തപ്പിത്തടഞ്ഞെങ്കിലും ഒടുവില്‍ സ്വിസ് പ്രതിരോധം പൊളിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. ഇന്നു നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചായിരുന്നു അവരുടെ മുന്നേറ്റം. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ മധ്യനിര താരം കാസിമിറോ നേടിയ ഗോളാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്.
ഇതോടെ തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറ് പോയിന്റോടെയാണ് ബ്രസീല്‍ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. തോറ്റെങ്കിലും മൂന്നു പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് വീതമുള്ള സെര്‍ബിയയും കാമറൂണുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം നിഴലിക്കുന്നതായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. നെയ്മര്‍ ഇല്ലാതെ 4-3-3 ശൈലിയില്‍ ടീമിനെ അണിനിരത്തിയ ടിറ്റെയുടെ ആക്രമണ തന്ത്രങ്ങള്‍ക്കു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കടുപ്പമേറിയ പ്രതിരോധപ്പൂട്ട് പൊളിക്കാനായില്ല. മത്സരത്തിന്റെ 12-ാം മിനിറ്റിലായിരുന്നു കാനറികള്‍ക്ക് ആദ്യ അവസരം ലഭിച്ചത്.
എന്നാല്‍ ലൂക്കാസ് പക്വെറ്റയും റിച്ചാര്‍ലിസണും ചേര്‍ന്ന് ഒരുക്കിയെടുത്ത അവസരം മുതലാക്കാന്‍ വിനീഷ്യസ് ജൂനിയറിനായില്ല. പിന്നീട് 19-ാം മിനിറ്റിലും വിനീഷ്യസ് അവസരം തുലച്ചു. പിന്നീട് റാഫിഞ്ഞയുടെ ഊഴമായിരുന്നു. 27-ാം മിനിറ്റിലും 31-ാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ റാഫിഞ്ഞ പാഴാക്കി.
പ്രതിരോധം കൊണ്ടുമാത്രമല്ല സ്വിസ് താരങ്ങള്‍ ബ്രസീലിനെ വലച്ചത്. ആദ്യ പകുതിയില്‍ വീണുകിട്ടുന്ന അവസരങ്ങളില്‍ ചടുലമേറിയ നീക്കങ്ങളിലൂടെ പ്രത്യാക്രമണം നടത്തിയ അവര്‍ ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിക്കുകയും ചെയ്തു. ഇരുകൂട്ടര്‍ക്കും ലക്ഷ്യം ഭേദിക്കാനാകാതെ വന്നതോടെ ഗോള്‍രഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്വിസ് പ്രതിരോധം പൊളിച്ചു ബ്രസീല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്ന കാഴ്ച കണ്ടെങ്കിലും തുടര്‍ച്ചയായി അവസരങ്ങള്‍ തുലച്ച സ്‌ട്രൈക്കര്‍മാര്‍ ആരാധകരെ നിരാശയിലാഴ്ത്തി. ഒരു ഘട്ടത്തില്‍ വിനീഷ്യസ് ജൂനിയര്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഒടുവില്‍ 83-ാം മിനിറ്റില്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് കാസിമിറോ തൊടുത്ത ഹാഫ് വോളി സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സമ്മറിനെ കീഴ്‌പ്പെടുത്തി.
രണ്ടു മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇന്നിറങ്ങിയത്. നെയ്മര്‍ക്കു പകരം ഫ്രെഡും ഡാനിലോയ്ക്കു പകരം ഏഡര്‍ മിലിഷ്യാവോയും ടീമിലിടം പിടിച്ചു. മറുവശത്ത് സൂപ്പര്‍ താരം സര്‍ദ്രാന്‍ ഷാക്കീരി ഇല്ലാതെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇറങ്ങിയത്. ഫാബിയാന്‍ റീഡറായിരുന്നു പകരക്കാരന്‍. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഡിസംബര്‍ മൂന്നിന് ബ്രസീല്‍ കാമറൂണിനെ നേരിടുമ്പോള്‍ നോക്കൗട്ട് ഉറപ്പിക്കാന്‍ സ്വിസ് പട സെര്‍ബിയയുമായി കൊമ്പുകോര്‍ക്കും.