നെക്കോ വില്യംസ് 
Qatar World Cup

കാത്തിരുന്ന മത്സരത്തിന് മുമ്പ് തേടിയെത്തിയത് മുത്തച്ഛന്റെ വിയോഗവാര്‍ത്ത; പതറാതെ 21കാരന്‍

ആറാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ കാലം മുതല്‍ മുത്തച്ഛന്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് മത്സരശേഷം താരം ട്വിറ്ററില്‍ കുറിച്ചു

വെബ് ഡെസ്ക്

ആറ് ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വെയില്‍സ് വെയ്ല്‍സ് ലോകകപ്പ് യോഗ്യത നേടിയത്. നീണ്ട കാത്തിരുപ്പിനു ശേഷം ഇന്നലെയാണ് അവര്‍ 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ അരങ്ങേറിയത്. ഓരോ വെല്‍ഷ് താരവും ആ മുഹൂര്‍ത്തം അവിസ്മരണീയമാക്കാനാണ് മത്സരത്തിനു മുമ്പ് തയാറെടുത്തിരുന്നത്. ഒരാളൊഴികെ. നെക്കോ വില്യംസ് എന്ന 21-കാരന്‍ പ്രതിരോധതാരം.

മത്സരത്തിനു തലേ ദിവസം തന്റെ പ്രിയപ്പെട്ട മുത്തച്ഛന്റെ വിയോഗവാര്‍ത്തയാണ് വെയില്‍സ് താരം നെക്കോ വില്യംസിനെ തേടിയെത്തിയത്. എന്നാല്‍ വിധിക്കു മുന്നില്‍ പരിഭ്രമിച്ചു നില്‍ക്കാന്‍ ആ 21 കാരന് സമയമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റി നെക്കോ വില്യംസ് ബൂട്ടണിഞ്ഞു. തലേ ദിവസം മുഴുവന്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ടീമിന്റെ വിജയം കാണാന്‍ കൊതിച്ചു.

ഓര്‍മകളുടെ ഭാരം പേറി മൈതാനത്തിറങ്ങിയ 21കാരന്‍ രാജ്യത്തിനു വേണ്ടി 79മിനിറ്റ് കളിക്കളത്തില്‍ നിറഞ്ഞുനിന്നു. മത്സരത്തിലുടനീളം തകര്‍ന്ന മനസുമായി കളിക്കളത്തില്‍ വേദന കടിച്ചമര്‍ത്തി നിന്ന നെക്കോ വില്യംസ് പക്ഷേ തളര്‍ന്നില്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ഈ 21 കാരന് കൂട്ടായുണ്ടായിരുന്നു. ഒടുവില്‍ 1-1ന് വെയില്‍സ് തോല്‍വിയറിയാതെ കളിയവസാനിക്കുമ്പോള്‍ വിരലുകള്‍ ആകാശത്തേക്കു ചൂണ്ടി നെക്കോ വില്യംസ് മൈതാനത്ത് മുട്ടുകുത്തി.

തന്റെ വിജയത്തില്‍ സന്തോഷിച്ചിരുന്ന, അഭിനന്ദനങ്ങളുമായി തന്നെ ചേര്‍ത്തുപിടിക്കാറുള്ള പ്രിയപ്പെട്ട മുത്തച്ഛന് കൊച്ചുമകന്റെ വൈകാരികമായ സമ്മാനമായി മാറി മത്സരഫലം. ആറാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ കാലം മുതല്‍ മുത്തച്ഛന്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് നെക്കോ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന മുത്തച്ഛന് നെക്കോ വില്യംസ് കണ്ണുനീര്‍ കൊണ്ട് വിടനല്‍കി.

മത്സരശേഷം നെക്കോ തന്നെയാണ് മുത്തച്ഛന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. ''മുത്തച്ഛന്‍ മരണത്തിനു കീഴടങ്ങിയെന്ന ജീവിതത്തിലെ ഏറ്റവും വേദനയേറിയ വാര്‍ത്ത തന്റെ അമ്മയില്‍ നിന്നാണ് അറിഞ്ഞത്. ഒരു ദിവസം മുഴുവന്‍ കരഞ്ഞു തളര്‍ന്ന ശേഷം കളിക്കളത്തിലേക്കിറങ്ങുന്നത് വളരെ കഠിനമാണെന്നറിയാം, പക്ഷേ എന്റെ ടീമിനും കുടുംബത്തിനും വേണ്ടി എനിക്ക് അത് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് മുത്തച്ഛന്‍ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. ഇന്ന് ഞാന്‍ ഇവിടെയെത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്കും മുത്തച്ഛനുള്ളതാണ്''- നെക്കോ ട്വിറ്ററില്‍ കുറിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ