Qatar World Cup

ആഫ്രിക്കന്‍ കോട്ട തകര്‍ത്ത് ഫ്രഞ്ച് പടയോട്ടം; ഫൈനലില്‍ അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഫ്രാന്‍സ്

വെബ് ഡെസ്ക്

ചരിത്രപ്പിറവിക്കായി ചുവപ്പണിഞ്ഞ് കാത്തിരുന്ന അല്‍ ബെയ്ത് ഗാലറിയെ നിശബ്ദരാക്കി, ലോകകപ്പ് ഫൈനലിലേക്ക് ഫ്രഞ്ച്പടയുടെ മാര്‍ച്ച്. ഖത്തര്‍ ലോകകപ്പിലെ ആഫ്രിക്കന്‍ പ്രതീക്ഷയും കരുത്തരുമായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. പേരുകേട്ട മൊറോക്കോയുടെ പ്രതിരോധത്തെ തകര്‍ത്ത് ആദ്യ പകുതിയില്‍ തന്നെ കളിയില്‍ ലീഡ് എടുത്ത ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. അഞ്ചാം മിനുറ്റില്‍ തിയോ ഫെര്‍ണാണ്ടസും 79ാം മിനുറ്റില്‍ പകരക്കാരനായെത്തിയ റാണ്ടല്‍ കോളോ മുവാനിയുമാണ് ഫ്രാന്‍സിനായി വല കുലുക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. ഡിസംബര്‍ 18ന് നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികള്‍.

സെമി ഫൈനല്‍ പോരാട്ടത്തിന്റെ ചൂടും ചൂരും നിറഞ്ഞതായിരുന്നു ഫ്രാന്‍സ്-മൊറോക്കോ മത്സരം. ആവേശ തുടക്കത്തിന് പിന്നാലെ കളിയില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു ഇരുപക്ഷത്തിന്റെയും ശ്രമം. എന്നാല്‍, പേരുകേട്ട മൊറോക്കന്‍ പ്രതിരോധത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഫ്രഞ്ച് നിരയ്ക്കായി. അഞ്ചാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടി അവര്‍ മത്സരത്തില്‍ ലീഡെടുത്തു. ഫ്രാന്‍സിന്റെ കളി മെനഞ്ഞ അന്റോയ്ന്‍ ഗ്രീസ്മാന്‍ തന്നെയായിരുന്നു ആദ്യ ഗോളിലേക്കുള്ള വഴി. മൊറോക്കന്‍ പകുതിയിലേക്ക് പന്തുമായി കുതിച്ചെത്തിയ ഗ്രീസ്‌മെന്‍ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്തില്‍ ആദ്യം ഷോട്ട് ഉതിര്‍ത്തത് കിലിയന്‍ എംബാപ്പെ. പക്ഷേ, മൊറോക്കോന്‍ പ്രതിരോധത്തില്‍ തട്ടി പന്ത് തിരിച്ചെത്തി. തോള്‍പ്പൊക്കം ഉയര്‍ന്നെത്തിയ പന്ത് നൊടിയിട കൊണ്ട് മികച്ചൊരു ഓവര്‍ഹെഡ് കിക്കിലൂടെ തിയോ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു. മൊറോക്കന്‍ ഗോളി യാസിന്‍ ബോനോയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഗോള്‍ വീണതിന് പിന്നാലെ, മൊറോക്കോ ആക്രണം ശക്തിപ്പെടുത്തി. ഫ്രാന്‍സിന്റെ ബോക്‌സിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. കൗണ്ടര്‍ അറ്റാക്കിലൂടെ ഫ്രാന്‍സും മൊറോക്കന്‍ പ്രതിരോധത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. പത്താം മിനുറ്റില്‍, മൊറോക്കോയ്ക്കായി അസെദിന്‍ ഒനാഹി ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 19ാം മിനുറ്റിലും മൊറോക്കോയുടെ ശ്രമം വിഫലമായി. തൊട്ടുപിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ ഒലിവിയര്‍ ജിറൂഡ് നടത്തിയ ശ്രമവും ഫലം കണ്ടില്ല. പരുക്കിന്റെ പിടിയിലായ മൊറോക്കന്‍ നായകന്‍ റൊമെയ്ന്‍ സെയ്സ്സിനെ മറികടന്നെത്തിയ പന്ത് പിടിച്ചെടുത്ത ജിറൂഡ് ബോക്‌സിലേക്ക് ഓടിക്കയറി. തടയാന്‍ മുന്നോട്ടെത്തിയ ബോനെയെ മറികടന്ന ജിറൂഡിന്റെ ശക്തിയേറിയ ഷോട്ട്. ഗോളെന്നുറച്ച ഷോട്ട് പക്ഷേ പോസ്റ്റില്‍ തട്ടി തെറിച്ചു.

ഗ്രീസ്മാന്‍ ഇഴ നെയ്‌തെടുത്ത മുന്നേറ്റത്തില്‍ 36ാം മിനുറ്റിലും ജിറൂഡിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ശ്രമം ഫലം കണ്ടില്ല. എംബാപ്പെയും ഫൊഫാനയും ചേര്‍ന്നുള്ള മുന്നേറ്റങ്ങളും വിഫലമായി. 44ാം മിനുറ്റില്‍ ഫ്രാന്‍സിന്റെ ഗോള്‍ മുഖം വിറച്ചു. മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിനെ പരീക്ഷിച്ച ഗോള്‍ ശ്രമം. ബോക്‌സിലേക്കെത്തിയ സിയെച്ചിന്റെ കിക്ക് ജിറൂഡ് ഹെഡ്ഡ് ചെയ്തകറ്റി. പന്ത് എത്തിയത് എല്‍ യാമിഖിലേക്ക്. സമയമൊട്ടും പാഴാക്കാതെ യാമിഖ് എടുത്ത ഓവര്‍ഹെഡ് കിക്ക് ചാട്ടുളി പോലെ പോസ്റ്റിലേക്ക് പാഞ്ഞു. ഗോള്‍ പോസ്റ്റിന്റെ വലത്തേക്ക് ചാടിയെത്തിയാണ് ലോറിസ് ഷോട്ട് തടഞ്ഞിട്ടത്. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.

വര്‍ധിത വീര്യത്തോടെയാണ് മൊറോക്കോ രണ്ടാം പകുതിയില്‍ കളി തുടങ്ങിയത്. മികച്ച പാസുകള്‍ കോര്‍ത്തിണക്കിയ മുന്നേറ്റങ്ങളിലൂടെ നിരവധി അവസരങ്ങള്‍ അവര്‍ തുറന്നെടുത്തു. എന്നാല്‍, ഫിനിഷിങ്ങിലെ പോരായ്മ പലപ്പോഴും തിരിച്ചടിയായി. ഫ്രഞ്ച് പ്രതിരോധത്തെ മറികടന്നെത്തിയ ഗോള്‍ ശ്രമങ്ങളില്‍ ചിലതിന് ഗോള്‍ കീപ്പര്‍ ലോറിസിനെ വെല്ലുവിളിക്കാനുമായില്ല. സമനിലയ്ക്കായി മൊറോക്കോ അരയും തലയും മുറുക്കി പോരാടുന്നതിനിടെയാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടുന്നത്. പകരക്കാരനായി ഇറങ്ങിയ മുവാനിയാണ് 79ാം മിനുറ്റില്‍ ഫ്രാന്‍സിന്റെ ആധിപത്യം ഉറപ്പിച്ചത്. മൊറോക്കോ ബോക്‌സിലേക്ക് കുതിച്ചുകയറിയ എംബാപ്പെയായിരുന്നു ഗോള്‍ ശില്‍പ്പി. മൊറോക്കോയുടെ നാല് പ്രതിരോധനിര താരങ്ങള്‍ക്കു മധ്യേനിന്ന് എംബാപ്പെ പന്ത് നീട്ടിയത് മുവാനിയിലേക്ക്. സമയം പാഴാക്കാതെ പന്ത് അനായാസം മുവാനി വലയിലെത്തിച്ചു. ഒസ്മാന്‍ ഡെബല്ലെയ്ക്ക് പകരക്കാരനായി ഇറങ്ങി 44ാം സെക്കന്‍ഡിലായിരുന്നു മുവാനിയുടെ ഗോള്‍. മത്സരം അതോടെ ഫ്രാന്‍സിന്റെ വരുതിയിലായി.

രണ്ട് ഗോള്‍ ലീഡായതോടെ, പ്രതിരോധം ശക്തിപ്പെടുത്തി ഫ്രാന്‍സ് കളിച്ചുകയറി. ഗോള്‍ മടക്കാനായി മൊറോക്കോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ലഭിച്ച അവസരങ്ങള്‍ പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ, ലോകകപ്പിലെ ആഫ്രിക്കന്‍ പ്രതീക്ഷകള്‍ കെട്ടടങ്ങി. ലോങ് വിസിലിനൊപ്പം ഫൈനലിലേക്ക് ഫ്രഞ്ച് പടയുടെ മാര്‍ച്ച്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് കലാശപ്പോരിനെത്തുന്നത്. തുടര്‍ച്ചയായി ഫൈനല്‍ കളിക്കുന്ന ആറാമത്തെ രാജ്യമെന്ന റെക്കോഡും ഫ്രാന്‍സ് സ്വന്തമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും