ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനാകാൻ മനോലൊ മാർക്വേസ്. നിലവില്‍ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ്ബ് എഫ്‌സി ഗോവയുടെ പരിശീലകനാണ് മനോലൊ. ഒരു വർഷം കൂടി ഗോവൻ പരിശീലകനായും തുടരും. ശേഷമായിരിക്കും മുഴുവൻ സമയ പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പം ചേരുക. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.
"ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള നിരവധി താരങ്ങളെ പരിശീലിപ്പിച്ച പരിചയം മനോലോയ്ക്കുണ്ട്. യുവതാരങ്ങളെ കൂടുതല്‍ മികവിലേക്ക് ഉയർത്താൻ മനോലൊയ്ക്ക് സാധിക്കും. ഐഎസ്എല്ലില്‍ ഇന്ത്യൻ താരങ്ങള്‍ക്കൊപ്പം രാപകല്‍ പരിശീലിപ്പിച്ച വ്യക്തിയാണ് മനോലൊ. യുവതാരങ്ങള്‍ക്ക് മനോലൊയോട് ബഹുമാനമുണ്ട്," എഐഎഫ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് സ്വദേശിയായ മനോലൊയുടെ ആദ്യത്തെ അന്താരാഷ്ട്ര ദൗത്യം കൂടിയാണിത്. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ ലാസ് പാല്‍മസിനൊപ്പം മനോലൊ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവയെ മൂന്നാം സ്ഥാനത്തെത്തിക്കാൻ മനോലോയ്ക്ക് കഴിഞ്ഞിരുന്നു. ഐഎസ്എല്ലിലെ മികച്ച പരിശീലകന്മാരിലൊരാളായാണ് മനോലോയെ പരിഗണിക്കുന്നത്. ഗോവയ്ക്ക് മുൻ ഹൈദരാബാദ് എഫ്‌സിയേയും മനോലോ പരിശീലിപ്പിച്ചിരുന്നു.