അവസാന മിനുറ്റുവരെ എന്തും സംഭവിക്കാമെന്ന അനിശ്ചിതത്വവും ഉദ്വേഗവും നിറഞ്ഞ മത്സരത്തിനൊടുവില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി ഘാന ലോകകപ്പില്‍ നിര്‍ണായക വിജയവും മൂന്ന് പോയിന്‌റും സ്വന്തമാക്കി. എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഓരോ നിമിഷവും ആരാധകര്‍ മുള്‍മുനയിലായിരുന്നു. മത്സരത്തിന്‌റെ ആവേശം , ലോങ് വിസിലിനൊടുവില്‍ നിരാശയിലേക്ക് മാറിയപ്പോള്‍ കൊറിയന്‍ താരങ്ങളും ആരാധകരും കണ്ണീരിലാണ്ടു. ഘാനയ്ക്കാകട്ടെ പൊരുതി നേടിയ വിജയത്തിന്‌റെ മധുരവും.
ദക്ഷിണ കൊറിയയുടെ മേധാവിത്വം കണ്ടാണ് മത്സരം തുടങ്ങിയത്. ആദ്യ മിനുറ്റുകളില്‍ ഘാനയുടെ പകുതിയിലായിരുന്നു കളിയത്രയും. ഒന്നിനു പിറകെ ഒന്നായി കോര്‍ണറുകള്‍ വഴങ്ങിയ ഘാന, പക്ഷേ ഗോള്‍ മാത്രം വഴങ്ങിയില്ല. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രം എതിര്‍ ഗോള്‍ മുഖത്തുണ്ടായി. മത്സരഗതിക്ക് വിപരീതമായി 24ാം മിനുറ്റില്‍ മുഹമ്മദ് സലിസുവിലൂടെ ഘാന ആദ്യ ഗോള്‍ നേടി. ആന്‍ഡ്രെ അയൂവിന്‌റെ കൈയില്‍ തട്ടി മുന്നോട്ടുപോയ പന്തില്‍ ഗോള്‍ അനുവദിച്ചതിനെതിരെ കൊറിയ എതിര്‍വാദമുന്നയിച്ചെങ്കിലും റഫറി അത് അംഗീകരിച്ചില്ല. ആദ്യഗോളിന്‌റെ ആഘാതത്തില്‍ നിന്ന് കൊറിയ മുക്തമാകും മുന്‍പെത്തി ഘാനയുടെ രണ്ടാം പ്രഹരം . 34ാം മിനുറ്റില്‍ മുഹമ്മദ് കുഡുസ് വകെ രണ്ടാം ഗോള്‍.
രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവാണ് ഏഷ്യന്‍ ടീം നടത്തിയത്. ജിയോ സങ് ചൊ 58ാം മിനുറ്റില്‍ ആദ്യ ഗോള്‍ മടക്കി. മൂന്ന് മിനുറ്റിനകം ചൊ യുടെ രണ്ടാം ഗോള്‍. ഗ്യാലറിയിലെ കൊറിയന്‍ ആരാധകര്‍ വിജയം പോലെ ആഘോഷിച്ച സമനില ഗോള്‍. പക്ഷേ ആ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. 68ാം മിനുറ്റില്‍ കുഡുസ് ഡബിള്‍ തികച്ചു. ഘാനയ്ക്ക് നിര്‍ണായകമായ ലീഡ്. ലോകകപ്പിൽ ഒരു ഘാനൻ താരത്തിന്റെ ആദ്യ ഇരട്ടഗോൾ പ്രകടനവുമായി കുഡുസ്, ഈ ലോകകപ്പിലെ ആകെ ഗോൾ നേട്ടം മൂന്നാക്കി.
പിന്നീടുള്ള 22 മിനുറ്റ് സമനിലപിടിക്കാനുള്ള ദക്ഷിണ കൊറിയയുടെ പോരാട്ടമായിരുന്നു. ഘാന അത് വിജയകരമായി പ്രതിരോധിച്ചു. രണ്ടാം പകുതുയിലെ 10 മിനുറ്റ് ആഡ് ഓണ്‍ ടൈമില്‍ കൊറിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. അവസാന വിസില്‍ മുഴങ്ങുവരെ കൊറിയന്‍ ആരാധകര്‍ക്ക് പ്രതീക്ഷ ബാക്കിവെയ്ക്കുന്നതായിരുന്നു മൈതാനത്തെ നീക്കങ്ങള്‍.
ബോള്‍ പൊസഷനില്‍ ഘാനയ്ക്ക് ഏറെമുന്നിലായിരുന്നു കൊറിയ. ഷോട്ടുകളുടെ കാര്യത്തിലും കൊറിയ തന്നെ മുന്നില്‍. മത്സരത്തിലാകെ 12 കോര്‍ണറുകള്‍ കൊറിയയ്ക്ക് അനുകൂലമായി ലഭിച്ചു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കുന്നതിലെ മികവില്‍ ഘാന ഒരുപടി മുന്നില്‍ നിന്നു. മത്സരാവസാനം റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച കൊറിയന്‍ പരിശീലകന്‍ പാവ്‌ലോ ബെന്റോയ്ക്ക് റെഡ് കാര്‍ഡ് നല്‍കി. ഇതോടെ പോര്‍ച്ചുഗലിനെതിരായ അവസാന മത്സരത്തില്‍ പരിശീലകന്‍ ഡഗ്ഔട്ടില്‍ ഉണ്ടാവില്ല.