സ്‌പെയിന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകയായി മോണ്ട്‌സെ ടോമിനെ നിയമിച്ചതായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. ആദ്യമായാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുന്നത്. മുന്‍ കോച്ച് ജോര്‍ജ് വില്‍ഡയെ പുറത്താക്കിയതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. 2023 വനിതാ ലോകകപ്പിനിടെയുണ്ടായ ചുംബന വിവാദത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ലൂയിസ് റൂബിയാലെസിനെ പിന്തുണച്ചതിനാണ് കഴിഞ്ഞദിവസം വില്‍ഡയെ പുറത്താക്കിയത്.
ലോകകപ്പിലുടനീളം വില്‍ഡയുടെ പരിശീലക സംഘത്തിന്റെ പ്രധാന ഭാഗമായിരുന്നു മോണ്ട്‌സെ. ടീമുമായുള്ള വ്യക്തിപരമായ ബന്ധവും അനുഭവ പരിചയവും പരിഗണിച്ചാണ് മോണ്ട്‌സയെ പരിശീലകയായി തിരഞ്ഞെടുത്തത്. ലെവന്റെയുടെയും ബാഴ്‌സലോണയുടെയും താരമായിരുന്ന മോണ്ട്‌സെ 2012 ലാണ് വിരമിച്ചത്. പിന്നീട് യുവേഫ പ്രോ ലൈസന്‍സ് സ്വന്തമാക്കിയ മോണ്ട്‌സെ പരിശീലക കരിയര്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ലോകകപ്പിലുടനീളം വില്‍ഡയുടെ പരിശീലക സംഘത്തിന്റെ പ്രധാന ഭാഗമായിരുന്നു മോണ്ട്‌സെ
സ്‌പെയിനിനെ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയത്തിലെത്തിക്കുന്നതിന് വില്‍ഡ വലിയ പങ്ക് വഹിച്ചിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെര്‍മോസിനെ അനുവാദമില്ലാതെ ചുംബിച്ചതിന് റൂബിയാലെസിന് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് RFEF പ്രസിഡന്റ് സ്ഥാനത്തു നിന്ന് റൂബിയാലെസിനെ 90 ദിവസത്തേക്ക് ഫിഫ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ വില്‍ഡ അദ്ദേഹത്തിന് പിന്തുണ അറിയിച്ചതോടെ ടീമിനുള്ളിലെ സ്ഥിതിഗതികള്‍ വഷളായി.
വില്‍ഡെയ്‌ക്കെതിരെ ടീം അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലോകകപ്പിന് ശേഷം മൂന്നുപേര്‍ മാത്രമാണ് അദ്ദേഹത്തിന് കീഴില്‍ പരിശീലനത്തിനെത്തിയത്. ദേശീയ ടീമിലെ 15 കളിക്കാര്‍ വില്‍ഡെയ്‌ക്കെതിരെ തിരിഞ്ഞതോടെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ പുറത്താക്കിയത്.
സെപ്റ്റംബര്‍ 22 ന് സ്വീഡനെതിരെയാണ് മോണ്ട്‌സെയുടെ പരിശീലക വേഷത്തിലെ ആദ്യ മത്സരം. ലോകകപ്പ് സെമിയില്‍ സ്വീഡനെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനല്‍ പ്രവേശനം നടത്തിയത്. പിന്നാലെ യുവേഫ നാഷന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 27 ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. നീണ്ട വിവാദകാലത്തിന് ശേഷം വനിതാ പരിശീലകയുടെ നേതൃത്വത്തില്‍ സ്പാനിഷ് പടയുടെ പ്രതാപം വീണ്ടെടുക്കാനും വിജയകരമായ മുന്നേറ്റത്തിനുമാണ് ടീം ലക്ഷ്യം വയ്ക്കുന്നത്.