ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയിട്ടും ശനിദശ മാറാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്നു സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്.സിയോടാണ് കൊമ്പന്മാര്‍ കൊമ്പു കുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വഴങ്ങിയ രണ്ടു ഗോളുകളില്‍ പതറിയ ബ്ലാസ്‌റ്റേഴ്‌സിനു രണ്ടാം പകുതിയില്‍ വരുത്തിയ ഫിനിഷിങ് പിഴവുകള്‍ കൂടി ചേര്‍ന്നതോടെ ഇന്നത്തെ മത്സരം നരകതുല്യമായി.
ആദ്യ മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയത്തിനു ശേഷം തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ഇന്നും 4-4-2 ശൈലിയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആക്രമണ തന്ത്രമാണ് പുറത്തെടുത്തത്. എന്നാല്‍ മുന്നേറാന്‍ കാണിച്ച മികവ് ഫിനിഷിങ്ങില്‍ ഇല്ലാതെ പോയി.
കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണം അഴിച്ചുവിട്ടാണ് ഇരുടീമുകളും ആരംഭിച്ചത്. മുംബൈക്ക് ആദ്യമിനിറ്റില്‍ തന്നെ ഒരു ഗോള്‍ അവസരം ലഭിച്ചെങ്കിലും നേരെ കേരളാ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് രക്ഷകനായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിനും അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ 21 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചുകൊണ്ട് മുംബൈ സിറ്റി ലീഡ് നേടി. മെഹ്താബ്സിംഗാണ് മുംബൈക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇടതു കോര്‍ണറില്‍ നിന്നും അഹമ്മജ് ജാഹു തൊടുത്തുവിട്ട പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ നിഷ്പ്രഭമാക്കി മെഹ്താബ് സിംഗ് അടിച്ച് വലയിലാക്കുകയായിരുന്നു.
31ാം മിനിറ്റിലായിരുന്നു മുംബൈയുടെ രണ്ടാം ഗോള്‍. ഗ്രെഗ് സ്റ്റ്യുവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലാക്കി ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം പെരേര ഡിയാസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. 45-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതി ആരംഭിച്ചതു തന്നെ മുംബൈയുടെ ആക്രമണത്തോടെയായിരുന്നു. പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് കളം പിടിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി. 52-ാം മിനിറ്റില്‍ ഇടതുവശത്തു നിന്നും അഡ്രിയാന്‍ ലൂണ നല്‍കിയ ക്രോസ് ദിമിത്രിയോസ് ഹെഡറിലൂടെ വലയിലാക്കാന്‍ ശ്രമച്ചെങ്കിലും പുറത്തേക്ക് പോയി. 57-ാം മിനിറ്റില്‍ ജീക്സണ്‍ സിംഗിന് ലഭിച്ച പന്ത് ബോക്സിനുള്ളില്‍ നിന്നും ഗോള്‍ വല ലക്ഷ്യമാക്കി പായിച്ചെങ്കിലും തെംപ ലാച്ചെന്‍പ ബോള്‍ പുറത്തേക്ക് തട്ടിയകറ്റി.
ശേഷിച്ച മിനിറ്റുകളിലും ആക്രമിച്ചു കളിച്ചെങ്കിലും ആശ്വാസ ഗോള്‍ നേടാന്‍ പോലും കൊമ്പന്മാര്‍ക്കായില്ല. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ജയവും രണ്ടു സമനിലകളുമായി എട്ടുപോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ.