FOOTBALL

ബ്ലാസ്‌റ്റേഴ്‌സില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; റെക്കോഡ് തുകയ്ക്ക് ഗില്‍ ഈസ്റ്റ് ബംഗാളില്‍

കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍ എന്ന ഖ്യാതിയും ഗില്ലിനെ തേടിയെത്തി.

വെബ് ഡെസ്ക്

ഒന്നര മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലിനെ റാഞ്ചി കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍. ഇരുപത്തിരണ്ടുകാരനായ താരത്തിനെ 1.2 കോടി രൂപയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ പാളയത്തില്‍ എത്തിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ക്ലോസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാളുമായുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍ എന്ന ഖ്യാതിയും ഗില്ലിനെ തേടിയെത്തി. കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നാളെ താരം ഈസ്റ്റ് ബംഗാളിന്റെ ഹോം തട്ടകത്തില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് ഗില്‍. ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യന്‍ ആരോസ്, ബംഗളുരു എഫ്‌സി എന്നിവയില്‍ കളിച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. 2021-ല്‍ ആല്‍ബിനോ ഗോമസിനു പരുക്കേറ്റതോടെയാണ് ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി മാറുന്നത്.

ആ സീസണില്‍ തന്നെ മിന്നുന്ന അക്രോബാറ്റിക് സേവുകളിലൂടെ കൈയടി നേടിയ താരം സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗവും സ്വന്തമാക്കി. ഐ.എസ്.എല്‍. ചരിത്രത്തില്‍ ഗോള്‍ഡണ്‍ ഗ്ലൗ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും അന്ന് ഗില്ലിനായി. 20 വയസായിരുന്നു അന്ന് താരത്തിന്റെ പ്രായം.

പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിരം ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ താരം ഇക്കഴിഞ്ഞ സീസണില്‍ 19 മത്സരങ്ങളില്‍ ഗോള്‍വല കാത്തു. അതില്‍ നാലു മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടാനും താരത്തിനായി. ബ്ലാസ്‌റ്റേഴ്‌സിനായുള്ള പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധനേടിയ താരത്തിന് കഴിഞ്ഞ വര്‍ഷം ദേശീയ ടീമിലേക്ക് ക്ഷണവും ലഭിച്ചിരുന്നു.

പ്രഭ്‌സുഖന്‍ സിങ്ങിനു പുറമേ അദ്ദേഹത്തിന്റെ സഹോദരനും സെന്റര്‍ ബാക്കുമായ ഗുര്‍സിമ്രത് സിങ് ഗില്ലിനെയും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി. മുംബൈ സിറ്റി എഫ്.സി. താരമായിരുന്ന ഗുര്‍സിമ്രതിനെ രണ്ടു വര്‍ഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാള്‍ സൈന്‍ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ