വംശീയ അധിക്ഷേപത്തിന്റെ പേരിൽ മത്സരം ഉപേക്ഷിച്ച് ന്യൂസിലൻഡ് ഫുട്ബോൾ ടീം. ഖത്തറുമായുള്ള സൗഹൃദ മത്സരത്തിന്റെ രണ്ടാംപകുതിയിൽ ന്യൂസിലൻഡ് ടീം കളത്തിലിറങ്ങിയില്ല. ടീമംഗമായ മൈക്കൽ ബോക്സലിനെതിരെ ഖത്തർതാരം വംശീയ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
പതിനാറാം മിനിറ്റിൽ മാർക്കോ സ്റ്റാമെനിക് നേടിയ ഗോളിൽ ആദ്യപകുതിയിൽ ന്യൂസിലൻഡ് 1-0ന് മുന്നിട്ടുനിൽക്കുകയായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുൻപായിരുന്നു ബോക്സാലിന് എതിരായ വംശീയാധിക്ഷേപം. ബോക്സാലിന്റെ സമോവൻ പാരമ്പര്യത്തെ പരിഹസിച്ചായിരുന്നു പരാമർശം. അധിക്ഷേപത്തെ തുടർന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ ജോ ബെല്ലും റഫറി മാനുവൽ ഷുട്ടെൻഗ്രൂബറും ചർച്ചനടത്തി. ഔദ്യോഗിക നടപടികൾ ഒന്നുമുണ്ടാകാത്തതിനാൽ മത്സരത്തിന്റെ രണ്ടാം പകുതിയോടെ കളി ഉപേക്ഷിക്കുകയാണെന്ന് ന്യൂസിലാൻഡ് ഫുട്ബോൾ ടീം അറിയിക്കുകയായിരുന്നു.
ഫുട്ബോളിൽ വംശീയ വിവേചനത്തിന് ഇടമില്ലെന്ന് പറഞ്ഞ ന്യൂസിലൻഡ് ഫുട്ബോൾ ടീം സിഇഒ ആൻഡ്രൂ പ്രാഗ്നെൽ മത്സരം ഉപേക്ഷിക്കാൻ ന്യൂസിലൻഡ് കളിക്കാർ ഒരുമിച്ച് തീരുമാനമെടുത്തതാണെന്ന് അറിയിച്ചു. ഭരണസമിതി അവർക്ക് പൂർണ പിന്തുണ നൽകിയതായും വ്യക്തമാക്കി.
ഇരുടീമിലേയും താരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് ഖത്തർ ടീമിന്റെ വിശദീകരണം. ആരാണ് പ്രകോപനമുണ്ടാക്കിയതെന്നോ, ആദ്യം മോശം വാക്കുകൾ ഉപയോഗിച്ചതെന്നോ അറിയില്ലെന്ന് ഖത്തർ പരിശീലകൻ കാർലോസ് ക്വിറോസ് പറഞ്ഞു. ''ന്യൂസിലൻഡ് കളിക്കാർ അവരുടെ സഹതാരത്തെ പിന്തുണച്ചപ്പോൾ സ്വന്തം കളിക്കാരനെ പിന്തുണയ്ക്കാൻ ഞങ്ങളും തീരുമാനിച്ചു'' - കാർലോസ് ക്വിറോസ് വ്യക്തമാക്കി.
തിങ്കളാഴ്ച കുവൈത്തും അയർലൻഡും തമ്മിലുള്ള മത്സരത്തിനിടെയും സമാനസംഭവം അരങ്ങേറിയിരുന്നു. കുവൈത്ത് താരത്തിന്റെ വംശീയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് അയർലൻഡ് അണ്ടര്‍2-1 ടീം മത്സരം ഉപേക്ഷിക്കുകയായിരുന്നു. വിഷയം ഫിഫയ്ക്കും യുവേഫയ്ക്കും റിപ്പോർട്ട് ചെയ്യുമെന്ന് അയർലൻഡ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ തള്ളിക്കളഞ്ഞിരുന്നു.