ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമംഗം അലക്‌സിസ് മാക് അലിസ്റ്ററിനെ പാളയത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗ് ക്ലബായ ബ്രൈറ്റണ്‍ ഹോവ്‌സില്‍ നിന്നാണ് അലിസ്റ്ററിനെ ലിവര്‍പൂള്‍ റാഞ്ചിയത്. എത്രനാളത്തേക്കാണ് കരാര്‍ എന്നും കരാര്‍ത്തുക എത്രയെന്നതു സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ വന്നിട്ടില്ല. എന്നാല്‍ 55 മില്യണ്‍ പൗണ്ടാണ് അലിസ്റ്ററിന് ലിവര്‍പൂള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ദീര്‍ഘകാല കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ബ്രൈറ്റണ് വേണ്ടി മിന്നുന്ന പ്രകടനമാണ് അലിസ്റ്റര്‍ കാഴ്ചവച്ചത്. 35 മത്സരങ്ങളില്‍ ടീമിനായി ബൂട്ടുകെട്ടിയ താരം 10 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ചരിത്രത്തിലാദ്യമായി ബ്രൈറ്റണ് യൂറോപ്പാ ലീഗിനുള്ള യോഗ്യത നേടിക്കൊടുക്കാനും അലിസ്റ്ററിനായി. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനു പിന്നില്‍ ആറാം സ്ഥാനത്താണ് ബ്രൈറ്റണ്‍ ഫിനിഷ് ചെയ്തത്.
2022 ലോകകപ്പിനു പിന്നാലെ തന്നെ അര്‍ജന്റീന താരത്തെ ലിവര്‍പൂള്‍ നോട്ടമിട്ടതാണ്. മധ്യനിരയില്‍ ജയിംസ് മില്‍നര്‍, അലക്‌സ് ഓക്‌സ്‌ലെയ്ഡ് ചേംബര്‍ലെയ്ന്‍, നാബി കെയ്റ്റ എന്നിവര്‍ ഇക്കഴിഞ്ഞ സീസണോടെ ക്ലബ് വിട്ടിരുന്നു. അതിനാല്‍ത്തന്നെ മധ്യനിരയില്‍ കരുത്തരായ താരങ്ങളെ എത്തിക്കാനാണ് ലിവര്‍പൂള്‍ നോട്ടമിടുന്നത്. പുതിയ സീസണിലേക്കുള്ള ആദ്യ ട്രാന്‍സ്ഫറാണ് അലിസ്റ്ററിന്റേത്.
സൂപ്പര്‍ താരങ്ങളായ ജോണ്‍ ബേണ്‍സ്, മൈക്കല്‍ ഓവന്‍ തുടങ്ങിയവര്‍ അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജഴ്‌സിയാണ് ലിവര്‍പൂള്‍ അലിസ്റ്ററിനു നല്‍കിയിരിക്കുന്നത്. പത്താം നമ്പറും തങ്ങളുടെ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡ് അണിഞ്ഞിരുന്ന എട്ടാം നമ്പറുമായിരുന്നു താരത്തിന് ക്ലബ് വാഗ്ദാനം ചെയ്തത്. മുന്‍ ക്ലബുകളില്‍ അണിഞ്ഞിരുന്ന പത്താം നമ്പര്‍ താരം തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അര്‍ജന്റീന്‍ ക്ലബായ അര്‍ജന്റിനോസ് ജൂനിയേഴ്‌സില്‍ നിന്ന് 2019 ജനുവരിയിലാണ് അലിസ്റ്റര്‍ ബ്രൈറ്റണിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബിനായി 112 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ആകെ 20 ഗോളുകളും ഒമ്പത അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 2022 ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കു വേണ്ടിയും മികച്ച പ്രകടനമാണ് അലിസ്റ്റര്‍ കാഴ്ചവച്ചത്.