ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പാദ സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് നാണംകെട്ട തോല്‍വിയാണ് റയല്‍ മാഡ്രിഡ് ഏറ്റുവാങ്ങിയത്. സിറ്റിയുടെ തട്ടകത്തില്‍ ഒന്നുപൊരുതാന്‍ പോലുമാകാതെ റയല്‍ കീഴടങ്ങിയത് ആരാധകരെ മാത്രമല്ല ടീം മാനേജ്‌മെന്റിനെത്തന്നെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
നേരത്തെ സ്പാനിഷ് ലാ ലിഗ കിരീടവും ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗും കൈവിട്ടതോടെ മേജര്‍ കിരീടങ്ങള്‍ ഒന്നുമില്ലാതെ അവര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടിയും വരും. കോപ്പാ ഡെല്‍ റേ കിരീടം നേടിയതു മാത്രമാണ് അവര്‍ക്ക് ഇക്കുറി ആഘോഷിക്കാന്‍ എന്തെങ്കിലും വക നല്‍കുന്നത്. സിറ്റിയോടേറ്റ തോല്‍വിക്കു പിന്നാലെ പുതിയ സീസണിലേക്കു ടീമില്‍ വന്‍ ഉടച്ചുവാര്‍ക്കലുകള്‍ക്കാണ് റയല്‍ തയാറെടുക്കുന്നതെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ പഴയ 'ഗലാറ്റിക്കോസ് ട്രാന്‍സ്ഫര്‍ പോളിസി'യിലേക്കു മടങ്ങാനാണ് റയല്‍ ലക്ഷ്യമിടുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ ടീമുകളില്‍ നിന്നു ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെ വന്‍ വിലകൊടുത്ത് ടീമിലെത്തിക്കുന്ന രീതിയെയാണ് ഫുട്‌ബോള്‍ ലോകം 'ഗലാറ്റിക്കോസ്' എന്നു വിശേഷിപ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളായി റയല്‍ ഈ രീതി മാറ്റിവച്ചിരിക്കുകയായിരുന്നു. പകരം പ്രതിഭയുള്ള യുവതാരങ്ങളെ കണ്ടെത്തിക്കൊണ്ടു വന്ന് ഒരു മികച്ച നിരയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഒരു പരിധി വരെ അതു വിജയിക്കുകയയും ചെയ്തിരുന്നു. ഇപ്പോള്‍ റയല്‍ നിരയില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, ഔറേലിയന്‍ ഷൗമേനി, എഡ്വാര്‍ഡോ കമാവിംഗ എന്നിവര്‍ ഇങ്ങനെ വളര്‍ന്നു വന്നവരാണ്.
വരുന്ന സീസണിലും ഈ രീതിയുമായി മുന്നോട്ടു പോകാനായിരുന്നു ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ സിറ്റിയോടേറ്റ തോല്‍വിയും, മുന്‍നിര താരങ്ങളായ കരീം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവരുടെ കരിയര്‍ ഏറെക്കുറേ അവസാന ഘട്ടത്തിലാണെന്ന തിരിച്ചറിവും പെരസിനെ മാറ്റിച്ചിന്തിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ യുവ ടീമിനെ വാര്‍ത്തെടുക്കണമെന്ന തന്റെ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കാനും പെരസ് തയാറല്ല. ഇതോടെ ഗലാറ്റിക്കോസ് പദ്ധതിയും യുവത്വവും സമന്വയിപ്പിച്ച് യുവ സൂപ്പര്‍ താരങ്ങളെ റാഞ്ചി 'യുവ ഗലാറ്റിക്കോസ്' എന്നതാണ് പെരസ് ലക്ഷ്യമിടുന്നതെന്നു മാഴ്‌സയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍നിരയിലും പ്രതിരോധ നിരയിലുമാണ് റയല്‍ അഴിച്ചുപണിയും നിക്ഷേപവും നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, ബയേണ്‍ മൂണിക്കിന്റെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ ജമാല്‍ മുസിയാല, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെന്റര്‍ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം, ലെപ്‌സിഷിന്റെ സെന്റര്‍ ബാക്ക് യോസ്‌കോ വാര്‍ഡിയോള്‍, വിയ്യാറയലിന്റെ വലതു വിങ്ങര്‍ യെരമി പിനോ എന്നിവരാണ് റയലിന്റെ റഡാറിലുള്ളത്.
ഇതില്‍ ബെല്ലിങ്ഹാമിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ഏറെക്കുറേ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിന്റെ പകരക്കാരന്‍ എന്ന നിലയ്ക്കാണ് ബെല്ലിങ് ഹാമിനെ റയല്‍ നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ എന്തു വിലകൊടുത്തും താരത്തെ സ്വന്തമാക്കാനുറച്ചാണ് റയല്‍ ചര്‍ച്ചകള്‍ നടത്തിയത്.
ബെല്ലിങ്ഹാമിനും പ്രിയം സാന്റിയാഗോ ബെര്‍ണാബുവിലേക്കു പോകാനായിരുന്നന്നെന്നും ഇതോടെ ചര്‍ച്ചകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ റയലിനു കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റിയിലും ലിവര്‍പൂളിലും ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്തതാണ് ബെല്ലിങ്ഹാമിനെ ചിന്തിപ്പിച്ചത്. റയലില്‍ കൂടുതല്‍ പ്ലേയിങ് ടൈം കിട്ടുമെന്നതും മോഡ്രിച്ചിനു പകരം ക്രമേണ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ സ്ഥാനം ഉറപ്പാണെന്നും സ്പെയിന്‍ തട്ടകമാക്കാന്‍ ഇംഗ്ലീഷ് താരത്തെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എംബാപ്പെയ്ക്കായി കഴിഞ്ഞ സീസണിലും റയല്‍ വലവിരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇക്കുറി എത്ര പണം ചിലവഴിച്ചായാലും എംബാപ്പയെ എത്തിക്കാനാണ് പെരസിന്റെ ശ്രമം. എന്നാല്‍ നിലവിലെ പി.എസ്.ജി. ടീമില്‍ നിന്ന് ലയണല്‍ മെസി, നെയ്മര്‍ എന്നിവര്‍ വിട്ടുപോകുമെന്ന് ഉറപ്പായതോടെ ഫ്രഞ്ച് താരത്തെ പി.എസ്.ജി. വിട്ടുനല്‍കുമോയെന്നു കാത്തിരുന്ന് കാണണം.
ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കായി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ശ്രദ്ധനേടിയ താരമാണ് വാര്‍ഡിയോള്‍. ലെപ്‌സിഷുമായി താരത്തിനു വേണ്ടി രണ്ടു റൗണ്ട് ചര്‍ച്ചകള്‍ റയല്‍ നടത്തിക്കഴിഞ്ഞു. താമസിയാതെ കരാര്‍ ധാരണയിലെത്തിക്കാനാകുമെന്നാണ് റയല്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ യെരമി പിനോയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്.
പുതിയ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമ്പോള്‍ തന്നെ ഈ കൂടുമാറ്റങ്ങള്‍ പൂര്‍ത്തിയാക്കാനാണ് റയല്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു സീസണുകളില്‍ പണം ചിലവഴിച്ചു മികച്ച താരങ്ങളെ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന പരാതി ഇതോടെ മാറ്റിയെടുക്കാനും ടീമിനെ പൂര്‍ണമായും ഉടച്ചുവാര്‍ക്കാനുമാണ് പെരസ് ലക്ഷ്യമിടുന്നത്.