അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ടീം ഇന്റര്‍ മയാമി. ബ്രസീലിയന്‍ മധ്യനിര താരം ഗ്രിഗോറിനെ മാറ്റിയാണ് മെസിയെ നായകനായി തീരുമാനിച്ചത്. ടീം പരിശീലകന്‍ ടാറ്റാ മാര്‍ട്ടിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഗ്രിഗോര്‍ ഏതാനും നാളുകളായി പുറത്തിരിക്കുകയാണ്.
ഗ്രിഗോറിന്റെ അഭാവത്തില്‍ ഇന്റര്‍ മയാമിക്കായി അരങ്ങേറിയ മത്സരത്തില്‍ തന്നെ മെസി ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞിരുന്നു. ഇനി അത് തുടരുമെന്നാണ് മാര്‍ട്ടിനോ വ്യക്തമാക്കിയത്. ''കഴിഞ്ഞ ദിവസം മെസി ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. അദ്ദേഹം എത്തിയാല്‍ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റന്‍. അതില്‍ ആര്‍ക്കും തര്‍ക്കമില്ല''- മാര്‍ട്ടിനോ പറഞ്ഞു.
ലീഗ് കപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ നാളെ അറ്റ്‌ലാന്റ യുണൈറ്റഡിനെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇന്റര്‍ മയാമി. മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. 21-ന് നടന്ന അരങ്ങേറ്റ മത്സരത്തില്‍ മെസിയെ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഇറങ്ങിയത്. 54-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെസി 94-ാം മിനിറ്റില്‍ ടീമിന്റെ വിജയഗോളും നേടിയാണ് കയറിയത്.