131ാമത് ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യനെ ഇന്നറിയാം. വൈകിട്ട് ആറിന് കൊൽക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ബെംഗളൂരു എഫ്‌സിയുമായി ഏറ്റുമുട്ടും. ആര് ജയിച്ചാലും അവര്‍ക്കത് കന്നി ഡ്യൂറന്‍ഡ് കപ്പ് നേട്ടമാകും. കിരീട നേട്ടത്തോടെ ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന ഐഎസ്എൽ സീസൺ തുടങ്ങാനുറച്ചാകും ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചെത്തിയ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ സെമിയിൽ തോൽപ്പിച്ചാണ് മുംബൈ സിറ്റി ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ അധികസമയത് ബിപിൻ സിങ് നേടിയ ഗോളാണ് മുംബൈയ്ക്ക് ഫൈനൽ ഉറപ്പിച്ചത്.
ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്‌സി ആയിരുന്നു സെമിയില്‍ ബെംഗളൂരു എഫ്‌സിയുടെ എതിരാളി. സ്പാനിഷ് പ്രതിരോധ നിര താരം ഒടെയ് സബാലയുടെ സെല്ഫ് ഗോളിലായിരുന്നു ബെംഗളൂരു എഫ്‌സിയുടെ ജയം.
1888ലാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറന്‍ഡ് കപ്പിന്‍റെ ആരംഭം. 1884 മുതൽ 1894 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന സർ ഹെൻറി മോര്‍ടിമര്‍ ഡ്യൂറന്‍ഡ് ആണ് ടൂർണമെന്റ് തുടങ്ങിയത്. ആദ്യ കാലങ്ങളിൽ വിവിധ ഡിപ്പാർട്മെന്റ് ടീമുകൾക്കും സൈന്യത്തിലെ റെജിമെൻറ് ടീമുകൾക്കും നാട്ടുരാജ്യങ്ങൾക്കുമായിരുന്നു മത്സരം. ഇന്ന് ഐഎസ്എല്ലിലേയും ഐ ലീഗിലെയും സൈന്യത്തിന്റെയും വിവിധ ടീമുകളുമാണ് ടൂർണമെന്റിൽ പ്രധാനമായും മാറ്റുരക്കുന്നത്.