സിന്ധുഭൈരവി സ്പർശമുള്ള സിസേഴ്സ് കിക്ക്, ഹംസധ്വനിയിൽ ചാലിച്ച കിടിലൻ ഹാഫ് വോളി. ശങ്കരാഭരണത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ ഒഴുകുന്ന ഫ്രീകിക്ക്.. ഭ്രാന്തൻ ആശയങ്ങളെന്ന് തോന്നാം. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ പാസിൽ നിന്ന് ബലമുരളീകൃഷ്ണ ഗോളടിച്ചു എന്നൊക്കെ പറയുംപോലെ ശുദ്ധ ഭോഷ്ക്ക്. എങ്കിലും ഓർത്തുനോക്കുക: പന്തുകളിയെയും പാട്ടിനേയും കൂട്ടിയിണക്കുന്ന ചില കണ്ണികളില്ലേ? അദൃശ്യമായ കണ്ണികൾ?
ബംഗാളിയിലെ പ്രമുഖ കളിയെഴുത്തുകാരനും സംഗീതപ്രേമിയുമായ മുന്ന എന്ന സുഹൃത്തിന്റെ ഗാനശേഖരത്തിൽ നിന്നാണ് എലീസ് റജീന എന്ന ഗായികയെ ആദ്യം കേട്ടത്. ബ്രസീലിയൻ ജനതയുടെ പ്രിയപ്പെട്ട പോപ്പ് -- ജാസ് കലാകാരി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി ചെറുപ്പത്തിലേ മരിച്ചുപോയ പ്രതിഭാശാലി. പാട്ട് തുടങ്ങി പാതിയെത്തിയപ്പോൾ റജീനയുടെ ആലാപനത്തിലേക്ക് ``അസംസ്കൃത''മായ ഒരു പുരുഷ ശബ്ദം ഒഴുകിയെത്തുന്നു. മധുരനാദം എന്ന് പറഞ്ഞുകൂടാ. എങ്കിലും എന്തോ ഒരു വശ്യതയുണ്ടായിരുന്നു അതിന്. ആത്മാവിൽ നിന്ന് സ്വച്ഛശാന്തമായി പ്രവഹിക്കുന്ന നാദം. ഒരു മഴവിൽ കിക്ക് പോലെ.
``ആരെന്നറിയുമോ ഈ പാട്ടുകാരൻ?''-- മുന്നയുടെ ചോദ്യം. ഇല്ല. മുൻപ് കേട്ടിട്ടില്ല. ശബ്ദത്തിലൂടെ തിരിച്ചറിയാൻ മാത്രം ബ്രസീലിയൻ സംഗീതവുമായി അത്ര അടുപ്പവുമില്ല.
ചിരിച്ചുകൊണ്ട് മുന്ന പറഞ്ഞു: ``എന്നാൽ കേട്ടോളൂ. ഇതൊരു ചക്രവർത്തിയുടെ ശബ്ദമാണ്. സാക്ഷാൽ പെലെയുടെ...''
അമ്പരപ്പായിരുന്നു ആദ്യം. പിന്നെ കൗതുകവും. പെലെയിലെ നർത്തകനെ വിസ്മയത്തോടെ കണ്ടിരുന്നിട്ടുണ്ട് ടെലിവിഷനിൽ. പെനാൽറ്റി ഏരിയയുടെ ചുറ്റുവട്ടത്ത് എതിരാളികൾ ചമയ്ക്കുന്ന വലയത്തിൽ നിന്ന് ഒരു ബാലെ ആർട്ടിസ്റ്റിന്റെ മെയ്‌വഴക്കത്തോടെ പുറത്തേയ്ക്കൊഴുകുന്ന കറുത്ത മുത്ത്. ലോക ഫുട്‍ബോളിലെ മില്യൺ ഡോളർ കാഴ്ച്ചകളിൽ ഒന്ന്. പക്ഷേ കളിക്കളത്തിലെ ഐന്ദ്രജാലികനിൽ ഒരു ഗായകൻ കൂടിയുണ്ടെന്നത് പുത്തൻ അറിവായിരുന്നു. മാത്രമല്ല അദ്ദേഹം എഴുതി ചിട്ടപ്പെടുത്തി പാടിയ മ്യൂസിക് ആൽബം ലാറ്റിനമേരിക്കയിൽ ചൂടോടെ വിറ്റുപോയിട്ടുണ്ടെന്നതും. ഗോളടി ശ്വാസോച്ഛാസം പോലെ നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മനുഷ്യന് എവിടുന്നു കിട്ടി ഇതിനൊക്കെ സമയം?
പെലെ ജിംഗാ -- അതാണ് ആൽബത്തിന്റെ പേര്. പേരിട്ടതും പാട്ടുകൾ എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയതുമെല്ലാം പെലെ തന്നെ. അറേഞ്ച്മെന്റ് മാത്രം വാദ്യവിന്യാസ വിദഗ്ദൻ റൂരിയ ഡ്യൂപ്റ്റർ വക. സാംബാ നർത്തകന്റെ താളനിബദ്ധമായ ശരീരചലനങ്ങളാണ് ജിംഗാ. പിൻഭാഗം കൊണ്ടുള്ള ആ പ്രശസ്തമായ ``സ്വിങ്''. ഗോളടിച്ചാൽ ജിംഗാ നൃത്തം നിർബന്ധമാണ് ബ്രസീലിയൻ കളിക്കാർക്ക്.
ആൽബത്തിലെ ഒരു പാട്ടിൽ പെലെ എഴുതുന്നു: ``ഫുട്‍ബോളിനെ നൃത്തമാക്കുന്നു ജിംഗാ; ഞങ്ങളെ നർത്തകരും. എതിരാളികൾ പകച്ചു നിൽക്കുകയും അപമാനിതരാകുകയും ചെയ്യുന്നു ഈ നൃത്തചുവടുകൾക്ക് മുന്നിൽ.'' (നാല് വർഷം മുൻപ് ജെഫ് -- മൈക്കൽ സിംബലിസ്റ്റ് കൂട്ടുകെട്ട് സംവിധാനം ചെയ്ത പെലെ--ബെർത്ത് ഓഫ് എ ലെജൻഡ് എന്ന സിനിമക്ക് വേണ്ടി പെലെ ജിംഗാ സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്കരിച്ചു നമ്മുടെ എ ആർ റഹ്‌മാൻ.)
ഒരർഥത്തിൽ പ്രലോഭനീയമായ ഈ നൃത്തച്ചുവടുകൾ തന്നെയല്ലേ പെലെയെ ഫുട്‍ബോൾ കണ്ട എക്കാലത്തെയും മഹാനായ കലാകാരനാക്കി മാറ്റിയതും? പന്തുമായി ഇരു വിംഗുകളിലൂടെയും കുതികുതിക്കുമ്പോൾ, ബോക്സിലേക്ക് കണ്ണഞ്ചിക്കുന്ന വേഗത്തിൽ കട്ട് ചെയ്‌തു കയറുമ്പോൾ, ക്രോസുകളിൽ പറന്നുയർന്നു തലവെക്കുമ്പോൾ, ഇടനെഞ്ചിൽ ഏറ്റുവാങ്ങിയ പന്ത് കാൽമുട്ടിലേക്കും അവിടെ നിന്ന് വലം കാലിന്റെ ഇൻസ്റ്റെപ്പിലേക്കും ഞൊടിയിടയിൽ മാറ്റി പോസ്റ്റിലേക്ക് നിറയൊഴിക്കുമ്പോൾ ആ ബാലേ ആർട്ടിസ്റ്റ് വീണ്ടും പൂത്തുലയുന്നു നമുക്ക് മുന്നിൽ; അപൂർവ സുന്ദരമായ ഏതോ ഈണത്തിന്റെ അകമ്പടിയോടെ. പെലെക്ക് മാത്രം കേൾക്കാനും ആസ്വദിക്കാനും കഴിയുന്ന സംഗീതം.
പിൽക്കാലത്ത് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫുട്‍ബോൾ രാജാവ് പറഞ്ഞു: ``കുറെയേറെ ഗോളടിച്ചു കൂട്ടി. കുറെ കുട്ടികൾക്ക് ജന്മം നൽകി; ധാരാളം പുസ്തകങ്ങൾ എഴുതി; മരങ്ങൾ നട്ടുപിടിപ്പിച്ചു. എല്ലാം സന്തോഷമുള്ള കാര്യങ്ങൾ തന്നെ. പക്ഷേ സംഗീതത്തിൽ ഈ നേട്ടങ്ങളൊന്നും ആവർത്തിക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി..''
കളിക്കമ്പവും സംഗീതവും ഏതാണ്ട് ഒരേ കാലത്താണ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് പറഞ്ഞിട്ടുണ്ട് പെലെ. രണ്ടും പകർന്നു കിട്ടിയത് പിതാവായ ജോവോ റാമോസ് ദോ നാസിമെന്റോയിൽ നിന്ന്. അച്ഛൻ ``കവാക്വിനോ'' എന്ന സംഗീതോപകരണം മീട്ടുന്നതാണ് പെലെയുടെ ബാല്യകാല സ്മരണകളിലെ മിഴിവാർന്ന ചിത്രങ്ങളിൽ ഒന്ന്. ഹവായൻ തന്ത്രിവാദ്യമായ യൂക്കെലെലെയുടെ ബ്രസീലിയൻ പതിപ്പാണ് കവാക്വിനോ.
``ആദ്യം പഠിച്ചെടുത്തത് ഗിറ്റാർ. സ്വയം എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകൾ ഗിറ്റാർ വായിച്ചു പാടാനായിരുന്നു അന്നേ എനിക്കിഷ്ടം. 1956 മുതൽ 74 വരെ സാന്റോസ് ക്ലബ്ബിന് കളിച്ച കാലമാണ് എന്നിലെ പാട്ടെഴുത്തുകാരന്റെ ഏറ്റവും പുഷ്കലമായ കാലഘട്ടം. ഏതാണ്ട് അഞ്ഞൂറോളം പാട്ടുകൾ എഴുതി അക്കാലത്ത് ഞാൻ. പലതും പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു. സാംബാ ഗായകൻ ജെയ്‌ർ റോഡ്രിഗ്സ് പാടിയ സിദാദേ ഗ്രാൻഡേ ഉദാഹരണം.'' -- പെലെയുടെ വാക്കുകൾ.
കാമുകിമാർക്ക് പാടാൻ വേണ്ടിയും പാട്ടുകൾ എഴുതി പെലെ. ഏറ്റവും പ്രശസ്തമായത് ജാസിന്റെയും സാംബയുടെയും മിശ്രിതമായ ബോസ-നോവ ശൈലിയിൽ സൂസ എന്ന ഗായിക പാടിയ സാന്റാക്ളോസിനെ കുറിച്ചുള്ള രചനയാണ്. ബ്രസീലിയൻ നീലച്ചിത്ര നായികയായിരുന്ന സൂസ പെലെയുടെ കാമുകിയായിരുന്നു ഒരു കാലത്ത്.
``ജാസും സാംബായും ചേർന്നപ്പോൾ ബോസ-നോവ ഉണ്ടായപോലെ ബുദ്ധിയും സൗന്ദര്യവും ചേർന്നപ്പോൾ ബ്രസീലിയൻ ഫുട്‍ബോൾ ജനിച്ചു.. രണ്ടിനേയും ലോകം ഇരുകൈകളും നീട്ടി വരവേൽക്കുകയും ചെയ്തു.''-- പെലെ ഒരിക്കൽ പറഞ്ഞു.
കറുത്ത മുത്തിന്റെ വിയോഗത്തോടെ ഫുട്‍ബോളിന് നഷ്ടപ്പെട്ടത് ബുദ്ധിയും സൗന്ദര്യവും മാത്രമല്ല; താളനിബദ്ധമായ ഒരു ഈണം കൂടിയാണ്; തലമുറകളെ കോരിത്തരിപ്പിച്ച ഈണം.