ക്രൊയേഷ്യയുടെ വല കുലുക്കാനാകാതെ കാനറികള്‍ ലോകകപ്പ് സെമി കാണാതെ മടങ്ങി. ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുന്തോറും ജയം ക്രൊയേഷ്യയിലേക്ക് അടുക്കുകയായിരുന്നു. കാരണം ലോകകപ്പ് ചരിത്രത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയ മത്സരങ്ങളിലൊന്നും ക്രൊയേഷ്യയ്ക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നിട്ടില്ല. ഷൂട്ടൗട്ടില്‍ 100 ശതമാനം ജയം എന്ന റെക്കോര്‍ഡ് നേടിയ രണ്ട് ടീമുകളിലൊന്നാണ് ക്രൊയേഷ്യ. നാല് പെനാല്‍റ്റികളും മറികടന്ന ജര്‍മനിയാണ് മറ്റൊരു ടീം. ക്രൊയേഷ്യ ഈ ലോകകപ്പ് പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെ മലര്‍ത്തിയടിച്ചതും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ്. ഇത്തവണ ചരിത്രം മാറ്റിയഴുതാന്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ക്കും കഴിയാതെ പോയി. ആവേശകരമായ അധികസമയത്തിനുമപ്പുറം ക്രൊയേഷ്യയുടെ പെനാല്‍റ്റിക്കുഴിയില്‍ നിന്ന് കരകയറാനാവാതെ നെയ്മറും സംഘവും വീണു.
ക്രൊയേഷ്യ തൊടുക്കുന്ന ഷോട്ടുകളില്‍ ഒരെണ്ണം പോലും തടുക്കാന്‍ കഴിയാതെ ബ്രസീലിന്റെ കാവല്‍ക്കാരന്‍ ആലിസണ്‍ കുഴങ്ങിയപ്പോള്‍ രണ്ട് ഗോളുകള്‍ മാത്രമാണ് ഡൊമനിക് ഇവാകോവിച്ചിനെയും കടന്ന് ക്രൊയേഷ്യന്‍ വലകുലുക്കിയത്. ഇതിനുമുമ്പ് മൂന്ന് തവണയാണ് ലോകകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയുടെ വിധി നിര്‍ണയിച്ചത്. എല്ലാം അടുത്തിടെ തന്നെയാണെന്നത് ശ്രദ്ധേയം.
2018 റഷ്യയില്‍ നടന്ന ലോകകപ്പിലാണ് ക്രൊയേഷ്യ ആദ്യ പെനാല്‍റ്റിക്ക് ഇറങ്ങുന്നത്. പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ കളിയുടെ ആദ്യ പകുതിയിലെ സമനില അധികസമയത്തിലും മറികടക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. അവിടെ ക്രൊയേഷ്യന്‍ ഗോളി ഡാനിയേല്‍ സുബാസിച്ച് ഡെന്‍മാര്‍ക്കിന്റെ ലക്ഷ്യത്തിന് തടയിട്ടു. ഡെന്‍മാര്‍ക്കിനെ 3-2 ന് പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. മിലാന്‍ ബാഡല്‍ജും ജോസപ് പിവാരിക്കും പിഴച്ചപ്പോള്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി ഇവാന്‍ റാക്കറ്റിച്ചാണ് വിജയഗോള്‍ നേടിയത്.
ക്വാര്‍ട്ടറിലും ക്രൊയേഷ്യയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ട് നേരിടേണ്ടി വന്നു. റഷ്യയോടായിരുന്നു ക്വാര്‍ട്ടര്‍ മത്സരം. 120 മിനുറ്റിന് ശേഷവും ടീമുകള്‍ 2-2 സമനിലയില്‍ തുടര്‍ന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-4ന് ക്രൊയേഷ്യ ജയിച്ചു. ക്രൊയേഷ്യയ്ക്കുവേണ്ടി മാറ്റിയോ കൊവാസിച്ചിന് മാത്രമാണ് ലക്ഷ്യം പിഴച്ചത്.
ക്രൊയേഷ്യയുടെ മൂന്നാം പെനാല്‍റ്റി ഖത്തറില്‍ തന്നെയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ തറപറ്റിക്കാന്‍ ക്രൊയേഷ്യയ്ക്ക് പെനാല്‍റ്റി വരെ പോരാടേണ്ടി വന്നു. എന്നാല്‍ അതുവരെയും ക്രൊയേഷ്യയെ 1-1 സമനിലയില്‍ കുരുക്കിയിട്ട ജപ്പാന് ഷൂട്ടൗട്ടില്‍ അടിപതറി. ഡൊമിനിക് ലിവാകോവിച്ചെന്ന വന്മതില്‍ തകര്‍ക്കാന്‍ കഴിയാതെ ഏഷ്യന്‍ ടീം 3-1 ന് ക്രൊയേഷ്യയ്ക്ക് മുന്നില്‍ കീഴടങ്ങി. ഭാഗ്യം ഇക്കുറിയും ക്രൊയേഷ്യയെ തുണച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ന്നടിഞ്ഞ് കാനറികള്‍ ലോകകപ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അപരാജിതരായി ക്രൊയേഷ്യ വീണ്ടും മുന്നോട്ട്. ഷൂട്ടൗട്ട് ജയിച്ചുവന്ന അര്‍ജന്റീനയാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍.