സ ഫോമിലേക്ക് ഉയരുകയായിരുന്നു. 50-ാം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയ ലെവന്‍ഡോവ്‌സ്‌കി ടീമിന്റെ ലീഡ് വര്‍ധിപ്പിച്ചു.
പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാറ്റിയുടെ ഊഴമായിരുന്നു പിന്നീട്. 70-ാം മിനിറ്റില്‍ യുവതാരം ലക്ഷ്യം കണ്ടു. ഏഴു മിനിറ്റിനു ശേഷം കെസിയും വലകുലുക്കിയതോടെ ബാഴ്‌സ നാലു ഗോളുകള്‍ക്കു മുന്നിലെത്തി. ഒടുവില്‍ മത്സരത്തിന്റെ അവസാന മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി ലെവന്‍ഡോവ്‌സ്‌കി പട്ടിക പൂര്‍ത്തിയാക്കി.