ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മമുന്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ ശനിദശ തുടരുന്നു. പരിശീലകനെ മാറ്റി പഴയ ഇതിഹാസ താരവും മുന്‍ പരിശീലകനുമായിരുന്നു ഫ്രാങ്ക് ലാംപാര്‍ഡിനെ തിരികെക്കൊണ്ടു വന്നിട്ടും സീസണിലെ മോശം ഫോമില്‍ നിന്ന് കരകയറാന്‍ അവര്‍ക്കാകുന്നില്ല.
ഇന്നലെ ബ്രെന്റ്‌ഫോര്‍ഡിനോടു രണ്ടു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെ ലാംപാര്‍ഡ് എത്തിയ ശേഷം കളിച്ച തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അവര്‍ പരാജയപ്പെട്ടു. ടീം ജയം കണ്ടിട്ട് ഇതോടെ തുടര്‍ച്ചയായ എട്ടു മത്സരങ്ങളും പിന്നിട്ടു.
ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലായി വഴങ്ങിയ രണ്ടു ഗോളുകളാണ് ചെല്‍സിയുടെ വിധിയെഴുതിയത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ ചെല്‍സി നായകന്‍ സെസാര്‍ അസ്പിലിക്യൂട്ട വഴങ്ങിയ സെല്‍ഫ് ഗോളാണ് ബ്രെന്റ്‌ഫോര്‍ഡിന് ആദ്യ ലീഡ് സമ്മാനിച്ചത്.
ബ്രെന്റ്‌ഫോര്‍ഡിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. സാന്‍കയെടുത്ത കിക്കിന് ബ്രെന്റ്‌ഫോര്‍ഡ് താരം യെന്‍സന്‍ തലവച്ചെങ്കിലും പന്ത് പുറത്തേക്കായിരുന്നു. എന്നാല്‍ പന്തിന്റെ ഗതിക്കു കുറുകെ വന്ന അസ്പിലിക്യൂട്ടയുടെ ശരീരത്തില്‍ തട്ടി സ്വന്തം വലയില്‍ക്കയറുകയായിരുന്നു.
ഈ ഗോള്‍ ലീഡ് നിലനിര്‍ത്തി ബ്രെന്റ്‌ഫോര്‍ഡ് ഇടവേളയ്ക്കു പിരിഞ്ഞു. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കാന്‍ ചെല്‍സി കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. 56-ാം മിനിറ്റിലും 58-ാം മിനിറ്റിലും ലഭിച്ച സുവര്‍ണാവസരങ്ങള്‍ അവര്‍ തുലയ്ക്കുകയായിരുന്നു.
പിന്നീട് ബ്രെന്റ്‌ഫോര്‍ഡ് പ്രതിരോധം ശക്തിയാക്കിയതോടെ ചെല്‍സിയുടെ നില കൂടുതല്‍ പരുങ്ങലിലാകുകയും ചെയ്തു. 78-ാം മിനിറ്റില്‍ ബ്രെന്റ്‌ഫോര്‍ഡ് വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറി ബ്രയാന്‍ എംബ്യൂമോയാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോളും വഴങ്ങിയതോടെ പരാജയം സമ്മതിച്ച ചെല്‍സി പിന്നീട് അധികം ശ്രമങ്ങളൊന്നും നടത്തിയില്ല.
ഈ തോല്‍വിയോടെ 32 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെല്‍സി. ബ്രെന്റ്‌ഫോര്‍ഡാകട്ടെ 33 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി ഫുള്‍ഹാമിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്കു കയറുകയും ചെയ്തു.