Qatar World Cup

ജപ്പാന്റെ വഴിമുടക്കി കോസ്റ്റാറിക്ക; തകര്‍പ്പന്‍ തിരിച്ചുവരവ്‌

ഏഷ്യന്‍ ശക്തികളെ ആവേശപ്പോരാട്ടത്തില്‍ ഒരൊറ്റ ഗോളിനു വീഴ്ത്തി കോസ്റ്റാറിക്ക ശക്തമായ തിരിച്ചുവരവ് നടത്തി.

വെബ് ഡെസ്ക്

ജര്‍മന്‍ പടയെ അരിഞ്ഞുവീഴ്ത്തി മുന്നേറിയ ജപ്പാന്റെ വഴിമുടക്കി കോസ്റ്റാറിക്ക. നോക്കൗട്ട് പ്രതീക്ഷകളുമായി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ബൂട്ടുകെട്ടി ഇറങ്ങിയ ഏഷ്യന്‍ ശക്തികളെ ആവേശപ്പോരാട്ടത്തില്‍ ഒരൊറ്റ ഗോളിനു വീഴ്ത്തി കോസ്റ്റാറിക്ക ശക്തമായ തിരിച്ചുവരവ് നടത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 81-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളര്‍ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ ജര്‍മനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ജപ്പാന്‍ ഇന്നിറങ്ങിയത്. ഇന്നു ജയിക്കാനായാല്‍ അവര്‍ക്ക് ഏറെക്കുറേ നോക്കൗട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ സ്‌പെയിനെതിരേ ഏഴു ഗോളുകളുടെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോസ്റ്റാറിക്കയ്‌ക്കെതിരേ ജപ്പാന്‍ ജയപ്രതീക്ഷയിലായിരുന്നു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി മികച്ച പ്രതിരോധ മികവും ഒത്തിണക്കവും കാഴ്ചവച്ച കോസ്റ്റാറിക്ക ജപ്പാന്റെ പദ്ധതികള്‍ എല്ലാം തെറ്റിക്കുകയായിരുന്നു. കൃത്യമായ ഗെയിം പ്ലാനോടെ ഇറങ്ങിയ അവര്‍ക്കു മുന്നില്‍ ജപ്പാന്‍ അക്ഷരാര്‍ത്ഥത്തില്‍ കളിമറന്നു. പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിയുള്ള കളി പുറത്തെടുത്തതാണ് ജപ്പാന് തിരിച്ചടിയായത്.

മത്സരത്തിന്റെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. കോസ്റ്റാറിക്കയ്ക്കു പുറമേ ജപ്പാനും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞതോടെ പന്ത് ബോക്‌സിനുള്ളില്‍ എത്തിയത് വിരലിലെണ്ണാവുന്ന സമയങ്ങളില്‍ മാത്രം. എന്നാല്‍ ഇടവേളയ്ക്കു ശേഷം ഇരുകൂട്ടരും താരതമ്യേന മെച്ചപ്പെട്ട കളിയാണ് പുറത്തെടുത്തത്.

ജപ്പാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ രണ്ടാം പകുതിയില്‍ കാഴ്ചവച്ചെങ്കിലും കോസ്റ്റാറിക്കന്‍ പ്രതിരോധം ഇളകാന്‍ കൂട്ടാക്കിയില്ല. ലഭിച്ച അവസരങ്ങളില്‍ അവരുടെ മുന്നേറ്റ നിര തിരികെ ജാപ്പനീസ് പ്രതിരോധത്തെയും പരീക്ഷിച്ചു. അത്തരമൊരു കൗണ്ടര്‍ അറ്റാക്കിങ്ങിനൊടുവിലായിരുന്നു കളിയുടെ ഗതിക്കു വിപരീതമായി കോസ്റ്റാറിക്കയുടെ വിജയഗോള്‍.

ജപ്പാന്‍ മുന്നേറ്റ നിര കൈവിട്ട് പന്ത് പിടിച്ചെടുത്ത് 81-ാം മിനിറ്റില്‍ വലതു പാര്‍ശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ യെല്‍സിന്‍ തെജേഡ നല്‍കയ പാസ് സ്വീകരിച്ച് ഫുള്ളര്‍ തൊടുത്ത ഷോട്ട് ജാപ്പനീസ് ഗോള്‍കീപ്പറുടെ ഫുള്‍ലെങ്ത് ഡൈവ് മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഗോളിലേക്ക് കോസ്റ്റാറിക്കയുടെ ആദ്യ ഷോട്ടായിരുന്നു അത്.

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന ജാപ്പനീസ് താരങ്ങള്‍ പിന്നീട് സമനിലയ്ക്കായി ഇരമ്പിക്കയറിയെങ്കിലും ഇളകാതെ പിടിച്ചു നിന്ന കോസ്റ്റാറിക്കന്‍ പ്രതിരോധം ജയവും വിലപ്പെട്ട മൂന്നുപോയിന്റും സ്വന്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ