FOOTBALL

കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; ഓസ്‌ട്രേലിയയെ തുരത്തിയത് രണ്ടു ഗോളിന്

നായകന്‍ ലയണല്‍ മെസിയും പ്രതിരോധ താരം ഹെര്‍മന്‍ അലക്‌സോ പെസല്ലെയുമാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്.

വെബ് ഡെസ്ക്

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ കുതിപ്പ് തുടര്‍ന്ന് ലയണല്‍ മെസിയും അര്‍ജന്റീനയും. ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ ശേഷം ആദ്യമായി ഏഷ്യന്‍ മണ്ണില്‍ സൗഹൃദ മത്സരത്തിനെത്തിയ അര്‍ജന്റീന ഇന്ന് ഓസ്‌ട്രേലിയയെയാണ് തുരത്തിയത്. ചൈന തലസ്ഥാനമായ ബീജിങ്ങിലെ വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലോകചാമ്പ്യന്മാരുടെ ജയം. നായകന്‍ ലയണല്‍ മെസിയും പ്രതിരോധ താരം ഹെര്‍മന്‍ അലക്‌സോ പെസല്ലെയുമാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് ലോക ചാമ്പ്യന്മാര്‍ തുടങ്ങിയത്. ഓസ്‌ട്രേലിയന്‍ പ്രതിരോധനിരയുടെ അലസത മുതലെടുത്ത് പന്ത് റാഞ്ചിയ എന്‍സോ ഫെര്‍ണാണ്ടസ് പന്ത് ബോക്‌സിനു മുന്നില്‍ നിന്ന മെസിക്കു മറിച്ചു നല്‍കുകയായിരുന്നു. പാസ് സ്വീകരിച്ച ഇതിഹാസ താരം രണ്ട് ഓസ്‌ട്രേലിയന്‍ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞു ബോക്‌സിനു പുറത്തുനിന്നു തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ മാറ്റ് റയാനെ മറികടന്ന് വലയുടെ ഇടത്തേ മൂലയില്‍ പതിച്ചു. അര്‍ജന്റീന ഒരു ഗോളിനു മുന്നില്‍.

തുടക്കത്തിലേ ലഭിച്ച ലീഡിന്റെ ബലത്തില്‍ പിന്നീട് അര്‍ജന്റീന താരങ്ങള്‍ ഗെയിം മെല്ലയാക്കുന്നതിനാണ് നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതു ഓസ്‌ട്രേലിയയ്ക്കു തിരിച്ചുവരാന്‍ അവസരമൊരുക്കി. ആദ്യ 20 മിനിറ്റ് പിന്നിട്ടതോടെ ഓസ്‌ട്രേലിയ പതിയെ പിടിമുറുക്കി. അല്‍പം പരുക്കന്‍ കളി കൂടി പുറത്തെടുത്ത അവര്‍ നിരന്തരം അര്‍ജന്റീന ബോക്‌സില്‍ ഭീതി വിതച്ചു. 28-ാം മിനിറ്റില്‍ അവര്‍ സമനില കണ്ടെത്തിയെന്നു തോന്നിപ്പിച്ചു. എന്നാല്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ഓസീസ് താരം മിച്ചല്‍ ഡ്യൂക്ക് പായിച്ച കനത്ത ഷോട്ട് അര്‍ജന്റീന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് സമര്‍ഥമായി തടുത്തിട്ടു.

തുടര്‍ ആക്രമണങ്ങളുമായി ഓസ്‌ട്രേലിയ ഉയര്‍ത്തിയ സമ്മര്‍ദ്ദം മറികടക്കാന്‍ പ്രത്യാക്രമണങ്ങളുമായി അര്‍ജന്റീനയും കളംനിറഞ്ഞതോടെ ആദ്യപകുതി ആവേശകരമായി. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. മധ്യവരയില്‍ നിന്ന് റോഡ്രിഗോ ഡിപോള്‍ ഉയര്‍ത്തി നല്‍കിയ പന്ത് സ്വീകരിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ മാത്രമായിരുന്നു മെസിക്കു മുന്നില്‍. അഡ്വാന്‍സ് ചെയ്ത ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്യാനുള്ള മെസിയുടെ ശ്രമം പക്ഷേ ക്രോസ് ബാറിനു മീതേ പാഞ്ഞു. ഇതോടെ ആദ്യപകുതി 1-0 എന്ന സ്‌കോറില്‍ അവസാനിച്ചു.

രണ്ടാം പകുതിയും അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് ആരംഭിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മിനിറ്റു മുതല്‍ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്തേക്ക് അര്‍ജന്റീന്‍ താരങ്ങള്‍ ഇരമ്പിക്കയറിയെങ്കിലും മികച്ച പ്രതിരോധമുയര്‍ത്തിയ ഓസ്‌ട്രേലിയ പിടിച്ചു നിന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. മത്സരത്തിന്‍െ 67-ാം കോര്‍ണറില്‍ നിന്ന് മെസിയും ഡീപോളും ചേര്‍ന്നു മെനഞ്ഞ നീക്കത്തിനൊടുവില്‍ ബോക്‌സിലേക്ക് ഡീപോള്‍ നല്‍കിയ തകര്‍പ്പനൊരു ക്രോസ് തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ട ഹെര്‍മന്‍ അലക്‌സൊ പെസെല്ലയാണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്.

തൊട്ടുപിന്നാലെ മൂന്നാം ഗോളും പിറക്കേണ്ടതായിരുന്നു. 70-ാം മിനിറ്റില്‍ ഒരു ടീം മൂവ്‌മെന്റിനൊടുവില്‍ ജൂലിയന്‍ അല്‍വാരസ് തൊടുത്ത ഷോട്ട് ഓസീസ് ഗോള്‍കീപ്പര്‍ ഏറെ പണിപ്പെട്ട് കുത്തിയകറ്റി. തുടര്‍ന്നും നിരവധി മികച്ച മുന്നേറ്റങ്ങള്‍ അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും സ്‌കോര്‍ നില ഉയര്‍ത്താനായില്ല. ഓസ്‌ട്രേലിയ രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങുകയും ചെയ്തു. ലോകകപ്പിനു ശേഷം അര്‍ജന്റീയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. നേരത്തെ നടന്ന സൗഹൃദ മത്സരങ്ങളില്‍ അവര്‍ പാനമ, കുറക്കാവോ എന്നീ ടീമുകള്‍ക്കെതിരേ ജയിച്ചിരുന്നു. 19-ന് ഇന്തോനീഷ്യയ്‌ക്കെതിരേയാണ് മെസിപ്പടയുടെ അടുത്ത സൗഹൃദ മത്സരം.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം