FOOTBALL

ലിവർപൂളിനെ വീഴ്ത്തി നാപോളി

വെബ് ഡെസ്ക്

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ചാമ്പ്യന്മാരുടെ ചാമ്പ്യനെ തെരഞ്ഞെടുക്കാനുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയോടാണ് അവര്‍ തോല്‍വി വഴങ്ങിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇറ്റലിക്കാര്‍ ഇംഗ്ലീഷ് ടീമിനെ തുരത്തിയത്. അതേസമയം അയാക്സ്, സ്പോർട്ടിങ്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ടോട്ടനം, ക്ലബ് ബ്രുഷെ എന്നിവർ വിജയത്തോടെ സീസൺ ആരംഭിച്ചു.

ലിവർപൂളിനെതിരെ ഗോൾ നേടിയ നാപോളി താരങ്ങളുടെ ആഹ്ളാദം

നാപോളിയുടെ മൈതാനത്ത്‌ നടന്ന മത്സരത്തിൽ ആറ് വട്ടം ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്തെറിയുന്ന പ്രകടനമായിരുന്നു ഇറ്റാലിയൻ ടീമിന്റേത്. കളിയുടെ ആദ്യ മിനുറ്റ് തൊട്ട് ആക്രമണം സംഘടിപ്പിച്ച നാപോളി നാലാം മിനുറ്റിൽ പെനാൽറ്റി നേടിയെടുത്തു. ബോക്സിനകത്ത്‌ ലിവർപൂൾ നായകൻ ജെയിംസ് മിൽനറുടെ കൈയ്യിൽ പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത പിയോറ്റർ സീലിൻസ്കി കീപ്പർ അലിസണ്‍ ബെക്കറിന്‌ ഒരു അവസരവും നൽകാതെ പന്ത് വലയിലാക്കി.

പതിനാറാം മിനുട്ടിൽ വിക്ടർ ഒസിംഹെനിലൂടെ വീണ്ടും പെനാൽറ്റി നേടിയെടുത്തെങ്കിലും,ഒസിംഹെൻ എടുത്ത കിക്ക് അലിസൺ തടുത്തു. 31ാം മിനുട്ടിൽ ആന്ദ്രേ-ഫ്രാങ്ക് അംഗുയിസ്സ വീണ്ടും നാപോളിക്ക് വേണ്ടി സ്കോർ ചെയ്തു. ഒന്നാം പകുതി അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ പകരക്കാരനായി വന്ന ജിയോവാനി സിമിയോണി കൂടെ സ്കോർ ചെയ്തതോടെ ഒന്നാം പകുതിയിൽ ലിവർപൂളിനെ നാപോളി ബഹുദൂരം പിന്നിലാക്കിയിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുട്ടിൽ പിയോറ്റർ സീലിൻസ്കി വീണ്ടും ലിവർപൂൾ വല ഭേദിച്ചു. 49ാം മിനുട്ടിൽ ലൂയിസ് ഡയസ് ലിവർപൂളിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ലിവര്‍പൂളിന്റെ പേരുകേട്ട 'പ്രസിങ് ആന്‍ഡ് ഡിഫന്‍സ്' ഗെയിമിനെ അക്ഷരാര്‍ത്ഥത്തില്‍ കീറി മുറിച്ചാണ് ലൂസിയാനോ സ്പല്ലെറ്റിയുടെ കുട്ടികൾ ജയിച്ച്‌ കയറിയത്. മത്സരത്തിലെ രണ്ടാം പെനാൽറ്റി തടുത്തത് ഒഴിച്ചാൽ ബാറിന് കീഴിലെ അലിസണിന്റെ പ്രകടനം മോശമായിരുന്നു. പന്തിന്റെ ഗതി നിർണയിക്കുന്നതിലും കൈപിടിയിലൊതുക്കുന്നതിനും പലവട്ടം പിഴക്കുന്ന അലിസണിനെയാണ് ഇന്നലെ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയം കണ്ടത്.

റോബർട്ട് ലെവൻഡോവ്സ്കി

വിക്ടോറിയ പ്ലസെനെതിരായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ക്ലബ്ബിനായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക്ക് നേടി തുടക്കം ഗംഭീരമാക്കി. പതിമൂന്നാം മിനുട്ടിൽ ഫ്രാങ്ക് കെസ്സിയാണ് ഗോൾ വേട്ട തുടങ്ങിയത്. എഴുപത്തൊന്നാം മിനുട്ടിൽ യുവ താരം ഫെറാൻ ടോറസ് ബാഴ്‌സയുടെ അഞ്ചാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. നാല്പത്തിനാലാം മിനുട്ടിൽ ജാൻ സക്കോറയുടെ വകയായിരുന്നു വിക്ടോറിയ പ്ലസെന്റെ ഗോൾ.

ഗോൾ നേടിയ ലെറോയ് സാനെയെ(10) അഭിനന്ദിക്കുന്ന സഹകളിക്കാർ

മറ്റ് മത്സരങ്ങളിൽ ഗ്രൂപ്പ് സി യിലെ ജീവൻമരണ പോരാട്ടത്തിൽ ബയേൺ മ്യൂണിക് ഇന്റർ മിലാനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബയേണിന്റെ വിജയം. ലെറോയ് സാനെയുടെ ഗോളും, ഡാനിലോ ഡി അംബ്രോസിയോ സെൽഫ് ഗോളുമാണ് ബയേണിനു ജയം ഒരുക്കിയത്. ടോട്ടൻഹാം ഒളിമ്പിക് മാർസെയെ 2-0ന് തോൽപ്പിച്ചു. റിച്ചാർലിസണിന്റെ ഇരട്ട ഗോളിലാണ് ലണ്ടൻ ക്ലബ്ബിന്റെ വിജയം. 47ാം മിനുട്ടിൽ മാർസെ പ്രതിരോധ താരം ചാൻസൽ എംബെംബ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പത്ത്‌ പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡ് പോർട്ടോയെയും പിഎസ്ജി യുവന്റസിനെയും മറികടന്നു. നിശ്ചിത സമയത്തിന് ശേഷമായിരുന്നു അത്ലറ്റികോ പോർട്ടോ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. പോർട്ടോ താരം മഹ്ദി തരേമി 81ാം മിനുട്ടിൽ ചുവപ്പ് കാർഡ് പുറത്ത പോയിരുന്നു. അധിക സമയത്തിന്റെ ആദ്യ മിനുട്ടിൽ മരിയോ ഹെർമോസോ സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. അഞ്ച് മിനുട്ടിന് ശേഷം മാറ്റ്യൂസ് ഉറിബെ പോർട്ടോയെ ഒപ്പമെത്തിച്ചെങ്കിലും അന്റോയിൻ ഗ്രീസ്മാൻ നേടിയ ഗോളിൽ അത്ലറ്റികോ മാഡ്രിഡ് ജയിച്ച്‌ കേറുകയായിരുന്നു.

പിഎസ്ജിയ്ക്കായി കൈലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി.വെസ്റ്റൺ മക്കെന്നിയാണ് യുവന്റസിനായി ഗോൾ നേടിയത്. റഞ്ചേഴ്‌സിനെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് അയാക്സിനെ തോൽപ്പിച്ചത്. എഡ്സൺ അൽവാരസ്, സ്റ്റീവൻ ബെർഗൂയിസ്, മുഹമ്മദ് കുഡൂസ്, സ്റ്റീവൻ ബെർഗ്വിയൻ എന്നിവർ വിജയികൾക്കായി ഗോളുകൾ നേടി. മാർക്കസ് എഡ്വേർഡ്സ്, ഫ്രാൻസിസ്കോ ട്രിങ്കാവോ, നുനോ സാന്റോസ് എന്നിവരുടെ ഗോളുകൾക്കാണ് സ്പോർട്ടിങ് സിപി ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ മറികടന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്