FOOTBALL

ഒരു നിഴല്‍ മാത്രയില്‍ യുദ്ധം പോലും നിര്‍ത്തിച്ച മാസ്മരികത

കളിയിലൂടെ വിവിധ കരകളുടെയും കാലത്തിന്‍റെയും ചക്രവര്‍ത്തിയായി മാറിയ കാല്‍പ്പന്തിന്റെ മാന്ത്രികന്‍ വിട പറയുമ്പോള്‍ ബാക്കിയാവുന്നത് തകര്‍ക്കാന്‍ കഴിയാത്ത ഒരുപിടി റെക്കോര്‍ഡുകളും ഓര്‍മ്മകളും

ദൃശ്യ പുതിയേടത്ത്‌

1967 ല്‍ നൈജീരിയയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള രക്തരൂഷിത യുദ്ധം. പോര്‍ വിളിച്ച് രക്തം ചീന്തിയവര്‍ ഒരു മനുഷ്യനെ കാണാന്‍ വേണ്ടി മാത്രം ആ യുദ്ധം അല്‍പ്പസമയത്തേക്ക് നിര്‍ത്തിവച്ചു. ഒരു കാല്‍പ്പന്തിലെ തുന്നിക്കൂട്ടലുകള്‍ പോലെ ജീവിതത്തെ ഫുട്‌ബോളുമായി കൂട്ടിക്കെട്ടിയ 'പെലെ' എന്ന അദ്ഭുത മനുഷ്യനെ കാണാനാണ് ഇരു വിഭാഗങ്ങളും യുദ്ധം നിര്‍ത്തിവച്ചത്.
നൈജീരിയയില്‍ ഫെഡറല്‍ ഗവണ്‍മെന്റും രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന റിപബ്ലിക് ഓഫ് ബിയാഫ്രയും തമ്മിലാണ്  ആഭ്യന്തര യുദ്ധം നടന്നിരുന്നത്.

നൈജീരിയയില്‍ വംശീയതയും അക്രമവും പട്ടിണിയും കൊടുമ്പിരി കൊണ്ട നാളുകളായിരുന്നു അത്. 300 ലധികം വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട 60 ദശലക്ഷത്തിലധികം ജനങ്ങളുള്ള രാജ്യത്ത്  അതിക്രമങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. എന്നാല്‍ പെലെ എന്ന കളിക്കാരന്‍ 48 മണിക്കൂര്‍ നൈജീരിയയുടെ യുദ്ധക്കളങ്ങളെയാകെ നിശബ്ദമാക്കി.

പരസ്പരം പോര്‍വിളിച്ചവരും തമ്മിലടിച്ചവരും കളി കാണാനായി ലാഗോസ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റും കൂടി

1967 ജനുവരി 26 ന് തന്റെ ക്ലബ്ബായ സാന്റോസിനൊപ്പം നൈജീരിയയില്‍ പെലെ കളിക്കാനിറങ്ങിയപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് വിഭാഗങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. പരസ്പരം പോര്‍വിളിച്ചവരും തമ്മിലടിച്ചവരും കളി കാണാനായി ലാഗോസ് സിറ്റി സ്റ്റേഡിയത്തിന് ചുറ്റും കൂടി. ആ ജനക്കൂട്ടത്തെ കളി കാണാനായി മാത്രം സൈനികര്‍ സംരക്ഷിച്ചു നിര്‍ത്തി. എല്ലാവരുടെ മനസിലും ഒരു ലക്ഷ്യം മാത്രം. 90 മിനിറ്റ് മനോഹരമായ കാല്‍പ്പന്തുകളി, പെലെയുടെ കളി കണ്‍നിറയെ കാണുക. യുദ്ധത്തെപ്പോലും പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന അത്രയും ജനപിന്തുണ ആ കളിക്കാരന് ഉണ്ടായിരുന്നു. കാല്‍പ്പന്തിനു മാത്രം സാധ്യമാകുന്ന മായാജാലമായിരുന്നു അന്നവിടെ സംഭവിച്ചത്. യുദ്ധത്തെ ഫുട്‌ബോള്‍ കൊണ്ടു വിജയിച്ച് ആ കറുത്ത മനുഷ്യന്‍ അന്ന് കാലത്തെ അതിജീവിച്ച വിശ്വമാനവികനായി.

പെലെ

കാല്‍പ്പന്തിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച് കാലില്‍ കൊരുത്തിട്ട പന്തുമായി അദ്ദേഹം കളിച്ചുകയറിയത് ലോകത്തിന്റെ നെറുകയിലേക്കാണ്. ഏത് മൈതാനത്തെയും തന്റെ കാല്‍ക്കീഴിലേക്ക് വഴക്കിയെടുക്കുന്ന കളിയഴക് എന്നും പെലെയ്ക്ക് സ്വന്തമായിരുന്നു. റൂബന്‍ അരൂഡ തെരുവില്‍ പഴയ സോക്‌സില്‍ തുണിനിറച്ചു കെട്ടിയ പന്ത് തട്ടി നടന്ന ഡീക്കോയില്‍ നിന്ന് ഫുട്‌ബോള്‍ ലോകത്തിന്റെ അതികായനായ പെലെയിലേക്കുള്ള ദൂരം വളരെ കൂടുതലായിരുന്നു. ഫുട്‌ബോള്‍ എന്നാല്‍ പെലെ എന്ന പേരിലേക്ക് ലോകം പലപ്പോഴും ചുരുങ്ങിപ്പോവാറുണ്ട്. കാനറികളുടെ സാംബാ താളത്തിനൊപ്പം മൈതനാങ്ങളില്‍ ഇന്ദ്രജാലം തീര്‍ത്ത് വാരിക്കൂട്ടിയ റെക്കോര്‍ഡുകള്‍ ചില്ലറയൊന്നുമല്ല.

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് ലോകകപ്പ് കിരീടം ചൂടിയ ഒരൊറ്റ കളിക്കാരന്‍

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് ലോകകപ്പ് കിരീടം ചൂടിയ ഒരൊറ്റ കളിക്കാരന്‍ മാത്രമേ ഉള്ളു. അത് കാനറികളുടെ ചക്രവര്‍ത്തി സാക്ഷാല്‍ 'പെലെ'യാണ്. 1363 കളികളില്‍ നിന്ന് 1281 ഗോളുകളും 92 ഹാട്രിക്കുകളും, നാല് ലോകകപ്പുകളില്‍ നിന്നായി ബ്രസീലിനായി നേടിയത് 12 ഗോളുകള്‍. 1958, 1962, 1970 വര്‍ഷങ്ങളില്‍ ബ്രസീല്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആ മൈതാനങ്ങളില്‍ കാനറികള്‍ക്കായി പന്തു തട്ടിയവരില്‍ പെലെയുടെ കാലുകളുമുണ്ടായിരുന്നു.

ബ്രസീല്‍ സാവോ പോളോയിലെ ബോറോയില്‍ ദാരിദ്ര്യത്തില്‍ വളര്‍ന്ന പയ്യന് പന്തുകളി ഒരു വിനോദം മാത്രമല്ലായിരുന്നു. വിശപ്പില്‍ നിന്നും രക്ഷനേടാനായാണ് പന്തിനു പിറകെ പാഞ്ഞു തുടങ്ങിയത്. എന്നാല്‍ കാല്‍പ്പന്തില്‍ പരാജയപ്പെട്ടു പോയ ഒരച്ഛന്റെ മകന് രക്തത്തില്‍ അലിഞ്ഞു  ചേര്‍ന്നതായിരുന്നു അത്. പഴയ പത്രക്കടലാസുകളോ സോക്‌സോ ചുരുട്ടിയ പന്തുകൊണ്ടാണ് പെലെ കൂട്ടുകാരോടൊപ്പം കളിച്ചു തുടങ്ങിയത്. അങ്ങനെ അവന്‍ കാല്‍പ്പന്തിന്റെ വലിയ മൈതാനങ്ങളെ സ്വപ്നം കണ്ടു തുടങ്ങി.  കറുത്തവര്‍ക്ക് കളിക്കാന്‍ അനുവാദമില്ലാതിരുന്ന മൈതാനങ്ങളെ അവന്‍ കീഴടക്കിത്തുടങ്ങി.

ബ്രസീലിലെ പ്രമുഖ ക്ലബ്ബായ സാന്റോസിലെ പരിശീലന ക്യാമ്പില്‍ നിന്നാണ് പെലെ തന്റെ കളിയെ മിനുക്കിയെടുത്ത് തുടങ്ങിയത്. ബ്രസീല്‍ ദേശീയ ടീം അംഗമായ വ്‌ലാഡിമര്‍ ഡി ബ്രിട്ടോയിലൂടെ അദ്ദേഹം കാല്‍പ്പന്തിന്റെ നവീന പാഠങ്ങള്‍ പഠിച്ചു തുടങ്ങി. ബ്രിട്ടോയിലൂടെ കളിക്കളത്തിലെ ഓരോ തന്ത്രങ്ങളും മനസിലാക്കിയെടുത്ത പെലെ അതിലൂടെ സ്വയം പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. മറ്റു കളിക്കാരുടെ നീക്കങ്ങളെ അളന്നു മുറിച്ച് തിരിച്ചറിയാന്‍ കഴിയുന്ന ഫീല്‍ഡ് വിഷന്‍ പെലെയുടെ പ്രത്യേകതയായിരുന്നു.

ആ ഗോളിലൂടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി

സാന്റോസില്‍ ഫുട്‌ബോളിന്റെ ആദ്യ ചുവടുകള്‍ വയ്ക്കുമ്പോള്‍ പെലെയ്ക്ക് പ്രായം പതിനഞ്ച്. 1958 സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. ആ ലോകകപ്പില്‍ വെയ്ല്‍സിന്റെ ഗോള്‍വല നിറയ്ക്കുമ്പോള്‍ പെലെയ്ക്ക് വെറും 17 വയസ്സും 239 ദിവസവും മാത്രമായിരുന്നു പ്രായം. ആ ഗോളിലൂടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി അദ്ദേഹം. അതേ വര്‍ഷം തന്നെ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും പെലെ സ്വന്തമാക്കി.

1970 ലോകകപ്പില്‍ കളിക്കാനില്ലെന്ന് ശാഠ്യം പിടിച്ച പെലെയെ വളരെ പണിപ്പെട്ടായിരുന്നു ബ്രസീല്‍ തിരിച്ചു കൊണ്ടു വന്നത്. കാരണം കാനറികള്‍ക്കും ബ്രസീലിയന്‍ ആരാധകര്‍ക്കും പെലെ അത്രത്തോളം മൂല്യമേറിയതായിരുന്നു. വിഷന്‍ പെലെയുടെ പ്രത്യേകതയായിരുന്നു. കളിക്കളത്തില്‍ മായാജാലം തീര്‍ത്ത മഹാപ്രതിഭയ്ക്ക് മുന്നില്‍ ലോകം കാല്‍പ്പന്തോളം ചുരുങ്ങി. സ്വയം തന്ത്രങ്ങള്‍ മെനഞ്ഞും എതിരാളികളുടെ വലകുലുക്കിയും ഗോളവസരങ്ങള്‍ തുറന്നു കൊടുത്തും പന്തിനെ നിയന്ത്രിച്ചും പെലെ മൈതാനത്ത് നിറഞ്ഞാടി. രണ്ട് കാലുകൊണ്ടും പന്തടിക്കുന്നതില്‍ കാനറികളുടെ രാജാവ് സമര്‍ത്ഥനായിരുന്നു.

കാലുകള്‍ക്കൊണ്ട് ചരിത്രം സൃഷ്ടിച്ച ഇതിഹാസ പുരുഷനായ പെലെ മൈതാനത്ത് സാംബാ നൃത്ത ചുവടുകളുമായി ഡ്രിബിള്‍ ചെയ്തും, പാസുകള്‍ നല്‍കിയും ഫുട്‌ബോള്‍ ആസ്വാദകരെ ലഹരിയിലാഴ്ത്തി. കാല്‍പ്പന്തിന്റെ എല്ലാ പാഠങ്ങളും തുന്നിക്കൂട്ടിയ പുസ്തകം പോലെയുള്ള ജീവിതം. മൈതാനത്തും ജീവിതത്തിലും എത്രവലിയ പ്രതിസന്ധികളെയും പുഷ്പം പോലെ മറികടന്ന  അമാനുഷന്‍. കളിയിലൂടെ വിവിധ കരകളെയും കാലത്തെയും ചക്രവര്‍ത്തിയായി മാറിയ കാല്‍പ്പന്തിന്റെ മാന്ത്രികന്‍ വിട പറയുമ്പോള്‍ ബാക്കിയാവുന്നത് തകര്‍ക്കാന്‍ കഴിയാത്ത ഒരുപിടി റെക്കോര്‍ഡുകളും ഓര്‍മ്മകളുമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ