നിര്‍ണായക മത്സരത്തില്‍ അടിപതറാതെ ഓസ്‌ട്രേലിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ജയം അനുവാര്യമായ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിനു വീഴ്ത്തി സോക്രൂസ് അവസാന 16-ലെ സ്ഥാനം ഭദ്രമാക്കി.
ഇന്ന് അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാത്യു ലക്കി നേടിയ ഗോളാണ് ഓസ്‌ട്രേലിയയ്ക്കു തുണയായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 60-ാം മിനിറ്റിലായിരുന്നു സോക്രൂസിന്റെ വിജയഗോള്‍ പിറന്നത്.
ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനായിരുന്നു ആദ്യപകുതിയില്‍ ആധിപത്യം. എ്ന്നാല്‍ ഗോളടിക്കാന്‍ മാത്രം അവര്‍ക്കു കഴിഞ്ഞില്ല. മറുവശത്ത് പന്തടക്കത്തിലും പാസിങ്ങിലും എല്ലാം പിന്നിട്ടു നിന്നെങ്കിലും ആദ്യ പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ഡെന്‍മാര്‍ക്ക് പ്രതിരോധത്തെ ഓസ്‌ട്രേലിയയും പരീക്ഷിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രണ മുന്നേറ്റം നടത്തുന്ന ഓസ്‌ട്രേലിയയെ ആണ് കണ്ടത്. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് ഡെന്‍മാര്‍ക്കിനായിരുന്നു. 48-ാം മിനിറ്റില്‍ ജാക്‌സന്‍ ഇര്‍വിന് ലഭിച്ച സുവര്‍ണാവസരം പാഴായി, ഷോട്ട് ക്രോസ്ബാറിനു മീതേ പാഞ്ഞു.
ഒടുവില്‍ മത്സരം ഒരു മണിക്കൂര്‍ എത്തിയപ്പോള്‍ കാത്തിരുന്ന ഗോള്‍ പിറന്നു. ഡെന്‍മാര്‍ക്ക് ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറി നടത്തിയ നീക്കത്തിനൊടുവില്‍ മാത്യൂ ലക്കിയാണ് ഡാനിഷ് വല ചലിപ്പിച്ചത്.
മധ്യവരയില്‍ നിന്ന് പന്തുമായി ഒറ്റയാള്‍ കുതിപ്പ് നടത്തിയ ലക്കി ബോക്‌സിനുള്ളിലേക്കു കുതിച്ചുകയറി തൊടുത്ത ഷോട്ട് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിനെ കീഴടക്കി സ്മകാര്‍ ചെയ്യുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചടിക്കായി ഡെന്‍മാര്‍ക്ക് കിണഞ്ഞു പൊരുതിയെങ്കിലും അണുവിട വിട്ടുകൊടുക്കാതെ പിടിച്ചു നിന്ന ഓസ്‌ട്രേലിയന്‍ പ്രതിരോധം ജയവും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പാക്കി.