ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ അര്‍ജന്റീന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരേ വ്യാപക പ്രതിഷേധമാണ് പി.എസ്.ജി. ഫാന്‍സ് ഉയര്‍ത്തുന്നത്. ഓരോ മത്സരത്തിലും താരത്തെ കൂവലോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. എന്നാല്‍ മെസിയാകട്ടെ ഇതൊന്നും കണക്കിലെടുക്കാതെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു.
ഇന്നലെ നടന്ന നീസിനെതിരായ മത്സരത്തിലും മെസിയുടെ മികച്ച പ്രകടനമാണ് കണ്ടത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയ താരം ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. പി.എസ്.ജി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു വിജയിച്ച മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മെസിക്കായി.
ഗോള്‍നേട്ടത്തോടെ മറ്റൊരു നാഴികക്കല്ലും മെസി സ്വന്തമാക്കി. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇക്കാര്യത്തിലും താരം പിന്തള്ളിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ്. ഇന്നലെ മെസി കുറിച്ചത് യൂറോപ്പിലെ തന്റെ 702-ാം ഗോളായിരുന്നു. ഇതോടെ 701 ഗോള്‍ എന്ന ക്രിസ്റ്റിയാനോയുടെ റെക്കോഡ് പഴങ്കഥയായി. ക്രിസ്റ്റിയാനോയെക്കാള്‍ 105 മത്സരം കുറച്ചു കളിച്ചാണ് മെസി ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായി. ക്രിസ്റ്റിയാനോയ്ക്ക് 701 ഗോള്‍ നേടാന്‍ 946 മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ വെറും 841 മത്സരങ്ങളില്‍ നിന്നാണ് മെസി 702 ഗോളുകള്‍ നേടിയത്.
മത്സരത്തില്‍ മെസി നല്‍കിയ ഒരു ത്രൂ പാസ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അവിശ്വസനീയമായ തരത്തില്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ പി.എസ്.ജിയുടെ വിജയമാര്‍ജിന്‍ ഇതിലും ഉയരുമായിരുന്നു. 26-ാം മിനിറ്റില്‍ മെസിയുടെ ഗോളിലാണ് പി.എസ്.ജി. ആദ്യം ലീഡ് നേടിയത്. പോര്‍ചുഗല്‍ താരം ന്യൂനോ മെന്‍ഡസ് നല്‍കിയ പാസില്‍ നിന്നായിരുന്നു അര്‍ജന്റീന താരം സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഈയൊരു ഗോള്‍ ലീഡില്‍ പിരിഞ്ഞ ഫ്രഞ്ച് ക്ലബിനായി സെര്‍ജിയോ റാമോസാണ് രണ്ടാം ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ 76-ാം മിനിറ്റിലായിരുന്നു റാമോസ് വലകുലുക്കിയത്. കോര്‍ണര്‍ ഫ്‌ളാഗിനരികല്‍ നിന്നു മെസി നല്‍കിയ തകര്‍പ്പനൊരു ക്രോസില്‍ നിന്നാണ് സ്പാനിഷ് താരം ലക്ഷ്യം കണ്ടത്. ശേഷിച്ച മിനിറ്റുകളില്‍ സ്‌കോര്‍ നില ഉയര്‍ത്താന്‍ പി.എസ്.ജി കണഞ്ഞു ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ തിരിച്ചടിയായി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ ലീഡ് ആറു പോയിന്റാക്കി ഉയര്‍ത്താനും പി.എസ്.ജിക്കായി. 30 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് അവര്‍ക്കുള്ളത്. 63 പോയിന്റുള്ള ലെന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. 61 പോയിന്റുമായി മാഴ്‌സെ മൂന്നാമതുണ്ട്.