ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ എഫ്.സി. ഗോവയ്ക്ക് ആദ്യ ജയം. ഇന്നു നടന്ന മത്സരത്തില്‍ എയര്ഫോഴ്സിനെയാണ് അവര്‍ തോല്പിച്ചത്. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി കിരംഗന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം. ആദ്യ പകുതിയില്‍ മലയാളി താരം മുഹമ്മദ് നെമില്‍ നേടിയ ഗോളാണ് ഗോവയ്ക്കു തുണയായത്.
രണ്ടു കളികളില്‍ നിന്ന് ആദ്യ ജയമാണ് ഗോവ ഇന്നു കുറിച്ചത്. നേരത്തെ ആദ്യ മത്സരത്തില്‍ അവര്‍ മുഹമ്മദന്‍സിനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അവര്‍ തോല്‍വി സമ്മതിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും അവര്‍ക്കായി. ആദ്യ മത്സരങ്ങള്‍ ജയിച്ച മുഹമ്മദന്‍സും ബംഗളുരു എഫ്.സിയുമാണ് ഗ്രൂപ്പ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയും നെറോക്ക എഫ്.സിയും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഇന്ത്യന്‍ നേവിയെയാണ് മുംബൈ വീഴ്ത്തിയത്. അതേസമയം നെറോക്ക ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവു ഫുട്ബോള്‍ ക്ലബിനെ തുരത്തി.