ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെതിരേ രണ്ടു ഗോള്‍ ലീഡ് വഴങ്ങിയ ശേഷം നാലു ഗോള്‍ തിരിച്ചടിച്ചായിരുന്നു സിറ്റിയും തകര്‍പ്പന്‍ ജയം.
രണ്ടു ഗോള്‍ നേടുകയും ഒന്നിന് അസിസ്റ്റ് നല്‍കുകയും മറ്റൊരു ഗോളിനു തുടക്കമിടുകയും ചെയ്ത അള്‍ജീരിയന്‍ താരം റിയാദ് മഹ്‌റെസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ആതിഥേയര്‍ക്കു തുണയായത്. അര്‍ജന്റീന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് എന്നിവരാണ് സിറ്റിയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ടോട്ടനത്തിനായി ദെജാന്‍ കുളുസെവ്‌സ്‌കി എമേഴ്‌സണ്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാനിറങ്ങിയ സിറ്റിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യപകുതിയില്‍ ടോട്ടനം പുറത്തെടുത്തത്. ആതിഥേയരെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ സന്ദര്‍ശകര്‍ ആദ്യ പകുതി അവസാനിക്കും മുമ്പേ രണ്ടു ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു.
44-ാം മിനിറ്റില്‍ കുളുസെവ്‌സ്‌കിയാണ് ആദ്യ വെടിപൊട്ടിച്ചത്. സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പന്ത് കൈപ്പിടിയിലൊതുക്കാന്‍ എഡേഴ്‌സണ്‍ പരാജയപ്പെട്ടപ്പോള്‍ തക്കംപാര്‍ത്തു നിന്ന കുളുസെവ്‌സ്‌കി പിഴവില്ലാതെ സ്‌കോര്‍ ചെയ്തു.
ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ടോട്ടനം വീണ്ടും ഞെട്ടിച്ചു. ഇക്കുറിയും എഡേഴ്‌സന്റെ പിഴവാണ് സിറ്റിക്ക് വിനയായത്. ടോട്ടനം നായകന്‍ ഹാരി കെയ്ന്‍ തൊടുത്ത ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ എഡേഴ്‌സണായില്ല. ഗോള്‍കീപ്പറുടെ കൈയ്യില്‍ തട്ടിത്തെറിച്ച പന്തു വന്നുവീണത് എമേഴ്‌സന്റെ കാല്‍ക്കല്‍. സമയം പാഴാക്കാതെ താരം അതു വലയിലാക്കുകയും ചെയ്തു. സ്‌കോര്‍ 2-0.
രണ്ടു ഗോള്‍ വഴങ്ങി ഇടവേളയ്ക്കു പിരിഞ്ഞ സിറ്റിയുടെ ഗംഭീര തിരിച്ചുവരവിനാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. കളി പുനരാരംഭിച്ച് അധികം വൈകും മുമ്പേ അവര്‍ തിരിച്ചടി തുടങ്ങി. 51-ാം മിനിറ്റില്‍ അല്‍വാരസാണ് ആദ്യ ഗോള്‍ നേടിയത്.
മഹ്‌റെസ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്തു വീണുകിട്ടിയ അല്‍വാരസ് ക്ലോസ് റേഞ്ചില്‍ നിന്നു സ്‌കോര്‍ ചെയ്യുകയായിരുന്നു. രണ്ടു മിനിറ്റിനു ശേഷം ഹാലണ്ടിലൂടെ അവര്‍ ഒപ്പമെത്തുകയും ചെയ്തു. മഹ്‌റെസ് നല്‍കിയ പാസില്‍ നിന്നായിരുന്നു നോര്‍വീജിയന്‍ താരത്തിന്റെ ഗോള്‍.
പിന്നീട് മഹ്‌റെസിന്റെ ഊഴമായിരുന്നു. 63-ാം മിനിറ്റില്‍ റോഡ്രിയുടെ പാസില്‍ നിന്നു ടീമിന് ലീഡ് സമ്മാനിച്ച അള്‍ജീരിയന്‍ താരം 90-ാം മിനിറ്റില്‍ ടീമിന്റെ നാലാം ഗോളും നേടി വിജയം ഉറപ്പാക്കി. ന്ഥത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാനും സിറ്റിക്കായി. 18 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാമത് തുടരുമ്പോള്‍ 19 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായി സിറ്റി രണ്ടാമതും 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്ഡ് മൂന്നാമതുമാണ്.