സെനഗല്‍ കണ്ടു, ഇറാനെ തകര്‍ത്തെറിഞ്ഞ ആ ഇംഗ്ലണ്ടിനെ... ആ ദര്‍ശനം മാത്രം മതിയായിരുന്നു അവര്‍ക്കു ഖത്തറില്‍ നിന്നൊരു മടക്കടിക്കറ്റിനും. ദോഹയിലെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഹെന്‍ഡേഴ്‌സണും കെയ്‌നും സാക്കയും ആടിത്തിമിര്‍ത്തപ്പോള്‍ ആധികാരിക ജയവുമായി കാല്‍പന്തിന്റെ തറവാട്ടുവീട്ടുകാര്‍ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്കു മുന്നേറി.
ഇന്നു നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സെനഗലിനെ തുരത്തിയത്. ശ്ശേര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, നായകന്‍ ഹാരി കെയ്ന്‍, യുവതാരം ബുക്കായോ സാക്ക എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലണ്ട് രണ്ടു ഗോളുകളുടെ ലീഡ് നേടി മത്സരത്തില്‍ ആധിപത്യം പിടിച്ചെടുത്തിരുന്നു.
മത്സരഫലം സൂചിപ്പിക്കുന്ന അത്ര ഏകപക്ഷീയമായ മത്സരമായിരുന്നില്ല. മികച്ച ആക്രമണങ്ങളുമായി സെനഗലും കളംനിറഞ്ഞെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ അവര്‍ക്കു തിരിച്ചടിയായി. ഇരുടീമുകളുടെയും ആക്രമണവും പ്രത്യാക്രമണവും കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്.
സെനഗലായിരുന്നു തുടക്കത്തില്‍ കൂടുതല്‍ അപകടകാരികള്‍. ഇംഗ്ലീഷ് പ്രതിരോധത്തെ തുടരെ ആക്രമിച്ച അവര്‍ അട്ടിമറി സൂചന നല്‍കിയിരുന്നു. എന്നാല്‍ കളിയുടെ ഈ ഗതിക്കു വിപരീതമായി ഗോള്‍ നേടിയാണ് ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയത്. തുടര്‍ച്ചയായ സെനഗല്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ വീണു കിട്ടിയ പന്ത് പിടിച്ചെടുത്ത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ നടത്തിയ കുതിപ്പാണ് ആദ്യ ഗോളില്‍ കലാശിച്ചത്.
കെയ്ന്‍ നല്‍കിയ പാസ് സ്വീകരിച്ച് ഇടതുവിങ്ങിലൂടെ ഓടിക്കയറിയ യുവതാരം ജൂഡ് ബെല്ലിങ്ഹാം ബോക്‌സിന്റെ നടുവിലേക്കു നല്‍കിയ അളന്നുതൂക്കിയ പാസ് കൃത്യമായി സ്വീകരിച്ച ഹെന്‍ഡേഴ്‌സണ്‍ പന്തിന് വലയിലേക്കു വഴികാട്ടുകയായിരുന്നു. അതുവരെ ആത്മവിശ്വാസത്തോടെ പന്തു തട്ടിയ സെനഗലിനേറ്റ കനത്ത പ്രഹരമായിരുന്നു ആ ഗോള്‍.
ലീഡ് വഴങ്ങിയതോടെ ആഫ്രിക്കക്കാര്‍ പതറിയപ്പോള്‍ ഇംഗ്ലണ്ട് ഇരമ്പിക്കയറുകയായിരുന്നു. ഒന്നിനുപിറകെ ഒന്നായി ആക്രമിച്ചു അവര്‍ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ രണ്ടാം ഗോളും നേടി മത്സരം വരുതിയിലാക്കി. നായകന്‍ ഹാരി കെയ്‌നായിരുന്നു സ്‌കോര്‍ ചെയ്തത്.
അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. പന്ത് പിടിച്ചെടുത്ത് ഗ്രൗണ്ടിനു മധ്യത്തിലൂടെ കുതിച്ച ബെല്ലിങ്ഹാം പാസ് നല്‍കിയത് യുവതാരം ഫില്‍ ഫോഡന്. പാസ് സ്വീകരിച്ച ഫോഡന്‍ ഞൊടിയിടയില്‍ അതു മറിച്ചു നല്‍കിയത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്‌ന്. രണ്ടു ടച്ചുകള്‍ക്കു ശേഷം കെയ്ന്‍ തൊടുത്ത കനത്ത ഷോട്ട് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയെ മറികടന്ന് വലയില്‍. ഈ ലോകകപ്പില്‍ കെയ്‌ന്റെ ആദ്യ ഗോളായിരുന്നു. ഇത്. തൊട്ടുപിന്നാലെ ആദ്യ പകുതി അവസാനിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്നാം ഗോളും നേടി ഇംഗ്ലണ്ട് മത്സരം പൂര്‍ണമായും സ്വന്തമാക്കി. നായകന്‍ കെയ്‌ന്റെ പക്കല്‍ നിന്നു നഷ്ടമായ പന്ത് പിടിച്ചെടുത്ത് ഫോഡന്‍ നടത്തിയ കുതിപ്പാണ് ഗോളില്‍ കലാശിച്ചത്. സെനഗല്‍ ഗോള്‍മുഖത്തേക്ക് ഓടിക്കയറിയ ഫോഡന്‍ മറുവിങ്ങിലൂടെ കുതിച്ചെത്തിയ സാക്കയ്ക്ക് തളികയിലെന്നവണ്ണം പാസ് സമ്മാനിക്കുകയായിരുന്നു. സാക്ക് അതു വലയിലേക്ക് തിരിച്ചുവിടുന്നത് കണ്ടുനില്‍ക്കാനെ സെനഗല്‍ ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞുള്ളു.
ഇതോടെ പരാജയം സമ്മതിച്ച സെനഗല്‍ പിന്നീട് ആശ്വാസ ഗോളെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഹാരി മഗ്വെയ്‌റിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രതിരോധ നിര ഒരു പഴുതും അനുവദിച്ചില്ല. ലീഡ് വര്‍ധിപ്പിക്കാന്‍ ഇംഗ്ലീഷ് താരങ്ങളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്‌കോര്‍ നിലയില്‍ മാറ്റമില്ലാതെ മത്സരം അവസാനിച്ചു. ഈ മാസം 10-ന് രാത്രി 12:30ന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.