FOOTBALL

സൂപ്പര്‍ കപ്പ്; ഐസ്വാളിനെ തകര്‍ത്ത് ഒഡീഷയുടെ തിരിച്ചുവരവ്

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

വെബ് ഡെസ്ക്

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഇന്നു നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഐ.എസ്.എല്‍. ക്ലബ് ഒഡീഷ എഫ്.സിയുടെ ഗംഭീര തിരിച്ചുവരവ്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് ക്ലബായ ഐസ്വാള്‍ എഫ്.സിയെയാണ് അവര്‍ തോല്‍പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഒഡീഷയെ ഗോളടിക്കാന്‍ വിടാതെ ഐസ്വാള്‍ പിടിച്ചുകെട്ടുകയായിരുന്നു. ഗോള്‍ കീപ്പര്‍ വാന്‍ലാല്‍ പൂട്ടിയയുടെ മികച്ച പ്രകടനമാണ് ഐസ്വാളിനു തുണയായത്.

ഗോള്‍രഹിതമായ പിരിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒഡീഷ സമനിലക്കുരുക്കഴിഞ്ഞു. അനുകൂലമായുള്ള കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് ഐസ്വാള്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഒഡീഷ നായകന്‍ മൗറീഷ്യോ വലയിലാക്കുയായിരുന്നു.

ലീഡ് നേടിയതോടെ ഒഡീഷ താരങ്ങളുടെ ആത്മവിശ്വാസവുമുയര്‍ന്നു. പിന്നീട് തുടരെ ആക്രമണം നടത്തിയ അവര്‍ എട്ടു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. മധ്യനിരയില്‍ നിന്നു തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് സ്വീകരിച്ച സ്പാനിഷ് താരം വിക്ടര്‍ റോഡ്രിഗസ് അനായാസം വലകുലുക്കുകയായിരുന്നു.

ഇതോടെ ജയമുറപ്പിച്ച ഒഡീഷ പിന്നീട് കൂടുതല്‍ ആക്രമണോത്സുകത കാട്ടാതെ വല്ലപ്പോഴുമുള്ള ഐസ്വാള്‍ മുന്നേറ്റങ്ങള്‍ പ്രതിരോധിച്ചു സമയം കഴിച്ചുകൂട്ടുകയായിരുന്നു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇന്‍ജുറി ടൈമില്‍ അവര്‍ മൂന്നാം ഗോളും നേടി പട്ടിക തികച്ചു.

ബോക്‌സിനു പുറത്തു നിന്ന് മൗറീഷ്യോ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടില്‍ത്തെറിച്ചത് പിടിച്ചെടുത്തു നന്ദകുമാറാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഒഡീഷ ഗ്രൂപ്പ് ബിയില്‍ തലപ്പത്തെത്തി സെമി സാധ്യത സജീവമാക്കിയപ്പോള്‍ രണ്ടു മത്സരങ്ങളും തോറ്റ ഐസ്വാള്‍ പുറത്തായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ