പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ലയണല്‍ മെസിയുടെ കൂടുമാറ്റത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുകയാണ്. ബാഴസലോണയിലേക്ക് മടങ്ങുമോ പിഎസ്ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ മെസിയുടെ മൗനം ഫുട്‌ബോള്‍ പ്രേമികളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. അതോടൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പിഎസ്ജി പുറത്തായതും ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ കൂടെ തുടരുന്ന കാര്യത്തില്‍ വ്യക്തതവരുത്താത്തതില്‍ പ്രതിഷേധിച്ച് മെസിയെ കൂവിവിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി ആരാധകര്‍. ഞായറാഴ്ച നടക്കാനിരിക്കുന്ന റെന്നസുമായുള്ള മത്സരത്തില്‍ മെസിയ്‌ക്കെതിരെ പ്രതിഷേധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പിഎസ്ജി പുറത്തായതിന്റെ കാരണക്കാരനായി ആരാധകര്‍ വിരല്‍ ചൂണ്ടുന്നതും മെസിയിലേക്ക് തന്നെയാണ്
ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിപ്പിച്ച് 2021 ലാണ് മെസി പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ചൂടുക എന്ന ലക്ഷ്യത്തോടെയാണ് മെസിയെ പിഎസ്ജിയിലേക്ക് കൊണ്ടു വന്നത്. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും മെസിയിലൂടെ കിരീടത്തിലേക്ക് എത്താന്‍ ക്ലബ്ബിന് കഴിഞ്ഞില്ല. മാത്രമല്ല ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പിഎസ്ജി പുറത്തായതിന്റെ കാരണക്കാരനായി ആരാധകര്‍ വിരല്‍ ചൂണ്ടുന്നതും മെസിയിലേക്ക് തന്നെയാണ്.
ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തകര്‍ത്ത് മെസിയുടെ അര്‍ജന്റീന കപ്പുയര്‍ത്തിയതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് കളിക്കാര്‍ക്ക് നേരെ അഴിച്ചുവിട്ട പരാമര്‍ശങ്ങള്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു. റെന്നസിന് എതിരായ മത്സരത്തില്‍ മെസി പന്ത് തൊടുമ്പോള്‍ കൂവും എന്നാണ് പിഎസ്ജി ആരാധകര്‍ ആഹ്വാനം ചെയ്തത്.