കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഹാട്രിക് നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ്(വലത്) ഫോട്ടോ- അജയ് മധു.
FOOTBALL

ബഗാന്‍ ബാലികേറാമല തന്നെ; ഇക്കുറി നാണംകെട്ടത് 2-5ന്‌

നേരിട്ട അഞ്ചാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ബഗാനെ തോല്‍പിക്കാനായില്ല. അഞ്ചില്‍ മൂന്നു തോല്‍വിയും ഒരു സമനിലയുമാണ് ഫലം.

ശ്യാം ശശീന്ദ്രന്‍

ഞാന്‍ രാജ, അവന്‍ സൂര്യ, ഞങ്ങള്‍ രണ്ടല്ല, ഒന്നാണ്... എന്ന സൂപ്പര്‍ സ്റ്റാര്‍ ഡയലോഗ് പറയാതെ പറഞ്ഞതു പോലെ മോഹന്‍ ബഗാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹങ്ങള്‍ പൊളിച്ചടുക്കി. കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തതിന്റെ ആവേശത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ വയറും വലയും നിറച്ച് അതേ നഗരത്തില്‍ നിന്നുള്ള ബഗാന്‍ മടങ്ങി.

ഐ എസ്. എല്‍ ഫുട്‌ബോളിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ നാണം കെടുത്തിയത്. ഹാട്രിക് നേടിയ ഓസ്‌ട്രേലിയന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസും ഓരോ ഗോളുകളുമായി ജോണി കൊക്കുവും ലെന്നി റോഡ്രിഗസുമാണ് അവരുടെ പട്ടിക തികച്ചത്. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഇവാന്‍ കലൂഷ്‌നി, കെ പി രാഹുല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതോടെ നേരിട്ട അഞ്ചാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ബഗാനെ തോല്‍പിക്കാനായില്ല. അഞ്ചില്‍ നാലു തോല്‍വിയും ഒരു സമനിലയുമാണ് ഫലം.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലേ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവലംബിച്ചത്. നിറഞ്ഞ ഗ്യാലറിയുടെ കരഘോഷത്തിനു നടുവില്‍ ആദ്യ മിനിറ്റ് മുതല്‍ ആക്രമിച്ചു കയറുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. രണ്ടാം മിനിറ്റില്‍ തന്നെ അതിന് ഫലവും ലഭിക്കേണ്ടതായിരുന്നു.

വലതുവിങ്ങില്‍ മിന്നുന്ന നീക്കത്തിലൂടെ പന്ത് റാഞ്ചി യുക്രെയ്ന്‍ താരം ഇവാന്‍ കലൂഷ്‌നി നടത്തിയ നീക്കത്തിനൊടുവില്‍ പന്തു കിട്ടിയത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ബൂട്ടില്‍. എന്നാല്‍ ഫസ്റ്റ് ടച്ചില്‍ ഷോട്ടുതിര്‍ക്കുന്നതിനു പകരം ഡ്രിബിള്‍ ചെയ്തുകയറാനുള്ള സഹലിന്റെ ശ്രമം പാളിയതോടെ സ്‌കോര്‍ബോര്‍ഡ് ചലിച്ചില്ല.

നാലാം മിനിറ്റിലും കലൂഷ്‌നി നടത്തിയ ഒറ്റയാന്‍ നീക്കത്തിനൊടുവില്‍ പൂട്ടിയയുടെ ഷോട്ട് ക്രോസ്ബാറിന് പുറത്തേക്ക്. എന്നാല്‍ ആദ്യ ഗോളിന് ആതിഥേയര്‍ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ആദ്യ ശ്രമത്തിലെ പിഴവിന് പ്രായശ്ചിത്തം ചെയ്ത് ആറാം മിനിറ്റില്‍ സഹലാണ് ഗോളിന് വഴിയൊരുക്കിയത്.

ബോക്‌സിന്റെ വലതു വശത്തു നിന്ന് പന്ത് പിടിച്ചെടുത്തു സഹല്‍ നല്‍കിയ ക്രോസ് കലൂഷ്‌നിയ്ക്ക് ടാപ്പ് ഇന്‍ ചെയ്യാനേയുണ്ടായിരുന്നുള്ളു. സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. പിന്നീട് ഏതാനും മിനിറ്റ് നേരം കൂടി ആക്രമണാത്മക ഫുട്‌ബോള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഹോള്‍ഡ് ചെയ്യാനായി തന്ത്രം മാറ്റിയത് ബഗാന് തുണയാകുന്ന കാഴ്ചയാണ് കണ്ടത്.

4-5-1 എന്ന ശൈലിയില്‍ നിന്ന് ലീഡിനു ശേഷം 4-4-2 ശൈലിയിലേക്കു ബ്ലാസ്‌റ്റേഴ്‌സ് മാറിയത് ബഗാന്‍ മുതലെടുക്കുകയായിരുന്നു. അതുവരെ പതുങ്ങിക്കളിച്ച അവര്‍ പിന്നീട് ഇരമ്പിക്കയറി. തുടരെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ ആക്രമിച്ച അവര്‍ക്ക് സമനില ഗോളിന് 26-ാം മിനിറ്റ് വരെയെ കാത്തിരിക്കേണ്ടി വന്നുള്ളു.

ബോക്‌സിനു ഇടത്തു നിന്നു നിന്ന് ഫ്രഞ്ച് താരം ഹ്യൂഗോ ഗോമസ് നല്‍കിയ പാസ് സ്വീകരിച്ച് ഓസ്‌ട്രേലിയന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ് തൊടുത്ത ഷോട്ടിന് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ്ങിന് മറുപടിയുണ്ടായില്ല.

സമനില വഴങ്ങിയതിനു തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളിനടുത്തെത്തി. എന്നാല്‍ സഹലിന്റെ പാസില്‍ നിന്ന് ജീക്‌സണ്‍ സിങ് തൊടുത്ത ഷോട്ടിന് ക്രോസ്ബാര്‍ വിലങ്ങുതടിയായി. പിന്നീട് ആദ്യപകുതിയിലെ ശേഷിച്ച മിനിറ്റുകളില്‍ ബഗാന്റെ വാഴ്ചയായിരുന്നു.

ദൗത്യം മറന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയെ അവര്‍ പലകുറി പരീക്ഷിച്ചു. ഒടുവില്‍ 38-ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച ലീഡും നേടി. ആതിഥേയരുടെ പ്രതിരോധത്തെ കീറിമുച്ചായിരുന്നു ബഗാന്റെ രണ്ടാം ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം തടഞ്ഞ് സ്വന്തം ഹാഫില്‍ നിന്നു പിടിച്ചെടുത്തു നടത്തിയ നീക്കത്തിനൊടുവില്‍ പന്തു ലഭിച്ചത് മന്‍വീര്‍ സിങ്ങിന്. മന്‍വീര്‍ നടത്തിയ കുതിപ്പിനൊടുവില്‍ നല്‍കിയ പാസില്‍ നിന്ന് ജോണി കൊക്കു ബഗാനെ മുന്നിലെത്തിച്ചു. ആദ്യപകുതിയില്‍ പിന്നീട് കാര്യമായ ചലനങ്ങളുണ്ടായില്ല.

രണ്ടാം പകുതിയില്‍ മലയാളി താരം ആഷിഖ് കുരുണിയനെ പിന്‍വലിച്ചാണ് ബഗാന്‍ ഇറങ്ങിയത്. എന്നാല്‍ അത് അവരുടെ മുന്നേറ്റത്തെ ബാധിച്ചതേയില്ല. കളി പുനരാരംഭിച്ച് കൃത്യം 17-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളും നേടി. ഇക്കുറിയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കീറിമുറിച്ചായിരുന്നു ഗോള്‍. പാസ് നല്‍കിയത് ലിസ്റ്റണ്‍ കൊളാസോ സ്‌കോര്‍ ചെയ്തത് പെട്രാറ്റോസ്.

കളി കൈവിട്ടുവെന്ന രീതിയില്‍ ഗ്യാലറി ഒന്നടങ്കം നിശബ്ദമായ 18 മിനിറ്റുകള്‍ക്കു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിനു പ്രതീക്ഷ പകര്‍ന്ന ഗോള്‍ പിറന്നത്. സഹലിനു പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെ പി രാഹുല്‍ നാടിന്റെ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ശ്രമിച്ചു.

ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു രാഹുല്‍ തൊടുത്ത കരുത്തുറ്റ ഷോട്ട് ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ കൈകളിലൂടെ വലയിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. ഇതോടെ വീണ്ടും ശബ്ദം വീണ്ടെടുത്ത ഗ്യാലറി ബ്ലാസ്‌റ്റേഴ്‌സ്... ബ്ലാസ്‌റ്റേഴ്‌സ് എന്ന് ആര്‍ത്തുവിളിച്ചെങ്കിലും 87-ാം മിനിറ്റില്‍ ബഗാന്റെ പകരക്കാരന്‍ ലെന്നി റോഡ്രിഗസും 90-ാം മിനിറ്റില്‍ ഹാട്രിക് തികച്ച പെട്രാറ്റോസും വലകുലുക്കി അവരെ നിശബ്ദരാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ