നാലുവര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കാല്‍പ്പന്ത് ഉത്സവത്തിന് ഇന്നു കൊടിയേറ്റം കുറിക്കുമ്പോള്‍ ആവേശത്തിന്റെ പഞ്ചവാദ്യം തീര്‍ക്കാനൊരുങ്ങുകയാണ് ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തരായ ഇക്വഡോറും.
അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9:30-ന് ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടത്തോടെയാണ് 2022 ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം കുറിക്കുക. ഖത്തര്‍ ഇതാദ്യമായാണ് ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കളിക്കാനിറങ്ങുന്നതെങ്കില്‍ ലാറ്റിനമേരിക്കന്‍ ടീമിന് ഇത് നാലാം ലോകകപ്പാണ്.
നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഖത്തര്‍ ലോകകപ്പ് വേദിയില്‍ നവാഗതരാണെങ്കിലും എഴുതിത്തള്ളാനാകില്ല. ഇക്കഴിഞ്ഞ ഒക്‌ടോബറിനു ശേഷം കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ഖത്തര്‍ സ്വന്തം മണ്ണിലെ ലോകകപ്പില്‍ വിജയത്തുടക്കത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഹോം സാഹചര്യങ്ങളുടെ മുഴുവന്‍ ആനുകൂല്യവും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. സ്‌ട്രൈക്കര്‍മാരായ അല്‍മോസ് അലി, അക്രം അഫീഫ് എന്നിവരിലാണ് ഖത്തറിന്റെ പ്രതീക്ഷയത്രയും.
മധ്യനിരയില്‍ നായകന്‍ ഹസന്‍ അല്‍ ഹൈഡോസ് ആണ് കളിമെനയുക. വെറ്ററന്‍ താരം അബ്ദള്‍കരീം ഹസന്‍ നയിക്കുന്ന പ്രതിരോധനിരയും ശക്തമാണ്. പ്രതിരോധത്തിനു പ്രാധാന്യം നല്‍കി 5-3-2 എന്ന ശൈലിയിലായിരിക്കും സ്പാനിഷ് കോച്ചായ ഫെലിക്‌സ് സാഞ്ചസ് ബാസ് ഖത്തറിനെ ഇന്ന് അണിനിരത്തുക.
മുമ്പ് മൂന്നു തവണ ലോകകപ്പ് കളിച്ചിട്ടുള്ള ഇക്വഡോര്‍ ഇതിനു മുമ്പ് 2006ല്‍ മാത്രമാണ് നോക്കൗട്ടില്‍ കടന്നത്. ഇക്കുറി രണ്ടും കല്‍പിച്ചാണ് അവരുടെ വരവ്. ഈ ജൂണിനു ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്താന്‍ അവര്‍ക്കായി.
എന്നര്‍ വലന്‍സിയയുടെയും റൊമാരിയോ ഇബാറയുടെയും ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇക്വഡോറിന്റെ വരവ്. ഇവര്‍ക്കു പുറമേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പെര്‍വിസ് സ്റ്റുപ്‌നാന്‍, മോയ്‌സസ് കെയ്‌സെഡോ തുടങ്ങിയവരും ഇന്നു ഖത്തര്‍ പ്രതിരോധ നിരയ്ക്കു തലവേദന സൃഷ്ടിക്കും. നോക്കൗട്ട് പ്രതീക്ഷകളോടെയാണ് ഖത്തറും ഇക്വഡോറും ഇന്നു കൊമ്പുകോര്‍ക്കുക. കരുത്തരായ ഹോളണ്ടും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലുമാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍.