മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ ഇന്ത്യന്‍ താരം പ്രീതം കോട്ടാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക്. ഈ ആഴ്ച തന്നെ കരാര്‍ ഒപ്പുവയ്ക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നു വര്‍ഷത്തേക്കാണ് താരം കരാര്‍ ഒപ്പുവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്ന ഹോര്‍മിപാമിനു പകരമായാണ് ബഗാന്‍ പ്രിതം കോട്ടാലിനെ വിട്ടുനല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നതായാണ് ലഭിക്കുന്ന വിവരം.
സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദിനെ ബഗാന് വില്‍ക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. സഹലിനു പകരം 2.5 കോടി രൂപയും പ്രീതം കോട്ടാലിനെയുമാണ് ബഗാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിര്‍ബന്ധിതരാകുകയായിരുന്നു.
നേരത്തെ സഹലിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു മാനേജ്മെന്റിന്. ബഗാനു പുറമേ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍, മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിന്‍ എഫ്.സി. എന്നിവര്‍ സഹലിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് താല്‍പര്യമെന്നു സഹല്‍ വ്യക്തമാക്കിയതോടെ താരത്തെ വിട്ടുകൊടുക്കില്ലെന്നു ബ്ലാസ്റ്റേഴ്സും പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ 2025 വരെ സഹലിനു ബ്ലാസ്റ്റേഴ്സുമായി കരാര്‍ നിലവിലുണ്ട്. സഹല്‍ ആഗ്രഹിക്കുന്ന പക്ഷം അത് നീട്ടിനല്‍കാനും തയാറാണെന്നു കഴിഞ്ഞ ദിവസവും ടീം മാനേജ്മെന്റ് വ്യക്തമാക്കിയതാണ്. എന്നാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ നേരിടുന്ന ബ്ലാസ്റ്റേഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ താരത്തെ വിട്ടുനല്‍കി പണം സ്വീകരിക്കുന്നതാണ് ക്ലബിന്റ മുന്നോട്ടുള്ള ഭാവിക്ക് ഗുണം ചെയ്യുകയെന്ന നിലപാടിലാണ് ഇപ്പോള്‍ ടീം മാനേജ്മെന്റ്.