ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് തിരിച്ചുവരവ് നടത്താനായില്ല. സ്വന്തം മണ്ണില്‍ കാഴ്ചവച്ച പ്രകടനത്തിനു പുറമേ ജര്‍മനിയില്‍ ചെന്നും മികച്ച ഫുട്‌ബോള്‍ കാഴ്ചവച്ച മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ മൂന്നാം തവണയും സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.
ഇന്നലെ നടന്ന രണ്ടാംപാദ സെമി പോരാട്ടത്തില്‍ ബയേണിനെ അവരുടെ തട്ടകത്തില്‍ 1-1 സമനിലയില്‍ തളച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് അവസാന നാലില്‍ ഇടംപിടിച്ചത്. നേരത്തെ ആദ്യപാദ മത്സരത്തില്‍ അവര്‍ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ ജയം നേടിയിരുന്നു.
ഇതോടെ രണ്ടാം പാദത്തില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ എന്ന തരത്തില്‍ കളത്തിലിറങ്ങിയ ബയേണിന് പക്ഷേ കാര്യങ്ങള്‍ വരുതിയിലായില്ല. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ തിരിച്ചടിയായതോടെ അവര്‍ക്ക് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഇന്നലെ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് രണ്ടു ടീമുകളും സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എര്‍ലിങ് ഹാലണ്ടിലൂടെ സിറ്റിയാണ് ആതിഥേയരെ ഞെട്ടിച്ചു ലീഡ് നേടിയത്. നേരത്തെ ആദ്യപകുതിയില്‍ ലഭിച്ച പെനാല്‍റ്റി തുലച്ചതിനുള്ള പ്രായശ്ചിത്തം കൂടിയായി ഹാലണ്ടിന് ഈ ഗോള്‍.
മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയ്‌നെ നല്‍കിയ പാസില്‍ നിന്നായിരുന്നു ഹാലണ്ടിന്റെ ഗോള്‍. സീസണില്‍ സിറ്റിക്കു വേണ്ടി നോര്‍വീജിയന്‍ താരം നേടുന്ന 48-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ഈ ഗോള്‍ നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രീമിയര്‍ ലീഗ് താരമെന്ന റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെ റെക്കോഡിന് ഒപ്പമെത്താനും ഹാലണ്ടിനായി. 12 ഗോളുകളാണ് ഇരുവരും ഒരു സീസണില്‍ നേടിയത്. സെമിയില്‍ നിസ്റ്റല്‍ റൂയിയെ പിന്തള്ളി റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ഹാലണ്ടിന് അവസരമുണ്ട്.
ലീഡ് വഴങ്ങിയതോടെ അഞ്ചു ഗോള്‍ തിരിച്ചടിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന സ്ഥിതിയില്‍ പരാജയം സമ്മതിച്ച പോലെയായിരുന്നു പിന്നീട് ബയേണിന്റെ കളി. ഒടുവില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഏഴു മിനിറ്റ് ബാക്കിനില്‍ക്കെ 83-ാം മിനിറ്റില്‍ ബയേണ്‍ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റിയില്‍ നിന്ന് ജോഷ്വാ കിമ്മിഷാണ് സ്‌കോര്‍ ചെയ്തത്.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ് സിറ്റിയുെട എതിരാളികള്‍. കഴിഞ്ഞ സീസണിലും ഇരുകൂട്ടരും തമ്മിലായിരുന്നു സെമി പോരാട്ടം. അന്ന് ആദ്യ പാദത്തില്‍ സ്വന്തം മണ്ണില്‍ 4-3ന്റെ ജയം നേടിയ സിറ്റിയെ രണ്ടാം പാദത്തില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ 3-1ന് തകര്‍ത്ത് റയല്‍ ഫൈനലിലേക്കും പിന്നീട് കിരീടജയത്തിലേക്കും കുതിച്ചു.
അന്നത്തെ തോല്‍വിക്ക് പകരം വീട്ടാനാണ് ഇക്കുറി പെപ്പ് ഗ്വാര്‍ഡിയോളയും സംഘവും ശ്രമിക്കുന്നത്. മേയ് ഒമ്പതിന് രാത്രി റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് ആദ്യപാദ മത്സരം. രണ്ടാം പാദം സിറ്റിയുടെ ഹോം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മേയ് 17-ന് അരങ്ങേറും.