FOOTBALL

യുണൈറ്റഡിന് 'അപ്രതീക്ഷിതമല്ലാത്ത' നിരാശക്കാലം; ചാമ്പ്യന്‍സ് ലീഗില്‍ 'ആശ്വാസമില്ലാതെ' മടക്കം

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇംഗ്ലീഷ് ക്ലബ്ബ് ഗ്രൂപ്പ് ഘട്ടത്തില്‍ 15 ഗോളുകള്‍ വഴങ്ങിയെന്ന മോശം റെക്കോഡുമായാണ് യുണൈറ്റഡ് കളം വിട്ടത്

വെബ് ഡെസ്ക്

ബയേണ്‍ മ്യൂണിക്കിനോടേറ്റ ഏകഗോള്‍ പരാജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതനം പൂർത്തിയായി. ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മുന്‍ ചാമ്പ്യന്മാർക്ക് നേടാനായത് ഒരു ജയം മാത്രമാണ്.

ബയേണിനോട് സെപ്തംബറില്‍ തോറ്റാണ് യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് തുടക്കമിട്ടത്. ടീമിന് അപ്രതീക്ഷിത തിരിച്ചടിയായത് ഒക്ടോബറില്‍ ഗലാത്‌സരയോടും നവംബറില്‍ എഫ്‌സി കോപ്പന്‍ഹേഗനോടുമേറ്റ തോല്‍വികളായിരുന്നു.

ആറ് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ വഴങ്ങിയ ടീം നോക്കൗട്ട് അർഹിക്കുന്നില്ലെന്ന് തന്നെ പറയാം. അതിശക്തരല്ലാത്ത ഗലാത്‌സരയും കോപ്പന്‍ഹേഗനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് യുണൈറ്റഡിന് കരകയറാനാകാതെ പോയത്.

യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തരായ റയല്‍ മാഡ്രിഡിന്റേയും ബയേണ്‍ മ്യൂണിക്കിന്റേയും ചാമ്പ്യന്‍സ് ലീഗിലെ സ്ഥിരത യുണൈറ്റഡിന്റെ പ്രകടനവുമായി ചേർത്തുവായിച്ചുനോക്കാം. 2008-09 മുതല്‍ ബയേണ്‍ നോക്കൗട്ട് കാണാതെ പോയിട്ടില്ല. റയലാകട്ടെ 1997-98 മുതല്‍ നോക്കൗട്ടിലെ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് സീസണുകളില്‍ നാല് തവണയാണ് നോക്കൗട്ട് കാണാതെ ഓള്‍ഡ് ട്രാഫോർഡിലേക്ക് മടങ്ങിയത്.

ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായതോടെ യൂറോപ്പ ലീഗും യുണൈറ്റഡിന് നഷ്ടമായി. കനത്ത തിരിച്ചടിക്കിടയിലെ ചില പോസിറ്റീവ് വശങ്ങള്‍ കണ്ടെത്താന്‍ ടീം മാനേജർ എറിക് ടെന്‍ ഹാഗിനായിട്ടുണ്ട്.

വിജയം അനിവാര്യമായിരുന്നു ബയേണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓണ്‍ ടാർഗറ്റിലേക്ക് യുണൈറ്റഡ് മുന്‍നിരയ്ക്ക് തൊടുക്കാനായത് കേവലം ഒരുഷോട്ട് മാത്രമായിരുന്നു

"ഇനിയും നിർണായക പോരാട്ടങ്ങള്‍ ബാക്കിയുണ്ട്, പ്രീമിയർ ലീഗിലാണ് തീർച്ചയായും ശ്രദ്ധ. ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളുറപ്പിച്ച് ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. പിന്നെ അവശേഷിക്കുന്നത് എഫ് എ കപ്പാണ്. മുന്നോട്ട് സഞ്ചരിക്കാന്‍ ഇനിയും ദൂരമുണ്ട്. ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങളും, ഒരു മാനേജറെന്ന നിലയില്‍ ഞാനും നിരാശനാണ്. മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതായിരുന്നു,'' എറിക് വ്യക്തമാക്കി.

''കളിയുടെ ഗതി നിർണയിക്കാന്‍ കഴിയുന്ന സുപ്രധാന താരങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമാകുകയാണ്. പല മത്സരങ്ങളിലും താരങ്ങളുടെ അഭാവമായിരുന്നു തിരിച്ചടിയായത്. ടീമിനാവശ്യമായ താരങ്ങളെ കളത്തിലിറക്കാനാകുന്നില്ല. ഇതൊരു ന്യായീകരണമായി പറയുകയല്ല,'' എറിക് കൂട്ടിച്ചേർത്തു.

വിജയം അനിവാര്യമായിരുന്നു ബയേണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓണ്‍ ടാർഗറ്റിലേക്ക് യുണൈറ്റഡ് മുന്‍നിരയ്ക്ക് തൊടുക്കാനായത് കേവലം ഒരു ഷോട്ട് മാത്രമായിരുന്നു. ലഭിച്ച സുവർണാവസരം നായകന്‍ ബ്രൂണൊ ഫെർണാണ്ടസ് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പായിക്കുകയും ചെയ്തു.

പ്രതാപം നഷ്ടപ്പെട്ട യുണൈറ്റഡിനെതിരെ ടീമുകള്‍ റെക്കോഡുകള്‍ കുറിക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഇത്തവണ ചാമ്പ്യന്‍‌സ് ലീഗിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ്ബ് ഗ്രൂപ്പ് ഘട്ടത്തില്‍ 15 ഗോളുകള്‍ വഴങ്ങുന്നത്. സീസണില്‍ 12 മത്സരങ്ങളാണ് യുണൈറ്റഡ് പരാജയപ്പെട്ടത്, ജയിച്ചതാകട്ടെ 11 മത്സരങ്ങളും.

ലീഗില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് യുണൈറ്റഡിന് നേടാനായത്. അടുത്ത മത്സരം ലീഗ് തലപ്പത്തുള്ള ലിവർപൂളിനെതിരെയും. കഴിഞ്ഞ സീസണില്‍ ആന്‍ഫീല്‍ഡില്‍ 7-0നായിരുന്നു ടെന്‍ ഹാഗും സംഘവും തോല്‍വി വഴങ്ങിയത്. ഹാരി മഗ്വയർ, ലൂക്ക് ഷൊ എന്നിവർക്ക് ബയേണിനെതിരെ പരുക്കേറ്റ സാഹചര്യത്തിലുമാണ് ലിവർപൂള്‍ പരീക്ഷയ്ക്ക് യുണൈറ്റഡ് ഒരുങ്ങുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം