സെര്‍ബിയന്‍ പോരാട്ടവീര്യത്തെ വിയര്‍പ്പൊഴുക്കി വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് സ്‌റ്റേഡിയം 974-ല്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് സെര്‍ബിയയെ തോല്‍പിച്ചാണ് അവര്‍ അവസാന 16-ല്‍ കടന്നത്. ഗ്രൂപ്പ് ജിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് അവരുടെ മുന്നേറ്റം.
ഒരുസമനില നിലപോലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുമെന്ന നിലയിലായിരുന്നിട്ടും ഭാഗ്യപരീക്ഷണത്തിനു നില്‍ക്കാതെ ആക്രമിച്ചു കളിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയത്. ആദ്യ മിനിറ്റിനുള്ളില്‍ തന്നെ സെര്‍ബിയന്‍ ഗോള്‍മുഖം വിറപ്പിച്ച അവര്‍ ഗോള്‍കീപ്പര്‍ മിലിങ്കോവിച്ച് സാവിച്ചിനെ പരീക്ഷിക്കുകയും ചെയ്തു.
ഇതിനിടെ പ്രത്യാകമ്രണങ്ങള്‍ക്ക് സെര്‍ബിയയും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചടുലമേറിയ നീക്കങ്ങള്‍ക്കു മുന്നില്‍ അവര്‍ പലപ്പോഴും പതറി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 20-ാം മിനിറ്റില്‍ സ്വിസ് പട ആദ്യ വെടിപൊട്ടിച്ചു. ഇടതു വിങ്ങില്‍ നിന്ന് റിക്കാര്‍ഡോ റോഡ്രിഗസിന്റെ ക്രോസ് പിടിച്ചെടുത്ത് ജിബ്രില്‍ സൗ നീട്ടി നല്‍കിയ പന്ത് സ്വിസ് സൂപ്പര്‍ താരം സര്‍ദ്രാന്‍ ഷാക്കീരി സെര്‍ബിയന്‍ വലയില്‍ നിക്ഷേപിക്കുകയായിരുന്നു.
ഗോള്‍വഴങ്ങയതോടെ ഉണര്‍ന്ന സെര്‍ബിയ വെറുതേയിരുന്നില്ല. ആറു മിനിറ്റിനകം അവര്‍ തിരിച്ചടിച്ചു. ഡൂസാന്‍ ടാഡിക്കിന്റെ കോസില്‍ നിന്ന് മിട്രോവിച്ചാണ് സ്‌കോര്‍ ചെയ്തത്. ഒപ്പമെത്തിയതോടെ വീര്യം വര്‍ധിച്ച സെര്‍ബിയന്‍ താരം അടുത്ത 15 മിനിറ്റുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നിര്‍ത്തിപ്പൊരിച്ചു. 36-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. ദസന്‍ വ്‌ളാഹോവിച്ചായിരുന്നു സ്‌കോറര്‍.
ഇതോടെ അപകടം മണത്ത സ്വിറ്റ്‌സര്‍ലന്‍ഡും രണ്ടും കല്‍പിച്ചു പോരിനിറങ്ങി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അവര്‍ ഒപ്പമെത്തി. 44-ാം മിനിറ്റില്‍ സെര്‍ബിയന്‍ പ്രതിരോധത്തെ കീറിമുറിച്ച് വലതു വിങ്ങില്‍ നിന്നു ലഭിച്ച ക്രോസിനെ സ്‌ട്രൈക്കര്‍ ബ്രീസ് എംബോളോയാണ് ഗോളാക്കി മാറ്റിയത്. ഇതിനു പിന്നാലെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു.
നാലു ഗോളുകള്‍ പിറന്ന ത്രില്ലിങ് ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ സ്‌കോര്‍ ചെയ്തു സ്വിസ് പട നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കി. ഒരു ടീം ഗോളായിരുന്നു അവര്‍ മൂന്നാമത് സ്‌കോര്‍ ചെയ്തത്. വലതു വിങ്ങില്‍ നിന്നു വര്‍ഗാസ് നല്‍കിയ പാസില്‍ നിന്നു ഫ്രൂളറാണ് സ്‌കോര്‍ ചെയ്തത്.
പിന്നീടും ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ രണ്ടാം പകുതിയും ആവേശകരമായിരുന്നു. ഇരുപകുതികളിലേക്കും പന്ത് കയറി ഇറങ്ങിയതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍വീഴാമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഫിനിഷിങ്ങില്‍ ഇരുകൂട്ടരും അലംഭാവം കാട്ടിയതോടെ മത്സരം 3-2 എന്ന നിലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് അനുകൂലമായി അവസാനിച്ചു.