FOOTBALL

കളിയിൽ ജയിച്ച് ജീവിതത്തിൽ തോറ്റ ജോസഫ്

ഒരു ദേശീയ ഫുട്‌ബോളറാണ് എന്റെ മുൻപിലുള്ള ആ ആശുപത്രി കിടക്കയിൽ കിടക്കുന്നതെന്നത് എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. കെ പ്രദീപ് എഴുതുന്നു.

കെ പ്രദീപ്

1992 കാലഘട്ടം, സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിലെ 1973 ടീമിലുണ്ടായിരുന്ന എം ആർ ജോസഫ് എന്ന വ്യക്തിയെ എല്ലാവരും അന്വേഷിച്ച് നടക്കുന്ന സമയം. 1973 ടീമിലെ എല്ലാ താരങ്ങളെയും ഒരുമിച്ച് കൊണ്ട് വരാനായി എല്ലാവരും ശ്രമിക്കുകയാണ്. എന്നാൽ ജോസഫ് മാത്രം എവിടെയാണെന്ന് ആർക്കുമൊരു വിവരവുമില്ല. സി സി ജേക്കബ് അടക്കമുള്ളവർക്ക് ഇദ്ദേഹം എറണാകുളത്താണെന്ന് മാത്രമേ അറിവുള്ളു. എന്നാൽ താമസിക്കുന്നത് എവിടെ ആണെന്നോ എന്ത് ചെയ്യുന്നുവെന്നോ അറിയില്ല.

അങ്ങനെയിരിക്കെ എറണാകുളത്തെ തൈക്കുടം എന്ന സ്ഥലത്തെവിടെയോ ആണ് ജോസഫ് താമസിക്കുന്നതെന്ന് വിവരം കിട്ടി. ഞാൻ അന്ന് മരട് ഭാഗത്തുള്ള ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്ക് ഓഫീസിലേക്ക് പോകുന്ന വഴി അവിടെ കണ്ട ഒരു കടക്കാരനോട് ഞാൻ അദ്ദേഹത്തെ പറ്റി അന്വേഷിച്ചു. ''സാർ അല്ലാതെ ആരെങ്കിലും ഇവരെയൊക്കെ അന്വേഷിച്ച് വരുമോ'', എന്നായിരുന്നു മറുപടി. തുടർന്ന് അയാൾ അവിടെ നിന്ന രണ്ടു ചെറിയ കുട്ടികളെ എന്റെ അരികിലേയ്ക്ക് വിളിച്ചു, അവരോട് 'അപ്പൻ എവിടെ' എന്ന് ചോദിച്ചു. അപ്പൻ ആശുപത്രിയിലാണെന്ന് പറഞ്ഞിട്ട് കുട്ടികൾ ഓടിപ്പോയി. ജോസഫിന്റെ മക്കളായിരുന്നു അത്.

ഏകദേശം സന്ധ്യനേരമായിട്ടുണ്ട്. അങ്ങനെ ഞങ്ങളെല്ലാം അന്വേഷിച്ച് നടന്ന ജോസഫിന്റെ വീട് ഒടുവിൽ ഞാൻ കണ്ടെത്തി. അന്നത്തെ ആ കാഴ്ച്ച വളരെയധികം പരിതാപകരമായിരുന്നു. ഒരു ചെറിയ വീട്, ആ വീടിന് മുന്നിലായി മറ്റൊരു പണി തീരാത്ത വീട്. ചെറിയ വീടിന് മുന്നിൽ ചാരുകസേരയിലായി ഒരു അമ്മൂമ്മ ഇരിക്കുന്നു. വെളിച്ചമൊന്നുമില്ല. മൊത്തത്തിൽ ഒരു അന്ധകാരം. സംഭവം എന്താണെന്ന് അറിയാത്തതിനാൽ എനിക്ക് ചെറിയൊരു ഭയം തോന്നി. "അമ്മേ, ഈ ജോസഫ് ?" എന്ന് ചോദിച്ചതും അവർ പൊട്ടിക്കരഞ്ഞു. താൻ ഉച്ചമുതൽ കാത്തിരിക്കുകയാണെന്നും ഇതുവരെ ഒരു മനുഷ്യൻ പോലും ഇവിടെ വന്നില്ലെന്നും ആ അമ്മൂമ്മ പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത ഞാൻ അപ്പോൾ തന്നെ ആ വീട്ടിൽ നിന്നിറങ്ങി. ആദ്യം കണ്ട കടക്കാരന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു. 'ഞാൻ പറഞ്ഞില്ലേ സാറേ അവർക്ക് വേറെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്'- അയാൾ മറുപടി പറഞ്ഞു. പിന്നീടാണ് ഞാൻ ജോസഫിന്റെ പ്രശ്നങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞത്.

ജോസഫിന്റെ വീടിന് മുന്നിലായി ഒരു ബന്ധുവിന്റെ വീട് കൂടിയുണ്ട്. അവിടെ ഒരു മരണം നടന്നിരുന്നു. അതിന് ശേഷം ഒരു അടിപിടി കേസും അവിടെ നടന്നിരുന്നു. അന്നത്തെ അടിപിടിയിൽ പരുക്ക് പറ്റി ജോസഫ് ആശുപത്രിയിലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ആ കേസുമായി ബന്ധപ്പെട്ട് ജോസഫിന്റെ പേരിൽ ഒരു പോലീസ് കേസുമുണ്ടായി. ആ കാലത്ത് പോർട്ട് ട്രസ്റ്റിലായിരുന്നു ജോസഫിന്റെ ജോലി. എന്നാൽ ആ കേസുമായി ജോസഫിന് യാതൊരു ബന്ധവുമില്ലായിരുന്നു. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഇരു വീട്ടുകാരും ഉൾപ്പെടുകയും അടിപിടി കേസായി മാറുകയും ചെയ്തതാണ്.

സംഭവങ്ങളുടെ നിജസ്ഥിതി ബോധ്യമായതോടെ അദ്ദേഹത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ശ്രമം. അതിനായി കുറെ ആശുപത്രികൾ ഞാൻ കയറിയിറങ്ങി. ഒടുവിൽ ഞാൻ ജോസഫിനെ കണ്ടെത്തി.

അന്ന് കണ്ട ജോസഫിനെ ഞാൻ ഒരിക്കലും മറക്കില്ല. ഒരു ദേശീയ ഫുട്‌ബോളറാണ് എന്റെ മുൻപിലുള്ള ആ ആശുപത്രി കിടക്കയിൽ കിടക്കുന്നതെന്നത് എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. "ഇതാണ് സാഹചര്യം, എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. ഒരു ഫുട്‌ബോൾ കളിക്കാരൻ ആണെന്ന് പുറത്തു പറയാൻ കൂടി എനിക്ക് നാണക്കേടായിരിക്കുന്നു "ജോസഫ് പറഞ്ഞു.

ജോസഫിനോട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ആശുപത്രിയോ അന്നത്തെ അയാളുടെ സാഹചര്യമോ അതിന് യോജിക്കുന്നതല്ലായിരുന്നു. ഒരു ദിവസം കൂടി കാത്തിരുന്നാൽ നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൂടി കാഴ്ച നടത്താമെന്ന് ജോസഫ് എന്നോട് പറഞ്ഞു.

അടുത്ത ദിവസം രാവിലെ 11 മുതൽ ഒരു മണി വരെ ഞാൻ ഇന്ത്യൻ കോഫീ ഹൗസിൽ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ജോസഫ് വന്നില്ല. എന്നാൽ ജോസഫ് എന്ന വ്യക്തിയെ അവിടെ ഉപേക്ഷിച്ച് പോകാൻ ഞാൻ തയ്യാറല്ലായിരുന്നു. അടുത്ത ദിവസം വീണ്ടും ഞാൻ അദ്ദേഹത്തെ കണ്ടു. അന്ന് അദ്ദേഹം എനിക്ക് ഒരഭിമുഖം തന്നു. "പഴയ ഫുട്‍ബോളർമാരെ ആരും കണക്കിലെടുക്കാറില്ല. ഒരു മാച്ച് കാണാൻ പോയാൽ ഗ്രൗണ്ടിലെ ഓഫീസിന് മുന്നിൽ പോയി പാസ് കിട്ടാനായി കാത്തുനിൽക്കണം, അതായിരുന്നു എന്റെ അവസ്ഥ" അദ്ദേഹം വളരെ സങ്കടത്തോടെ എന്നോട് പറഞ്ഞു.

ജോസഫ് പഴയ ഒരു ഫുട്‌ബോൾ താരമാണെന്നത് ആർക്കുമറിയില്ലായിരുന്നു. ഒരു ആൾക്കൂട്ടവും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. 'മരിച്ചാൽ മതി' എന്ന് വരെ അദ്ദേഹം എന്നോട് പറഞ്ഞു. ഫുട്‌ബോൾ പരിശീലനങ്ങളെ മറന്ന, ഫുട്‌ബോൾ മത്സരങ്ങൾ കാണാത്ത, ജീവിതം തന്നെ മടുത്ത സാഹചര്യത്തിലായിരുന്നു ജോസഫ് അപ്പോൾ.

ഫുട്‌ബോൾ കരിയറിൽ ചൂണ്ടിക്കാണിക്കാനായി ഒരു ഗോഡ്ഫാദർ പോലും ജോസഫിന് ഉണ്ടായിരുന്നില്ല. ഫുട്‌ബോളിൽ ലെഫ്റ്റ് എക്സ്ട്രീം കളിച്ചിരുന്ന വ്യക്തിയായിരുന്നു ജോസഫ്. ഒരിക്കൽ മാത്രമാണ് അദ്ദേഹം റൈറ്റ് എക്സ്ട്രീം കളിച്ചത്, 1973ലെ സന്തോഷ് ട്രോഫി മത്സരത്തിൽ. അന്നത്തെ മത്സരത്തിൽ സൈമൺ സുന്ദർ രാജിന് നജുമുദീനെ ഇറക്കണമായിരുന്നു. അതുകൊണ്ട് റൈറ്റ് എക്സ്ട്രീമിലേയ്ക്ക് ജോസഫിന് മാറേണ്ടി വന്നു.

അവിടെയും മികച്ച പ്രകടനമാണ് ജോസഫ് കാഴ്ചവച്ചത്. മഹാരാഷ്ട്രയുമായുള്ള സെമി ഫൈനലിന്റെ ഫസ്റ്റ് ലെഗിൽ കേരളം 2-1 ന് ജയിച്ചു. മത്സരത്തിൽ ആദ്യത്തെ ഗോൾ വില്യംസിന് സെറ്റ് ചെയ്യുന്നത് ജോസഫാണ്. നജുമുദീന്റെ ക്രോസിൽ നിന്ന് രണ്ടാമത്തെ ഗോൾ അടിച്ചതും ജോസഫാണ്.

ശക്തരായ മഹാരാഷ്ട്രയെ സെമി ഫൈനലിൽ പരാജയപ്പെടുത്താനുള്ള പ്രധാന കാരണവും ടീമിലെ ജോസഫിന്റെ സാന്നിധ്യമാണ്. വാസ്തവത്തിൽ അന്നത്തെ മത്സരത്തിൽ ജോസഫ് ഗ്രൗണ്ടിലിറങ്ങാൻ സാധ്യത കുറവായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് അന്നദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞത്. ബ്ലാസ്സി ജോർജും മുഹമ്മദ് ബഷീറും പരുക്ക് കാരണം മത്സരത്തിനിറങ്ങിയില്ല. അതുകൊണ്ട് കൂടിയാണ് ജോസഫിന് ഊഴം ലഭിച്ചത്.

1973 വിജയത്തിന്റെ പിന്നിലെ പ്രധാന കാരണം ടീം സ്പിരിറ്റായിരുന്നു എന്നാണ് ജോസഫ് വ്യക്തമാക്കിയത്. 'പല ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും അന്ന് മണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു മത്സരം. മോശമായി കളിച്ചാൽ മണി ചീത്ത പറയും, നന്നായി കളിച്ചാൽ നമ്മളെ പുകഴ്ത്തും. എന്നാൽ അതൊന്നും ഒരിക്കലും വ്യക്തിപരമായിട്ടല്ലായിരുന്നു, എല്ലാം ടീമിന്റെ നേട്ടത്തിന് വേണ്ടി മാത്രമായിരുന്നു', ജോസഫ് പറഞ്ഞു.

എന്നാൽ ഫുട്‌ബോൾ ഒരിക്കലും ജോസഫിന് ഒരു പ്രധാന കായിക ഇനമായിരുന്നില്ല. ഫുട്‌ബോളർ ആകാൻ ശ്രമിച്ചിട്ടല്ല ഞാൻ ഒരു ഫുട്‌ബോളർ ആയതെന്നും ജോസഫ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വെല്ലിംഗ്ടൺ ഐലന്റിലായിരുന്നു താമസിച്ചിരുന്നത്. ജോസഫിന്റെ അച്ഛന് പോർട്ട് ട്രസ്റ്റിലായിരുന്നു ജോലി. വീട്ടിൽ അന്ന് 7 പേരുണ്ടായിരുന്നു. അച്ഛന്റെ മാത്രം വരുമാനത്തിൽ എല്ലാവർക്കും കൂടി കഴിഞ്ഞുപോകാൻ സാധിക്കുമായിരുന്നില്ല. അതിനാൽ എസ്എസ്എൽസി കഴിഞ്ഞപ്പോൾ എം ആർ ജോസഫ് പഠിത്തം നിർത്തി. ഫുട്‍ബോൾ കളിയ്ക്കാൻ അല്പം താല്പര്യം ഉണ്ടായിരുന്നതിനാൽ ഫോർട്ട് കൊച്ചിയിലുണ്ടായിരുന്ന സ്റ്റേറ്റ് ക്ലബിലാണ് എം ആർ തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിക്കുന്നത്.

1966ൽ സ്റ്റേറ്റ് ക്ലബ് ജോസഫിനെ തിരുവനന്തപുരത്തെ ഒരു ക്യാംപിലേയ്ക്ക് അയച്ചു. ആർ ബാലകൃഷ്ണനായിരുന്നു അന്ന് ക്യാംപിന്റെ ചാർജ്. അദ്ദേഹമാണ് ജോസഫിന്റെ കഴിവ് മനസിലാക്കി കെഎസ്ആർടിസിയിൽ ചേരാൻ ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ജോസഫ് കെഎസ്ആർടിസിയിൽ ചേർന്നത്. ഫുട്‌ബോളർ എന്ന നിലയ്ക്ക് ജീവിതത്തിൽ ഒരു തുടക്കം കുറിക്കാൻ സാധിച്ചത് കെഎസ്ആർടിസിയിലൂടെ ആയിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

ജോസഫിനെ അന്ന് പലപ്പോഴും കണ്ടുമുട്ടിയത് ആശുപത്രികളുടെയും വീടിന്റെയും മുറ്റത്ത് വച്ചായിരുന്നു. അത്രയും മോശമായ ഒരു വീട്ടിലാണ് ഇന്ത്യക്ക് വേണ്ടി കളിച്ച ഫുട്‍ബോൾ താരം ജീവിച്ചതെന്ന് ആർക്കും വിശ്വസിക്കാനാകില്ല

ആ കാലം തന്നെ കൊല്ലത്തുള്ള യുണൈറ്റഡ് മീറ്റർ കമ്പനിയ്ക്ക് വേണ്ടിയും ജോസഫ് ടൂർണമെന്റുകൾ കളിച്ചു. 1969ലാണ് കട്ടക്കിലെ ജൂനിയർ നാഷണൽസിലേയ്ക്ക് ജോസഫ് തിരഞ്ഞെടുക്കപ്പെടുന്നത്. ജോൺ ജെ ജോണായിരുന്നു അന്ന് ക്യാപ്റ്റൻ. ആർ ബാലകൃഷ്‌ണൻ തന്നെയായിരുന്നു പരിശീലകൻ. ഡഗ്ലസ് എന്നയാളായിരുന്നു അന്നത്തെ മാനേജർ. ആ മത്സരത്തിൽ കേരളം ജയിച്ചു. അങ്ങനെയാണ് എഫ്എസിടിയിലെ ജോലിക്ക് ജോസഫിന് അവസരം ലഭിക്കുന്നത്. ജൂനിയർ നാഷണൽസ് കഴിഞ്ഞ ഉടനെ അദ്ദേഹം എഫ്എസിടിയിൽ ജോലിക്ക് പ്രവേശിച്ചു. സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതിലും സന്തോഷമായിരുന്നു എഫ്എസിടിയ്ക്ക് വേണ്ടി കളിച്ചപ്പോൾ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

1973 ന് ശേഷം രണ്ട് സന്തോഷ് ട്രോഫി കൂടി ജോസഫ് കളിച്ചു. 1974ൽ ജലന്ധറിലും, 1975ൽ കോഴിക്കോടും. അദ്ദേഹത്തിന്റെ ഒപ്പം 1975ൽ കോഴിക്കോട് കളിച്ച സഹതാരങ്ങൾ പറഞ്ഞത്, അവർക്കറിയാവുന്ന ജോസഫ് ആയിരുന്നില്ല അന്നത്തെ മത്സരം കളിച്ചതെന്നാണ്. പ്രശ്നങ്ങൾ ഒരുപാടുണ്ടെങ്കിലും ഒന്നും തുറന്ന് പറയാത്ത പ്രകൃതക്കാരനായിരുന്നു ജോസഫെന്നാണ് സഹതാരങ്ങൾ പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം കളിച്ച സഹതാരങ്ങൾ വ്യക്തമാക്കിയിരുന്നു. ജോസഫിന്റേതായ ചില ഗംഭീര നീക്കങ്ങളുണ്ട്, ഇതൊന്നും അന്നത്തെ കളിയിൽ കണ്ടില്ലെന്നാണ് സഹതാരങ്ങൾ പറഞ്ഞത്.

ജോസഫിനെ അന്ന് പലപ്പോഴും കണ്ടുമുട്ടിയത് ആശുപത്രികളുടെയും വീടിന്റെയും മുറ്റത്ത് വച്ചായിരുന്നു. അത്രയും മോശമായ ഒരു വീട്ടിലാണ് ഇന്ത്യക്ക് വേണ്ടി കളിച്ച ഫുട്‍ബോൾ താരം ജീവിച്ചതെന്ന് ആർക്കും വിശ്വസിക്കാനാകില്ല.

അദ്ദേഹം എന്നോട് പറഞ്ഞ ചില വാക്കുകളുണ്ട്, "സന്തോഷ് ട്രോഫിയിലൊക്കെയുള്ള സമയത്ത് മിക്കപ്പോഴും വീട്ടിൽ നിന്ന് എഴുത്തുകൾ വരും. മറ്റുള്ളവർക്ക് വീട്ടിൽ നിന്ന് കത്തുകൾ വരുന്നത് ആശ്വാസമായിരുന്നു എങ്കിൽ എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാനസിക പ്രശ്നമായിരുന്നു എന്റെ വീട്ടിൽ നിന്നുള്ള എഴുത്തുകൾ. കാരണം വീട്ടിൽ നടക്കുന്ന വഴക്കുകളും പ്രശ്നങ്ങളുമായിരുന്നു അന്നത്തെ കത്തുകളുടെ ഉള്ളടക്കം".

പിന്നീട് 1975ൽ പട്യാലയിൽ നടന്ന ഇന്ത്യൻ ക്യാംപിലേയ്ക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. പക്ഷേ ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ ജോസഫിന് സാധിക്കാതെ പോയി. അന്ന് അസുഖ ബാധിതനായതിനെ തുടർന്ന് കുറച്ച് കാലം ജോസഫിന് ക്യാംപിൽ നിന്ന് വിട്ടുനിൽക്കേണ്ടതായി വന്നു. അതുകൊണ്ടാണ് ടീമിൽ നിന്ന് പുറത്തായതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

വാസ്തവത്തിൽ ജീവിതത്തിൽ തോറ്റയാളാണ് എം ആർ ജോസഫ് എന്ന മനുഷ്യൻ. ജീവിതത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും സന്തോഷം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഫുട്‌ബോളിൽ കൂടി മാത്രമായിരുന്നു

ശേഷം 1978ലാണ് ജോസഫ് പോർട്ട് ഹൗസിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1980 മുതൽ ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു താൻ എന്നാണ് ജോസഫ് എന്നോട് പറഞ്ഞത്. കളി കാണാനോ, പരിശീലനത്തിനോ പോകാറില്ലെന്നും ഇടയ്ക്ക് ഐ എം വിജയന്റെ കളി മാത്രം ടെലിവിഷനിൽ വന്നാൽ കാണുമായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.

ലെഫ്റ്റ് എക്സ്ട്രീം ആയി കളിക്കുന്ന ഒരു കളിക്കാരന് എന്താണ് വേണ്ടതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഫാസ്‌റ്റ് ആയിട്ട് ഓടണം, പന്ത് എപ്പോഴാണ് പാസ് കിട്ടുന്നത് എന്ന് നോക്കി കൃത്യമായി ട്രാപ്പ് ചെയ്യണം, പെട്ടെന്ന് ഷൂട്ട് ചെയ്യാൻ സാധിക്കണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടികൾ. ഒരു താരത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ വേണ്ടത് സ്റ്റാമിനയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

"ജീവിതത്തിലേക്ക് തിരികെ നോക്കുമ്പോൾ ആകെയുള്ള ആശ്വാസം എന്ന് പറയുന്നത് ഗ്രൗണ്ടിലേയ്ക്ക് ഇറങ്ങുമ്പോൾ വിസിൽ അടിച്ച് കളി ആരംഭിക്കുന്നതാണ്. എന്നാൽ വിസിൽ അടിച്ച് കളി നിർത്തുമ്പോൾ ജീവിതം വീണ്ടും ദുസ്സഹമായതായി മാറും"- അദ്ദേഹം പറഞ്ഞു. ഫുട്‌ബോൾ മത്സരത്തിന്റെ 90 മിനിറ്റ് സമയം മാത്രമായിരുന്നു ജോസഫിന്റെ ജീവിതത്തിലെ ഏക ആശ്വാസം.

വാസ്തവത്തിൽ ജീവിതത്തിൽ തോറ്റയാളാണ് എം ആർ ജോസഫ് എന്ന മനുഷ്യൻ. ജീവിതത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും സന്തോഷം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഫുട്‌ബോളിൽ കൂടി മാത്രമായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ