ഇറാന്-യുഎസ്എ രാഷ്ട്രീയപ്പോര് ലോകകപ്പ് കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ പുകയുമ്പോള്‍ വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇറാന്‍ ഹെഡ് കോച്ച് കാര്‍ലോസ് ക്വിറോസ്. ബി ഗ്രൂപ്പില്‍ അമേരിക്കയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഫീല്‍ഡിന് പുറത്തുള്ള ഒരു കാര്യവും ടീമിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അടിവരയിടുകയാണ് കോച്ച്. ഇറാന്‍ ദേശീയ പതാകയെ യുഎസ് അവഹേളിച്ച ആരോപണങ്ങളും വാദപ്രതിവാദങ്ങളും ടീമംഗങ്ങളെ തളര്‍ത്താനോ ഉണര്‍ത്താനോ ഉപയോഗിക്കില്ലെന്നും ക്വിറോസ് വ്യക്തമാക്കി.
42 വര്‍ഷത്തിന് ശേഷവും ഫുട്‌ബോളില്‍ മെന്റല്‍ ഗെയിമുകള്‍ ഉപയോഗിച്ച് ജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ കളിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലെന്ന് ഞാന്‍ കരുതുംകാര്ലോസ് ക്വിറോസ്, ഇറാന്‍ ഹെഡ് കോച്ച്
യുഎസ് ഫുട്ബോള്‍ ടീമിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇസ്ലാമിക ചിഹ്നമില്ലാതെ ഇറാനിയന്‍ പതാക പ്രദര്‍ശിപ്പിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. സംഭവത്തില്‍ യുഎസിനെതിരെ നടപടി വേണമെന്നും പത്ത് മത്സരങ്ങളില്‍നിന്ന് വിലക്കണമെന്നും ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയോട് ആവശ്യപ്പെടുകയും ചെയ്തു. വിവാദം ചൂട് പിടിച്ചതോടെ, യുഎസ് മുന്‍ കോച്ച് യുര്‍ഗെന്‍ ക്ലിന്‍സ്മാന്‍ ഇറാനിയന്‍ ഫുട്‌ബോള്‍ സംസ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. നടപടിയെ ക്വിറോസ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും കളിക്കാരെ ബാധിക്കില്ലെന്നും ആ തന്ത്രം കളിയില്‍ ഉപയോഗിക്കില്ലെന്നുമാണ് ക്വിറോസ് വാര്‍ത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. ''42 വര്‍ഷത്തിന് ശേഷവും ഫുട്‌ബോളില്‍ മെന്റല്‍ ഗെയിമുകള്‍ ഉപയോഗിച്ച് ജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ കളിയെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലെന്ന് ഞാന്‍ കരുതും. കളി തുടങ്ങിക്കഴിഞ്ഞാല്‍ മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാന്‍ പാടില്ല, അതിന് നമ്മള്‍ തയ്യാറല്ലെങ്കില്‍ കളിക്കളത്തില്‍ നമ്മെ സഹായിക്കാന്‍ ഒരു ശക്തിയും ഉണ്ടാവില്ല. എന്റെ കുട്ടികള്‍ അടുത്ത മത്സരത്തിനായ് അവരുടെ മനസും കഴിവും ഒരുപോലെ ചേര്‍ത്തു വച്ച് ഒരുങ്ങിക്കഴിഞ്ഞു, ഈ ജയം ഞങ്ങള്‍ക്ക് നോക്കൗട്ട് സ്‌റ്റേജിലേക്കുള്ള വഴിയൊരുക്കും.'' ക്വിറോസ് പ്രതീക്ഷ പങ്കുവെച്ചു.
''ലോകമെമ്പാടുമുള്ള എല്ലാത്തിനോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. നിങ്ങളുടെ മാനുഷിക അവകാശങ്ങളോടും വംശീയതയോടും വെടിവെപ്പില്‍ കൊല്ലപ്പെടുന്ന കുട്ടികളോടുമൊക്കെ ഐക്യദാര്‍ഢ്യം'' ക്വിറോസ് അമേരിക്കന്‍ നിലപാടുകളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
90 മിനിറ്റില്‍ ആളുകളെ ആനന്ദിപ്പിക്കുകയും വിനോദം പകരുകയുമാണ് കാല്പന്തിന്റെ ലക്ഷ്യം. അടുത്ത ഘട്ടത്തിലേക്ക് എത്താനുള്ള അവസരം പരമാവധി പ്രയോഗിക്കേണ്ടതുണ്ട്.. ബി ഗ്രൂപ്പിലെ മികച്ച ടീമായ യുഎസിനെതിരെ ജയിക്കാന്‍ ഇറാന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കേണ്ടതുണ്ട്. 1978 മുതല്‍ പങ്കെടുത്ത എല്ലാ ലോകകപ്പുകളിലും ഗ്രൂപ്പ ഘട്ടത്തില്‍ നിന്ന് മുന്നേറുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടു. വിജയത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇറാന്‍ ഇറങ്ങുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.