അലിയു സിസ്സെ ഫുട്ബോൾ സെനഗൽ
Qatar World Cup

20 വർഷം മുൻപ് നായകനായി നയിച്ചു; ഇന്ന് തന്ത്രങ്ങൾ മെനഞ്ഞ പരിശീലകൻ

സൂപ്പർതാരം സാദിയോ മാനെയുടെ അഭാവത്തിലും ലോകകപ്പിലെ സെനഗലിന്റെ പ്രീക്വാർട്ടർ മുന്നേറ്റത്തിന് കടിഞ്ഞാൻ പിടിച്ചത് അലിയു സിസ്സെ എന്ന പരിശീലകനാണ്

വെബ് ഡെസ്ക്

ഏഷ്യയിലാദ്യമായി വിരുന്നെത്തിയ ലോകകപ്പിന്‌റെ ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വീഴ്ത്തിയാണ് സെനഗല്‍ കാല്‍പ്പന്ത് ആരാധകരുടെ മനസില്‍ ഇടം പിടിക്കുന്നത്. ആദ്യ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ നേടിയ ജയം വെറും ഫ്‌ളൂക്കല്ലെന്ന് തെളിയിച്ച് ക്വാര്‍ട്ടര്‍ വരെയെത്തി അവരന്ന്. പിന്നീട് ഒരു ലോകകപ്പ് യോഗ്യതയ്ക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നു സെനഗലിന്. ജപ്പാനോട് പിന്നിലായി റഷ്യയില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സെനഗല്‍ ഖത്തറില്‍ ഇപ്പോള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ലോകകപ്പിനായി സെനഗലെത്തിയ കാലത്തെല്ലാം ആ ടീമിനൊപ്പം ഒരാളുണ്ടായിരുന്നു; ആദ്യം ക്യാപ്റ്റനായും പിന്നീട് രണ്ട് തവണ പരിശീലകനായും- അലിയു സിസ്സെ.

അലിയു സിസ്സെ

ആഫ്രിക്കന്‍ ഫുട്‌ബോളില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ ഉടമയാണ് സിസ്സെ എന്ന 46 കാരന്‍. ഫുട്‌ബോളിനോടുള്ള പ്രണയവും രാജ്യത്തോടുള്ള ഉത്തരവാദിത്വവും ഒരു പോലെ നെഞ്ചേറ്റി അയാള്‍. 2002 ൽ ജപ്പാൻ -കൊറിയ ലോകകപ്പിൽ കറുത്ത കുതിരകളായി സെനഗൽ അവതരിച്ചത് സിസ്സെയെന്ന നായകനുകീഴിലായിരുന്നു. ആദ്യമായി ലോകകപ്പിലെത്തിച്ച നായകന്‍, 2015 ല്‍ 39ാം വയസില്‍ പരിശീലകന്‌റെ കുപ്പായമണിഞ്ഞു. മൂന്ന് വര്‍ഷം അണ്ടര്‍ 23 ദേശീയ ടീമിന്‌റെ പരിശീലകനായതിന് ശേഷമായിരുന്നു സീനിയര്‍ ടീമിന്‌റെ ചുമതലയേറ്റെടുത്തത്. 2018 ല്‍ രണ്ടാം വട്ടം ലോകകപ്പിനെത്തിയപ്പോൾ സിസെ പരിശീലകനായിരുന്നു. പോയിന്റിൽ ജപ്പാനൊപ്പം തുല്യത പാലിച്ചപ്പോൾ, റെഡ്-യെല്ലോ കാർഡുകളുടെ എണ്ണമാണ് സെനഗലിന്റെ പ്രീക്വാർട്ടർ പ്രതീക്ഷ ഇല്ലാതാക്കിയത്. നാല് വർഷത്തിനിപ്പുറം ഇക്വഡോറിനെ മറികടന്ന് വീണ്ടും അവസാന 16ൽ. സൂപ്പർ താരം സാദിയോ മാനെ ഇല്ലാതെയാണ് ആഫ്രിക്കൻ ചാമ്പ്യന്മാരുടെ മുന്നേറ്റമെന്നത് ശ്രദ്ധേയം.

അലിയു സിസ്സെ

ആഫ്രിക്കൻ നേഷൻസ് കപ്പിലും സെനഗൽ നേട്ടങ്ങൾ നേടിപ്പിടിച്ചത് സിസെയുടെ കാലത്താണ്. 2002 ൽ നായകനായി ടീമിനെ ആദ്യമായി ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പായി. കലാശപ്പോരിൽ ഷൂട്ടൌട്ടിൽ പെനാൽറ്റി മിസാക്കി, നിരാശനായി. 2019 ൽ പരിശീലകനായി ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പിനെത്തിയപ്പോഴും നിരാശയായിരുന്നു ഫലം. പക്ഷേ 2022 ൽ കന്നി കിരീടം സ്വന്തമാക്കി.

താരമായും പിന്നീട് പരിശീലകനായും സെനഗലെന്ന രാജ്യത്തെ ലോകഫുട്ബോളിൽ ഗംഭീരമായി അടയാളപ്പെടുത്തിയ വ്യക്തിയാണ് സിസ്സെ. യൂറോപ്പിലെ ലീഗുകളിൽ കളിച്ച് പരിചയമുള്ള താരങ്ങളെ പ്രാദേശിക ലീഗിലെ താരങ്ങൾക്കൊപ്പം കോർത്തിണക്കി മികച്ച ടീമിനെ ഒരുക്കുകയാണ് അദ്ദേഹം. പരിമിതമായ വിഭവങ്ങളിൽ നിന്ന് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് സിസ്സെ എന്ന പരിശീലകൻ വ്യത്യസ്തനാകുന്നത്. സാധാരണ പരിശീലകരിൽ നിന്ന് വ്യത്യസ്തമായ വേഷവിതാനങ്ങളും നീളൻ മുടിയുമായി ടച്ച് ലൈനിന് പുറത്ത് അയാൾ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് നിറം നൽകുകയാണ്. ഖത്തറിൽ സെനഗൽ പിടിച്ചടക്കുന്ന കോട്ടകളിലെല്ലാം ആ പേര് മായാതെ തെളിയും- ആലിയൂ സിസ്സെ

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു