Qatar World Cup

ബ്യൂട്ടിഫുള്‍ ബ്രൂണോ, പവര്‍ഫുള്‍ പോര്‍ചുഗല്‍; യുറുഗ്വായെ വീഴ്ത്തി നോക്കൗട്ടില്‍

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പറങ്കികള്‍ ജയം ആഘോഷിച്ചത്. സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടുതവണയും വലകുലുക്കിയത്.

വെബ് ഡെസ്ക്

എംബാപ്പെയുടെ ഫ്രാന്‍സിനും നെയ്മറിന്റെ ബ്രസീലിനും പിന്നാലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലും ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എച്ചില്‍ ഇന്ന് നടന്ന കരുത്തരുടെ മത്സരത്തില്‍ യുറുഗ്വായെ തോല്‍പിച്ചായിരുന്നു പറങ്കിപ്പടയുടെ മുന്നേറ്റം.

ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പറങ്കികള്‍ ജയം ആഘോഷിച്ചത്. സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടുതവണയും വലകുലുക്കിയത്. മറുവശത്ത് സ്‌ട്രൈക്കര്‍മാര്‍ നിരന്തരം അവസരങ്ങള്‍ തുലച്ചത് യുറുഗ്വായ്ക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായാണ് പോര്‍ചുഗല്‍ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഉറപ്പാക്കുന്ന ആദ്യ ടീമായത്. മൂന്നു പോയിന്റുമായി ഘാനയാണ് രണ്ടാം സ്ഥാനത്ത്. ഓരോ പോയിന്റുമായി ദക്ഷിണകൊറിയയും യുറുഗ്വായുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നോക്കൗട്ടില്‍ കടക്കുന്ന രണ്ടാമത്തെ ടീമിനെ അറിയാന്‍ ഇതോടെ അവസാന റൗണ്ട് പോരാട്ടം വരെ കാത്തിരിക്കണം.

ഇന്നു ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. ഇരുകൂട്ടരും ആക്രമിച്ചു കളിച്ചതോടെ പന്ത് ഇരുപകുതികളിലേക്കും യഥേഷ്ടം കയറിയിറങ്ങി. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല തുലയ്ക്കുന്നതിലും ഇരുകൂട്ടരും ഒപ്പത്തിനൊപ്പം നിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം കളിപുനരാരംഭിച്ച് അധികം വൈകാതെ തന്നെ പോര്‍ചൃഗല്‍ ലീഡ് എടുത്തു. 54-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ഇടതുവശത്ത് നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ഹെഡ് ചെയ്യാന്‍ ചാടിയുയര്‍ന്ന സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും തടയാന്‍ ചാടി വീണ യുറുഗ്വായ ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെയും കബളിപ്പിച്ചു വലയില്‍ പതിച്ചു.

ലീഡ് നേടിയതോടെ ആത്മവിശ്വാസം കൂടിയ പോര്‍ചുഗല്‍ പിന്നീട് നിരന്തരം യുറുഗ്വായ് പ്രതിരോധത്തെ കീറിമുറിച്ചു. യുറുഗ്വായും വെറുതേ ഇരുന്നില്ല. സമനിലയ്ക്കായി അവരും ആക്രമിച്ചു കയറിയതോടെ മത്സരം അത്യന്തം ആവേശകരമായി മാറി. ഇതിനിടെ രണ്ടു തവണ യുറുഗ്വായ് ഒപ്പമെത്തിയെന്നു തോന്നിപ്പിച്ചു. 75-ാം മിനിറ്റില്‍ മാക്‌സി ഗോമസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയപ്പോള്‍ 78-ാം മിനിറ്റില്‍ ലൂയിസ് സുവാരസും 81-ാം മിനിറ്റില്‍ അരസ്‌കാറ്റയും ഷോട്ട് പുറത്തേക്കടിച്ചു കളഞ്ഞു.

തുടരെ തുടരെ നടത്തിയ ആക്രമണങ്ങള്‍ക്കൊടുവില്‍ വീണ്ടും വലചലിപ്പിക്കാന്‍ അവസരം ലഭിച്ചത് പോര്‍ചുഗലിനാണ്. 90-ാം മിനിറ്റില്‍ ബോക്‌സില്‍ വച്ച് പന്ത് യുറുഗ്വായ് പ്രതിരോധ താരം ''കൈകാര്യം'' ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. കിക്കെടുത്ത ബ്രൂണോ പിഴവില്ലാതെ വലകുലുക്കി. അതോടെ യുറുഗ്വായ് പരാജയം സമ്മതിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ