ലോകം മുഴുവന്‍ കണ്ണ് നട്ടിരിക്കുന്ന ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് കലാശപ്പോരിന് നിമിഷങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും മത്സരത്തിനിറങ്ങാനിരിക്കെ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ്. ഏതാനും മാസം മുന്‍പ് എംബാപ്പെ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ലോകകപ്പ് കലാശപ്പോരിന് മുന്‍പ് മാര്‍ട്ടിനെസ് മറുപടി നല്‍കിയിരിക്കുന്നത്.
തങ്ങളുടെ നാട്ടിലെ ഫുട്‌ബോള്‍ വളരെ മികച്ചതായതുകൊണ്ട് യൂറോപ്യന്‍ ടീമുകള്‍ അവരുടെ ലാറ്റിനമേരിക്കന്‍ എതിരാളികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നു എന്ന് എംബാപ്പെ പറഞ്ഞിരുന്നു. ''നാഷന്‍സ് ലീഗ് പോലെ ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങളില്‍ എപ്പോഴും കളിക്കുന്നു എന്നതാണ് ഞങ്ങളുടെ നേട്ടം. അര്‍ജന്റീനയ്ക്കും ബ്രസീലിനും ഈ അവസരമില്ല, അതുകൊണ്ട് തന്നെ ലോകകപ്പില്‍ എത്തുമ്പോഴേക്ക് ഞങ്ങള്‍ നന്നായി തയ്യാറെടുത്തിരിക്കും. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ യൂറോപ്പിലേതു പോലെ പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിലൊക്കെത്തന്നെ യൂറോപ്യന്മാര്‍ ജയിക്കുന്നത്'' എംബാപ്പെ പറഞ്ഞു.
ഫ്രാന്‍സ് താരത്തിന്റെ പഴയ പരാമര്‍ശത്തെക്കുറിച്ച് മാര്‍ട്ടിനെസിനോട് അഭിപ്രായം ചോദിച്ചപ്പോഴാണ് എംബാപ്പെയെക്കുറിച്ച് സംസാരിച്ചത്. '' അദ്ദേഹത്തിന് ഫുട്‌ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. അദ്ദേഹം ഇതുവരെ ലാറ്റിനമേരിക്കയില്‍ കളിച്ചിട്ടില്ല. ആ അനുഭവം ഇല്ലാത്തപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഞങ്ങള്‍ക്ക് ലോകം മുഴുവന്‍ അറിയപ്പെടുന്ന മികച്ച ടീമുണ്ട്''. അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിനെതിരെ മിന്നും ജയം നേടി തങ്ങളുടെ ആറാം ഫൈനലില്‍ കിരീടമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടിനെസും സംഘവും. എതിരാളികളുടെ ഒരു ഗോള്‍ പോലും വലയില്‍ കയറ്റില്ലെന്ന വാശിയിലാണ് അർജന്‍റീനയുടെ കാവല്‍ക്കാരന്‍.
നേരത്തെ മാര്‍ട്ടിനെസിന്റെ സഹതാരമായ ലൗട്ടാരോ മാര്‍ട്ടിനെസും എംബാപ്പെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. '' ഞങ്ങളില്‍ ഭൂരിഭാഗം പേരും യൂറോപ്പില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും, എല്ലാ പരിശീലനങ്ങളിലും ഞങ്ങള്‍ അവരുടെ കഴിവുകള്‍ മനസ്സിലാക്കുന്നുണ്ട്. എംബാപ്പെ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. വളരെ മോശം അഭിപ്രായമാണ് അത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കളിക്കാര്‍ മികച്ച നിലവാരവും കഴിവും ഉള്ളവരാണ്.'' ലൗട്ടാരോ അഭിപ്രായപ്പെട്ടു.
''അദ്ദേഹത്തിന് ഫുട്‌ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. അദ്ദേഹം ഇതുവരെ ലാറ്റിനമേരിക്കയില്‍ കളിച്ചിട്ടില്ല. ആ അനുഭവം ഇല്ലാത്തപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതായിരിക്കും നല്ലത്''
അര്‍ജന്റീന നായകന്‍ മെസിയുമായി അഞ്ച് ഗോളുകളോടെ ഫൈനലില്‍ ഗോള്‍ വേട്ടയിലും മത്സരിക്കാനൊരുങ്ങുകയാണ് എംബാപ്പെ. നിലവിലെ ചാമ്പ്യന്മാര്‍ ഒരിക്കല്‍ കൂടി കിരീടം നില നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.