അമേരിക്കന്‍ ലീഗ് കപ്പില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി സെമിഫൈനലില്‍ പ്രവേശിച്ചത് ഇന്നലെ പുലര്‍ച്ചെയാണ്. ഫ്‌ളോറിഡയിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം. ഇതിഹാസ താരം ലയണല്‍ മെസി ടീമില്‍ എത്തിയ ശേഷം മയാമിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഇന്നലെ ഒരു ഗോള്‍ നേടിയ ടീമിന്റെ ജയത്തില്‍ മികച്ച സംഭാവന നല്‍കാനും മെസിക്കായിരുന്നു.മത്സരത്തിനു മുമ്പ് ടീമുടമ ഡേവിഡ് ബെക്കാമിന്റെ മകള്‍ ഹാര്‍പ്പറുടെ കൈ പിടിച്ചാണ് മെസി മൈതാനത്തേക്ക് എത്തിയത്.
ബെക്കാമിന്റെ ഇളയ മകളുടെ കൈപിടിച്ച് മെസി മൈതാനത്തേക്ക് വരുന്നത് കണ്ട് ആരാധകര്‍ അമ്പരന്നു. എന്നാല്‍ മെസ്സിക്കൊപ്പം കറുത്ത ടീഷര്‍ട്ടുമണിഞ്ഞ് ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലേക്ക് കടന്നു വന്ന ആ പന്ത്രണ്ടുകാരിയുടെ മുഖത്ത് സ്വപ്‌നസാക്ഷാത്കാരത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അത് മൈതാനത്തിരുന്ന കാണികളെയും ആവേശത്തിലാഴ്ത്തി. മെസിക്കൊപ്പം മൈതാനം പങ്കിടുന്ന മകള്‍ ഹാര്‍പ്പറിന്റെ ചിത്രം ഡേവിഡ് ബെക്കാം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'മയാമിയിലെയും അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ജനങ്ങളെയും സന്തോഷിപ്പിക്കുന്ന ലയണല്‍ മെസി, എന്റെ സുന്ദരിയായ മകള്‍. ലോകത്തിലെ ഏറ്റവും സുന്ദരമായ പുഞ്ചിരി' ബെക്കാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഷാര്‍ലെറ്റ് എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകളുടെ ജയത്തോടെ മെസിയും സംഘവും സെമിയിലേക്ക് കുതിച്ചു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസിയുടെ കാലില്‍ നിന്ന് ഗോള്‍ പിറന്നു. 86ാം മിനിറ്റിലാണ് മെസി ലക്ഷ്യം കണ്ടത്. ഗോളടിക്ക് ശേഷം ഇത്തവണ സ്‌പൈഡര്‍മാന്‍ സെലിബ്രേഷനാണ് മെസി പുറത്തെടുത്തത്. അമേരിക്കയില്‍ എത്തിയതിന് ശേഷമുള്ള മെസിയുടെ എട്ടാമത്തെ ഗോളാണ് ഇത്.
മെസിയുടെ അമേരിക്കയിലെ ഗംഭീര മുന്നേറ്റം കാണാന്‍ ഇത്തവണ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ഉണ്ടായിരുന്നു. ഇന്റര്‍ മയാമിയില്‍ ചേക്കേറിയതിന് ശേഷം മെസി വളരെ സന്തോഷവാനാണെന്നാണ് ആരാധകരുടെ അഭിപ്രായം. അര്‍ജന്റീന കോച്ചും അത് ശരിവയ്ക്കുകയാണ്. മെസി മയാമിയില്‍ അതീവ സന്തോഷവാനാണെന്നും അതിനാല്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും സ്‌കലോണി പറഞ്ഞു. തന്റെ പ്രിയ താരത്തിന്റെ മത്സരം കാണാന്‍ സ്‌കലോണി കുടുംബത്തോടൊപ്പമാണ് എത്തിയത്. മത്സരത്തിന് മുന്‍പ് സ്‌കലോണിയും ബെക്കാമും തോളോട്‌തോള്‍ ചേര്‍ന്നു നിന്ന് ഫോട്ടോയും എടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്മില്‍ പകയോടെ ഏറ്റുമുട്ടിയവരുടെ സൗഹൃദം പുതുക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.