Qatar World Cup

ഘാനയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലോകകപ്പ് റെക്കോര്‍ഡ് പുസ്തകത്തിലേക്ക്...

22 ാം വയസില്‍ കനേഡിന്‍ ഫുട്‌ബോളിന്‌റെ അംബാസിഡറാണ് അല്‍ഫോണ്‍സോ ഡേവിസ്

വെബ് ഡെസ്ക്

ആഭ്യന്തരകലാപം തകര്‍ത്തെറിഞ്ഞ ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ആ കുടുംബം. ലൈബീരിയന്‍ തലസ്ഥാനമായ മൊണ്‍റോവിയയില്‍ നിന്ന് ഘാനയിലെ ബുദുദുറാം അഭയാര്‍ഥി ക്യാമ്പിലേക്കുള്ള യാത്ര അത്രമേല്‍ ദുരിതമേറിയതായിരുന്നു. സമാധാനമായി ജീവിക്കണമെങ്കില്‍ തോക്ക് തോക്ക് കൈയിലെടുക്കണം. ആ ഗതികേട് ജീവിതമാക്കാന്‍ താത്പര്യമില്ലാതായപ്പോഴാണ് മൂന്ന് മക്കളെയും ചേര്‍ത്ത് പിടിച്ച് ജന്മനാട് വിട്ട് ആ അച്ഛനും അമ്മയും പലായനം ചെയ്തത്. അവിടെ നിന്ന് പുതു ജീവിതം സ്വപ്‌നം കണ്ട് കാനഡയിലേക്ക് കുടിയേറ്റം. ഇരുകൈയും നീട്ടി ആ നാട് അവരെ സ്വീകരിച്ചു. ആ ചേര്‍ത്തുവെയ്ക്കലിന് പ്രതിഫലമായി സ്വന്തം മകനെ നാടിന് സമര്‍പ്പിച്ച ആ മാതാപിതാക്കള്‍. ലോകകപ്പില്‍ കാനഡയ്ക്കായി ആദ്യ ഗോള്‍ നേടാനുള്ള ചരിത്ര നിയോഗം അവന്‌റെതായി. അതെ അല്‍ഫോണ്‍സോ ഡേവിസ് എന്ന 22 കാരന്‍.

അൽഫോണ്ർസോ ജനിച്ച വീട്

ഘാനയിലെ അഭ്യയാര്‍ഥി ക്യാമ്പിലാണ് അല്‍ഫോണ്‍സോയുടെ ജനനം. ലൈബീരിയക്കാരായ മാതാപിതാക്കളുടെ ആറ് മക്കളില്‍ നാലാമന്‍. അഞ്ചാം വയസില്‍ കാനഡയിലേക്ക് കുടിയേറി. കടന്നുവന്ന വഴികളുടെ ദുരിതം മാതാപിതാക്കള്‍ അവനെ പറഞ്ഞറിയിച്ചിരുന്നു. മെച്ചപ്പെട്ട ജീവിതമെന്ന ആഗ്രഹമാണ് ആ കഥകള്‍ അവന് നല്‍കിയത്.

കൂട്ടുകാരോടൊപ്പം കളിക്കാനുള്ള ഇഷ്ടം മാത്രമായിരുന്നു അല്‍ഫോണ്‍സോയെ കാല്‍പ്പന്തിലേക്ക് അടുപ്പിച്ചത്. പക്ഷേ മാതാപിതാക്കളും പരിശീലകനും അവനിലെ പ്രതിഭയെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. ഫുട്‌ബോള്‍ ജീവിതം മാറ്റിമറിക്കുമെന്ന അവരുടെ വാക്കുകള്‍ കുഞ്ഞു അല്‍ഫോണ്‍സോയും വിശ്വസിക്കാന്‍ തുടങ്ങി. പ്രൊഫഷണല്‍ ഫുട്‌ബോള്‍ സ്വപ്‌നവുമേന്തി കഠിന പരിശീലനം ആരംഭിച്ചത് അതോടെയാണ്.

14ാം വയസില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സ് എഫ് സിയുടെ ഭാഗമായി. യുണൈറ്റഡ് സോക്കര്‍ ലീഗില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് 15ാം വയസില്‍ അല്‍ഫോണ്‍സോയെ തേടിയെത്തി. കാനഡ ദേശീയ ടീമിലേക്കുള്ള വഴിതുറന്നത് രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ . കനേഡിയന്‍ പൗരത്വം ലഭിക്കാനായി കാത്തിരിക്കുകയായു ദേശീയ ടീം. പൗരത്വം ലഭിച്ച് ഒരാഴ്ചയ്ക്കകം ദേശീയ ടീമിനായി അരങ്ങേറ്റം. രാജ്യാന്തര ഫുട്‌ബോളില്‍ കാനഡയ്ക്കായി സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞതാരവും മറ്റാരുമല്ല. 2018 ല്‍ ബയേണിലെത്തിയത് മേജര്‍ ലീഗ് സോക്കറിലെ റെക്കോര്‍ഡ് ട്രാന്‍ഫര്‍ തുകയ്ക്കാണ്. 22 ാം വയസില്‍ കനേഡിന്‍ ഫുട്‌ബോളിന്‌റെ അംബാസിഡറാണ് അല്‍ഫോണ്‍സോ ഡേവിസ്.

1986 ന് ശേഷം ആദ്യമായ ലോകകപ്പ് കളിക്കാന്‍ കാനഡ യോഗ്യത നേടിയപ്പോള്‍ അതിന് പിന്നിലും അല്‍ഫോണ്‍സോ ഡേവിസിന്‌റെ കാലുകളുണ്ടായി. ഖത്തറിലെ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടമാക്കിയെങ്കിലും , കാനഡയ്ക്കായി ലോകകപ്പ് വേദിയില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ക്രൊയേഷ്യയ്‌ക്കെതിരെ അയാള്‍ സ്വന്തമാക്കി. ഈ ലോകകപ്പിലെ വേഗമേറിയ ഗോളും ഇതു തന്നെ. ഖത്തറില്‍ ഇനി മുന്നോട്ടില്ലെങ്കിലും ഇതുവരെയുള്ള യാത്ര ആ നാടിന് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ