FOOTBALL

ജയിച്ച് യുണൈറ്റഡ്, ലിവർപൂളിനും ആഴ്‌സണലിനും തോൽവി

വെബ് ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന 22ാം റൗണ്ട് മത്സരങ്ങൾ സംഭവബഹുലം. ആഴ്‌സണൽ, ലിവർപൂൾ എന്നിവർക്ക് തോൽവി പിണഞ്ഞപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം പിടിച്ചെടുത്തു. ജയത്തിനിടയിലും ബ്രസീലിയൻ താരം കാസെമിറോക്ക് ലഭിച്ച ചുവപ്പ് കാർഡ് വരും മത്സരങ്ങളിൽ യുണൈറ്റഡിന് തലവേദനയാകും.

ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിനെതിരെ യുണൈറ്റഡിന്റെ ജയം. ഒന്നാംപകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഗോളുകൾ അടിച്ചുകൂട്ടുന്ന മാർക്കസ് റാഷ്ഫോർഡ് ലക്ഷ്യംകണ്ടതോടെ 62ാം മിനുറ്റിൽ യുണൈറ്റഡ് മത്സരം കൈപിടിയിലൊതുക്കിയതാണ്. എട്ട് മിനിറ്റുകൾക്ക് ശേഷം പാലസ് താരം വിൽ ഹ്യൂസിനെ കഴുത്തിൽ പിടിച്ചതിനെ തുടർന്ന് കാസെമിറോ ചുവപ്പ് കാർഡ് കണ്ടതോടെ അതിഥികൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. യുണൈറ്റഡ് താരം ആന്റണിയും പാലസിന്റെ ജെഫ്രി ഷ്ലപ്പ് തുടങ്ങി വച്ച സംഘർഷമാണ് കാസെമിറോയുടെ ചുവപ്പിൽ കലാശിച്ചത്. പത്തുപേരുമായി കളിച്ച യുണൈറ്റഡ് പകുതിയിൽ പാലസ് താരങ്ങൾ നിരന്തരം പന്തെത്തിച്ചു. ഒടുവിൽ 76ാം മിനുറ്റിൽ ഷ്ലപ്പ് തന്നെ പാലസിനായി ഗോൾ മടക്കി. സമനിലയ്ക്കായി വീണ്ടും പാലസ് ശ്രമിച്ചെങ്കിലും പ്രത്യാക്രമണങ്ങൾ ഒരുക്കിയും പ്രതിരോധത്തിൽ കൂടുതൽ താരങ്ങളെ വിന്യസിച്ചും അതെല്ലാം യുണൈറ്റഡ് തടഞ്ഞു.

ഒന്നാംസ്ഥാനക്കാരെ വീഴ്ത്തി എവർട്ടൺ

പരിശീലകനായി സീൻ ഡൈചെയുടെ അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ച് എവർട്ടൺ. ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്നതിന്റെ മേനിയിൽ പട്ടികയിൽ താഴെയുള്ള എവർട്ടണുമായി മത്സരിക്കാനെത്തിയ ആഴ്‌സണലിന്‌ മുന്നിൽ ഗുഡിസൺ പാർക്ക് ഒരിക്കൽക്കൂടി തോൽവി ഏറ്റുവാങ്ങാനുള്ള ഇടമായി. അവസാനം കളിച്ച അഞ്ചിൽ ഒന്നിൽ പോലും എവർട്ടണിന്റെ ഗ്രൗണ്ടിൽ ജയിക്കാൻ പീരങ്കികൾക്കായിട്ടില്ല. ഇന്ന് നടന്ന മത്സരത്തിൽ പ്രതിരോധ നിര താരം ജെയിംസ് തർകോവ്സ്കി നേടിയ ഗോളിലാണ് എവർട്ടൺ വിജയമുറപ്പിച്ചത്. ലീഗിൽ സീസണിലെ ആഴ്‌സണലിന്റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്.

മോശം ഫോം തുടർന്ന് ലിവർപൂൾ

പ്രീമിയർ ലീഗിൽ അവസാനം കളിച്ച അഞ്ചിൽ ഒരു ജയം മാത്രമാണ് ലിവർപൂളിന് നേടാനായത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് ഇന്നത്തെ ലിവർപൂളിന്റെ തോൽവി. വോൾവർഹാംപ്ടണിനായി ജോയൽ മാറ്റിപ്, ക്രെയ്ഗ് ഡോസൺ, റൂബൻ നെവസ് എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്. 20 മത്സരം പൂർത്തിയാക്കിയ ലിവർപൂൾ 29 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ്. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ചെൽസി ഫുൾഹാമിനോട് ഗോൾ രഹിത സമനില വഴങ്ങി. ബ്രൈറ്റൺ ബോൺമൗത്തിനെ ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ, ബ്രെന്റ്‌ഫോർഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സതാംപ്ടണെ വീഴ്ത്തി. ലെസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മറികടന്നു.

20 കളികളിൽ നിന്ന് 50 പോയിന്റുമായി ആഴ്‌സണലാണ് ലീഗിൽ ഒന്നാമത്. അത്രയും മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും, 21 മത്സരങ്ങൾ പൂർത്തിയാക്കിയ യുണൈറ്റഡ് 42 പോയിന്റുമായി മൂന്നാമതുമാണ്. 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് നേടിയ ന്യൂകാസിൽ നാലാം സ്ഥാനത്തുമുണ്ട്. നാളെ നടക്കുന്ന മത്സരങ്ങളിൽ ലീഡ്സ് യുണൈറ്റഡ് നോട്ടിങ്ഹാമിനെയും മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനെയും നേരിടും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും