ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നഷ്ടമാകുമോ? നഷ്ടമാകുമെന്നും ഇല്ലെന്നും രണ്ട് പക്ഷമുണ്ട്. എന്നാല്‍, നെതര്‍ലന്‍ഡ്‌സിനെതിരായ സെമി ഫൈനലിലെ മോശം പെരുമാറ്റത്തിന് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫ അച്ചടക്ക നടപടി ആരംഭിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരത്തിനിടെയും ശേഷവും ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലും മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസിനെ കുറിച്ച് മെസിയും ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസും നടത്തിയ വിവാദ പരാമര്‍ശവുമാണ് ഫിഫ അന്വേഷിക്കുന്നത്. സെമിഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനയെ പ്രതിരോധത്തിലാക്കുന്നതാണ് ഫിഫയുടെ നീക്കം.
ഖത്തര്‍ ലോകകപ്പിലെ പരുക്കന്‍ മത്സരങ്ങളിലൊന്നായിരുന്നു അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് പോരാട്ടം. മത്സരത്തിലുടനീളം 19 മഞ്ഞകാര്‍ഡുകളാണ് സ്പാനിഷ് റഫറി ലഹോസ് പുറത്തെടുത്തത്. കളിക്കിടയിലും ശേഷവും കളിക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി. റഫറിയുമായി തര്‍ക്കിച്ചതിന് മെസിക്കും മഞ്ഞകാര്‍ഡ് ലഭിച്ചിരുന്നു. മത്സരം സ്വന്തമാക്കിയതിന് പിന്നാലെ ഡച്ച് കോച്ച് ലൂയിസ് വാന്‍ ഗാലിനെയും മെസി പ്രകോപിച്ചിരുന്നു. മത്സരശേഷം റഫറി ലഹോസിനെ കടുത്ത ഭാഷയില്‍ മെസി വിമര്‍ശിച്ചിരുന്നു. ലോകകപ്പിലെ നിര്‍ണായക മത്സരത്തിന് പ്രാപ്തനായ റഫറി ആയിരുന്നില്ല, എന്നായിരുന്നു താരത്തിന്റെ പ്രധാന വിമര്‍ശനം.
അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റം ചട്ടലംഘനമാണോ എന്നാണ് ഫിഫ പരിശോധിക്കുന്നത്. ആര്‍ട്ടിക്കിള്‍ 12 (കളിക്കാരുടെയും ഒഫീഷ്യലുകളുടെയും പെരുമാറ്റം), ആര്‍ട്ടിക്കിള്‍ 16 (സുരക്ഷ) എന്നിവയുടെ ലംഘനം ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. ആര്‍ട്ടിക്കിള്‍ 12 പ്രകാരം ഡച്ച് ടീമിനെതിരെയും അന്വേഷണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിലക്ക് ഉള്‍പ്പെടെ നടപടി ഉണ്ടാവുക. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുന്‍പ് അത് സംഭവിച്ചാല്‍, മെസിക്ക് മത്സരം നഷ്ടമാകുമോ എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, മഞ്ഞക്കാര്‍ഡിന്റെ പേരില്‍ മെസിക്ക് ഫൈനല്‍ നഷ്ടമാകില്ല. സെമി ഫൈനല്‍ വരെ മാത്രമേ മഞ്ഞക്കാര്‍ഡ് ക്യാരി ഓവര്‍ ചെയ്യു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും മഞ്ഞക്കാര്‍ഡ് വാങ്ങിയാലും ആ താരത്തിന് ഫൈനല്‍ നഷ്ടമാകില്ല. സെമിയില്‍ നേരിട്ട് ചുവപ്പ് വാങ്ങിയാല്‍ മാത്രമേ ആ താരത്തിന് ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമാകൂ. ഡിസംബര്‍ 14ന് പുലര്‍ച്ചെ 12.30നാണ് സെമി ഫൈനല്‍.