Qatar World Cup

കളം നിറയാന്‍ അര്‍ജന്റീന; കണക്ക് തീര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സ്

ഇതുവരെ അഞ്ചു തവണയാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. രണ്ടു തവണ നെതര്‍ലന്‍ഡ്സ് ജയിച്ചപ്പോള്‍ ഒരെണ്ണം അര്‍ജന്റീന നേടി. രണ്ടെണ്ണം സമനിലയില്‍, അതിലൊന്നു പിന്നീട് ഷൂട്ടൗട്ടില്‍ അര്‍ജന്റീന സ്വന്തമാക്കി

വെബ് ഡെസ്ക്

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പോരാട്ടമാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം അരങ്ങേറിയത്. 1978 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന നായകന്‍ മരിയോ കെംപസിന്റെ ഐതിഹാസിക ഗോളും തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ 'ടിക്കര്‍ ടേപ്' ആഘോഷവും, 1998-ല്‍ നെതര്‍ലന്‍ഡ്‌സ് താരം ഡെന്നിസ് ബെര്‍കാമ്പിന്റെ ഇന്‍ജുറി ടൈം ഗോളുമെല്ലാം ഇന്നും ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളാണ്.

അതെല്ലാം ഓര്‍മിപ്പിച്ചു എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇരു ടീമുകളും കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഖത്തര്‍ ലോകകപ്പില്‍ ഇന്നു നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ നേരിടും. രാത്രി 12:30-ന് ലുസെയ്ല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

അവസാന നടന്ന രണ്ടു ലോകകപ്പ് പോരാട്ടങ്ങളും നിശ്ചിത സമയത്ത് ഒരു വിജയിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. 2006-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ 2014-ല്‍ ലും സമാന ഫലമായിരുന്നു. എന്നാല്‍ അന്ന് സെമിഫൈനല്‍ പോരാട്ടമായിരുന്നതിനാല്‍ മത്സരം പിന്നീട് എക്‌സ്ട്രാ ടൈമിലേക്കും അവിടെയും സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടു. പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് അര്‍ജന്റീന ജയവും നേടി.

ഇന്ന് അര്‍ജന്റീനയെ നേരിടാനിറങ്ങുമ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ മനസില്‍ ഈയൊരു മുറിവുണ്ട്. അന്നത്തെയും ഇന്നത്തെയും പരിശീലകനായ ലൂയിസ് വാന്‍ഗാല്‍ അക്കാര്യം തുറന്നു പറയുകയും ചെയ്തുകഴിഞ്ഞു; ''അര്‍ജന്റീനയ്‌ക്കെതിരേ ഞങ്ങള്‍ക്കൊരു കണക്ക് തീര്‍ക്കാനുണ്ട്!''

മെസി-നെതര്‍ലന്‍ഡ്‌സ് പോരാട്ടമാകില്ല

ഖത്തര്‍ ലോകകപ്പില്‍ തന്റെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിനാണ് അര്‍ജന്റീന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ബൂട്ട് കെട്ടുന്നത്. പ്രീക്വാര്‍ട്ടറില്‍ കരിയറിലെ 1000-ാമത്തെ മത്സരവും മെസി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആ മത്സരത്തില്‍ സ്‌കോര്‍ ചെയ്യുകയു ചെയ്തു. ഏറ്റവും ഒടുവില്‍ നടന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് മെസിയില്‍ നിന്ന് ആരാധകര്‍ ഈ ലോകകപ്പിലും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇന്നത്തെ മത്സരം മെസി-നെതര്‍ലന്‍ഡ്‌സ് പോരാട്ടമായി മാറില്ലെന്നാണ് ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ഡിക് പറയുന്നത്. ''മെസി മികച്ച താരമാണ്. അദ്ദേഹത്തെ തടയുക പ്രയാസകരവുമാണ്. പക്ഷേ മെസി മാത്രമല്ല ഞങ്ങള്‍ പൂട്ടാന്‍ ശ്രമിക്കുന്നത്. അര്‍ജന്റീനയ്ക്ക് നിരവധി മികച്ച താരങ്ങളുണ്ട്. അതുകൊണ്ട് ടീം അര്‍ജന്റീനയാണ് ഞങ്ങളുടെ എതിരാളി''- വാന്‍ഡിക് പറഞ്ഞു.

ടീം വാര്‍ത്തകള്‍:-

നെതര്‍ലന്‍ഡ്‌സ് നിരയില്‍ എല്ലാവരും തന്നെ പൂര്‍ണ ഫിറ്റാണ്. യുഎസിനെതിരായ പ്രീക്വാര്‍ട്ടറിനു മുമ്പ് താരങ്ങള്‍ക്ക് പനിബാധ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ ആ മത്സരം ജയിച്ച തങ്ങളുടെ താരങ്ങള്‍ എല്ലാവരും തന്നെ മികച്ച ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നുണ്ടെന്നും കോച്ച് വാന്‍ഗാല്‍ പറഞ്ഞു.

അതേസമയം അര്‍ജന്റീന നിരയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പരുക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ പുറത്തിരുന്ന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ഇന്ന് തിരിച്ചെത്തുമെന്ന വാര്‍ത്ത് ആരാധകര്‍ക്ക് ആവേശം പകരുമ്പോള്‍ മറ്റൊരു സുപ്രധാന മധ്യനിര താരം റോഡ്രിഗോ ഡി പോളിന് പരുക്കേറ്റെന്ന വാര്‍ത്ത ആശങ്ക പടര്‍ത്തുന്നു.

പരിശീലനത്തിനിടെയാണ് താരത്തിനു പരുക്കേറ്റത് എന്നാണ് സൂചനകള്‍. ഡി പോളിനു പുറമേ യുവതാരം പപ്പു ഗോമസിനും പരുക്കാണെന്ന കിംവദന്തികളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ സ്ഥരീകരിക്കാനോ നിഷേധിക്കാനോ ടീം മാനേജ്‌മെന്റ് തയാറായിട്ടില്ല. വാര്‍ത്തകള്‍ അസംബന്ധമാണെന്നും മരിയയും ഡിപോളും നാളെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നും ടീമുമായി ബന്ധപ്പെട്ട അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

നേര്‍ക്കുനേര്‍ റെക്കോഡ്

ലോകകപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാല്‍ നെതര്‍ലന്‍ഡ്‌സിന് അര്‍ജന്റീനയ്ക്കു മേല്‍ നേരിയ മുന്‍തൂക്കമുണ്ട്. ഇതുവരെ അഞ്ചു തവണയാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. അതില്‍ രണ്ടു തവണ നെതര്‍ലന്‍ഡ്സ് ജയിച്ചപ്പോള്‍ ഒരെണ്ണം അര്‍ജന്റീന സ്വന്തമാക്കി. രണ്ടു മത്സരങ്ങള്‍ സമനിലയിലായി, അതിലൊന്നു പിന്നീട് ഷൂട്ടൗട്ടില്‍ അര്‍ജന്റീന സ്വന്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ