ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫ്രഞ്ച് പ്രസിദ്ധീകരണമായ എൽ എക്വുപ്പെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 36കാരനായ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. "എനിക്ക് പിന്നിൽ താരങ്ങൾ അവസരം കാത്ത് നിൽക്കുന്നുണ്ട്, കുടുംബത്തിനൊപ്പവും മക്കൾക്കൊപ്പവും സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി വിരമിക്കുന്നതിനെ പറ്റി ആലോചിക്കാറുണ്ട്, ഖത്തർ ലോകകപ്പിനിടയിലും ആ ചിന്ത വർധിച്ചു. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നും ലോറിസ് പറഞ്ഞു. പതിനാലര കൊല്ലം ഫ്രാൻസിനായി കളിക്കാൻ സാധിച്ചത് വലിയ കാര്യമാണ്, എന്നാൽ മാനസികമായി വലിയ വെല്ലുവിളിയുമായിരുന്നു അത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നതോടെ ഇനിയും കുറെ കാലം മികച്ച രീതിയിൽ ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ താരമാണ് ലോറിസ്.
2008 നവംബറിൽ യുറുഗ്വായ്‌ക്കെതിരെ ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ലോറിസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 145 മത്സരങ്ങളിൽ ഫ്രഞ്ച് പടയ്ക്കായി ഇറങ്ങിയ ലോറിസ്, ദേശീയ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമാണ്. ഇക്കഴിഞ്ഞ ലോകകപ്പിലാണ് ലിലിയൻ തുറാമിനെ (142) ലോറിസ് പിന്തള്ളിയത്. 121 മത്സരങ്ങളിൽ ഫ്രഞ്ച് ടീമിനെ നയിക്കാനും ലോറിസിന് സാധിച്ചു. കൂടുതൽ മത്സരങ്ങളിൽ ഫ്രഞ്ച് നായകനായി തുടർന്ന ലോറിസിന്റെ നേതൃത്വത്തിൽ 2018ലെ ലോകകപ്പും, 2020-21ലെ യുവേഫ നേഷൻ ലീഗ് കിരീടവും അവർ നേടി.