ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന മിനിറ്റ് ഗോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ രക്ഷപെട്ടു. ഡച്ച് ക്ലബ് അയാക്‌സിന്റെ യുവനിരയ്‌ക്കെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ രക്ഷപെടല്‍. അതേസമം ഇംഗ്ലണ്ടില്‍ നിന്നുള്ള ടോട്ടനം ഹോട്‌സ്പറും പോര്‍ചുഗലില്‍ നിന്നുള്ള എഫ്.സി പോര്‍ട്ടോയും ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി.
മത്സരത്തിന്റെ അവസാന മൂന്നു മിനിറ്റുകളില്‍ വഴങ്ങിയ ഗോളില്‍ ടോട്ടനം പോര്‍ചുഗല്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണോടു തോറ്റപ്പോള്‍ ബെല്‍ജിയന്‍ ക്ലബ് ബ്രുഗെയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു പോര്‍ട്ടോയുടെ തോല്‍വി. മറ്റു മത്സരങ്ങളില്‍ ഇന്റര്‍മിലാന്‍, ലെവര്‍ക്യൂസന്‍ എന്നിവര്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, മാഴ്‌സെ എന്നിവര്‍ തോറ്റു.
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 90-ാം മിനിറ്റില്‍ യോസെഫ് മാറ്റിപ് നേടിയ ഗോളാണ് ലിവര്‍പൂളിന്റെ രക്ഷയ്‌ക്കെത്തിയത്. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മുഹമ്മദ് സല നേടിയ ഗോളില്‍ മുന്നിലെത്തിയ ലിവര്‍പൂളിനെ 27-ാം മിനിറ്റില്‍ മുഹമ്മദ കുഡുസിന്റെ ഗോളില്‍ അയാക്‌സ് സമനിലയില്‍ തളച്ചിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ചിട്ടും ലീഡ് തിരിച്ചുപിടിക്കാന്‍ ലിവര്‍പൂളിന് കഴിയാതെ പോയതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ 89-ാം മിനറ്റില്‍ മാറ്റിപ് നടത്തിയ മുന്നേറ്റം മത്സരഗതി മാറ്റി മറിച്ചു.
അതേസമയം സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരേ എവേ തട്ടകത്തില്‍ ഗോള്‍രഹിത സമനില എന്ന നിലയില്‍ നിന്നാണ് പൊടുന്നനെ ടോട്ടനം രണ്ടുഗോള്‍ തോല്‍വിയിലേക്കു വഴുതിവീണത്. മത്സരത്തില്‍ 90 മിനിറ്റു നേരവും ഇരുടീമുകള്‍ക്കും സമനിലക്കുരുക്ക് അഴിക്കാനായിരുന്നില്ല. ഇതോടെ ഇരുകൂട്ടരും പോയിന്റ് പങ്കിടുമെന്നു കരുതി. എന്നാല്‍ 90-ാം മിനിറ്റില്‍ പൗളീഞ്ഞോയം 93-ാം മിനിറ്റില്‍ ആര്‍തര്‍ ഗോമസും വലകുലുക്കിയതോടെ ടോട്ടനം ഞെട്ടി.
മറ്റു മത്സരങ്ങളില്‍ ഇന്റര്‍മിലാന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിക്‌ടോറില പ്ലെസനെ തോല്‍പിച്ചപ്പോള്‍ അതേ സ്‌കോറിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയായിരുന്നു ലെവര്‍ക്യൂസന്റെ ജയം. ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരേയാണ് മാഴ്‌സയുടെ തോല്‍വി, സ്‌കോര്‍ 1-0.