ക്ലബ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബായ അല്‍ ഹിലാല്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് അല്‍ ഹിലാല്‍. എംബാപ്പെയ്‌ക്കു വേണ്ടി അവര്‍ വച്ച ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ് ഇന്ന് പി.എസ്.ജി അംഗീകരിച്ചു. ഇതോടെ എംബാപ്പെയുടെ കൂടുമാറ്റം ഉറപ്പായാതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എംബാപ്പെയ്‌ക്കായി 300 മില്യന്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീയായി അല്‍ ഹിലാല്‍ പിസ്ജിക്ക് നല്‍കുന്നത്. കൂടാതെ താരത്തിന് പ്രതിവര്‍ഷം 400 മില്യണ്‍ യൂറോ വേതനമായി നല്‍കുമെന്നും ബിഡ്ഡില്‍ പറയുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ബിഡ്ഡിന് പി.എസ്.ജി ഉടന്‍ അംഗീകാരം നല്‍കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.
എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡിലേക്കു പോകാനാണ് താല്‍പര്യം എന്നായിരുന്നു പിഎസ്ജി വിശ്വസിച്ചിരുന്നു. താരം തന്നെ ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡ് അധികം വൈകാതെ ബിഡ് സമര്‍പ്പിക്കുമെന്നായിരുന്നു പിഎസ്ജിയുടെ പ്രതീക്ഷ. എന്നാല്‍ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീ കാരണം റയല്‍ പിന്നോക്കം മാറിയതോടെ സൗദി ക്ലബിന്റെ ബിഡ് അംഗീകരിക്കാന്‍ പിഎസ്ജി നിര്‍ബന്ധിതരാകുകയായിരുന്നു.
അതേസമയം ഇക്കാര്യത്തില്‍ എംബാപ്പെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താരവുമായി സൗദി ക്ലബും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സൗദിയിലേക്ക് വരാന്‍ എംബാപ്പെയ്ക്കു താല്‍പര്യമുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ചര്‍ച്ചകള്‍ ആരംഭിക്കൂയെന്നാണ് നേരത്തെ ക്ലബ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ തങ്ങളുടെ ബിഡ് ഫ്രഞ്ച് ക്ലബ് അംഗീകരിച്ച സാഹചര്യത്തില്‍ താരവുമായി അല്‍ ഹിലാല്‍ വൃത്തങ്ങള്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന.
എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡില്‍ പോകാനാണ് താല്‍പര്യം. ഇക്കാരണത്താല്‍ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് താരത്തെ പ്രീസീസണ്‍ സ്‌ക്വാഡില്‍ നിന്നു പിഎസ്ജി പുറത്താക്കിയിരുന്നു. ക്ലബുമായി കരാര്‍ പുതുക്കാതെ ഇനി എംബാപ്പെയെ കളിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഇതിനിടെയാണ് അല്‍ ഹിലാല്‍ ബിഡ് സമര്‍പ്പിക്കുന്നത്.