Qatar World Cup

ഹീ ഈസ് ആന്‍ ഇന്‍മെസിയൊനാന്റെ!

അസാമാന്യ പന്തടക്കവും ജന്മസിദ്ധമായി പ്രതിഭയുമായി അഞ്ചടി ഏഴിഞ്ചില്‍ മെസി ഒഴുകിപ്പരക്കുകയാണെങ്കില്‍ ആറടി ഒരിഞ്ച് ഉയരത്തില്‍ വന്യതയുടെ പര്യായമായി വളര്‍ന്നു പന്തലിക്കുകയായിരുന്നു ക്രിസ്റ്റിയാനോ.

ശ്യാം ശശീന്ദ്രന്‍

റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും വിനോദംപോലെ കൊണ്ടുനടക്കുന്ന ലയണല്‍ മെസിക്ക് ഒമ്പതു വര്‍ഷം മുമ്പ് സ്പാനിഷ് നിഘണ്ടുവില്‍ ഒരു വിശേഷണം എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കാല്‍പ്പന്ത് ലോകത്ത് എത്ര വിസ്മയകരമാണ് മെസി എന്നു പറയാതെ പറയും ആ വാക്ക്.

സ്പാനിഷ് ഭാഷയില്‍ പുതുതായി ഒരു വാക്ക് നിര്‍മിച്ചപ്പോള്‍ അതിന് പൂര്‍ണ അര്‍ത്ഥത്തോടു ചേര്‍ന്നു നില്‍ക്കുന്ന താരത്തിന്റെ പേരു നല്‍കിയത് പക്ഷേ യാദൃശ്ചികമല്ല.... 'ഇന്‍മെസിയൊനാന്റെ' എന്ന ആ സ്പാനിഷ് വാക്കുകൊണ്ടു വിശേഷണം ചാര്‍ത്തിക്കിട്ടാന്‍ കൊതിക്കാത്ത ഒരു യുവതാരവും ഇന്ന് കാല്‍പ്പന്ത് ലോകത്ത് ഉണ്ടാകുകയുമില്ല.. കാരണം ആ വാക്കിന്റെ അര്‍ഥം സമ്പൂര്‍ണ ഫുട്‌ബോളര്‍ എന്നാണ്... അഥവാ ലയണല്‍ മെസി എന്ന്.

ആധുനിക ഫുട്‌ബോളിലെ സമ്പൂര്‍ണന്‍; 'ഇന്‍മെസിയൊനാന്റെ' എന്ന വാക്കിന്റെ പിറവിക്കും എത്രയോ നാള്‍ മുമ്പേ മെസി അത് തെളിയിച്ചുകാണണം, ഇന്ന് ഈ 35-ാം വയസിലും അത് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നലെ ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ തന്നെക്കാള്‍ 15 വയസ് ഇളപ്പമുള്ള ക്രൊയേഷ്യന്‍ യുവതാരത്തെ വേഗം കൊണ്ടും വൈദഗ്ധ്യം കൊണ്ടും കീഴടക്കിയപ്പോഴും അത് അടിവരയിട്ടു തെളിയിക്കുകയായിരുന്നു ലിയോ.

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് പെലെയുടെയും മറഡോണയുടെയുമൊക്കെ അമൂല്യ നിമിഷങ്ങളുടെ ഒളിമങ്ങാത്ത ചിത്രങ്ങളാണ്. അവിടെ അവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാന്‍ പോയിട്ട് ഒന്നു താരതമ്യപ്പെടുത്താന്‍ പോലും മറ്റാരും ഉദിച്ചുവന്നിട്ടില്ല.

മെസിയുടെയും സമകാലീനന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നാമങ്ങളാണ് പേരിനെങ്കിലും താരതമ്യത്തിന് എടുത്തിട്ടുള്ളത്. പെലെ-മാറഡോണ താരതമ്യം പോലെ വാശിക്കു വകയുള്ളതാണ് മെസി-ക്രിസ്റ്റ്യാനോ താരതമ്യവും. നേട്ടങ്ങള്‍ കൊയ്യുന്നതില്‍ തമ്മിലുള്ള സമാനതകള്‍ കാരണം ആരാണ് കേമന്‍ എന്ന തര്‍ക്കം ഇന്നും തീര്‍പ്പാകാതെ കിടക്കുകയാണ്.

സമാനതകള്‍ മാത്രമല്ല വൈജാത്യങ്ങളും ഏറെയുണ്ട് ഇരുവരും തമ്മില്‍. അസാമാന്യ പന്തടക്കവും ജന്മസിദ്ധമായി പ്രതിഭയുമായി അഞ്ചടി ഏഴിഞ്ചില്‍ മെസി ഒഴുകിപ്പരക്കുകയാണെങ്കില്‍ ആറടി ഒരിഞ്ച് ഉയരത്തില്‍ വന്യതയുടെ പര്യായമായി വളര്‍ന്നു പന്തലിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

സമാന്തരമായി വളര്‍ന്ന രണ്ടു കരിയറുകളും ഇഴകീറി പരിശോധിച്ചിട്ടു പോലും ഗ്രേറ്റസ്റ്റ് ഓഫ് ദ ഓള്‍ ടൈം എന്ന തര്‍ക്കത്തിന് തീര്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പോടെ ആ തര്‍ക്കവും തീര്‍ന്നേക്കും.

ഖത്തര്‍ ലോകകപ്പില്‍ ദുര്‍ബലര്‍ക്കെതിരേ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി പരിഹാസ ശരങ്ങളുടെ നടുവിലേക്കു വീണ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് ഫൈനലില്‍ എത്തിച്ചിരിക്കുകയാണ് മെസി. എന്നാല്‍ മറുവശത്ത് ക്രിസ്റ്റ്യാനോ ആയുധം താഴ്ത്തി തലകുനിച്ചു വീണു കഴിഞ്ഞിരിക്കുന്നു.

ഒരു ചുവടിനപ്പുറം മെസിയെക്കാത്ത് ലോകകിരീടമുണ്ട്. ഈ ലോകകപ്പ് മെസിയുടേതായി മാറുകയാണ്. കളിച്ച ആറു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍, മൂന്നു അസിസ്റ്റുകള്‍. നാലു മത്സരങ്ങളില്‍ കളിയിലെ കേമനായി. ഇതുവരെ പായിച്ചത് 27 ഷോട്ടുകള്‍. അതില്‍ 14 എണ്ണം ഓണ്‍ ടാര്‍ഗറ്റ്, തുറന്നെടുത്ത അവസരങ്ങള്‍ 18.

അതിനിടയില്‍ നിരവധി റെക്കോഡുകളും മെസി സ്വന്തമാക്കി കഴിഞ്ഞു. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി ഇന്നലെ സ്വന്തമാക്കിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റിറ്റ്യൂട്ടയുടെ റെക്കോഡാണ് മെസിക്കു മുന്നില്‍ വഴിമാറിയത്. ഇതിനു പുറമേ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി കഴിഞ്ഞു.

ഇന്നലത്തെ മത്സരത്തോടുകൂടി ലോകകപ്പില്‍ 11 ഗോളുകളാണ് മെസി നേടിയത്. 2006 ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കിയ മെസി പിന്നീട് അര്‍ജന്റീനയുടെ വിജയ ശില്‍പിയായി മാറുകയായിരുന്നു. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരവുമായി.

ആ ടൂര്‍ണമെന്റില്‍ ജര്‍മനിയോടു തോറ്റു ക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായതോടെ മെസിയുടെ ആദ്യ ലോകകപ്പ് അവസാനിച്ചു. പിന്നീട് 2010-ലാണ് ലോകകപ്പിലെ മെസിയുഗം ആരംഭിക്കുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയും മെസിയും ഒന്നിച്ച ആ ലോകകപ്പും അര്‍ജന്റീനയ്ക്ക് ഭാഗ്യം കൊണ്ടുവന്നില്ല. 2006-ലേതിനു സമാനമായി ക്വാര്‍ട്ടറില്‍ ജര്‍മനിയോടു തോറ്റ് പുറത്ത്.

ആ ലോകകപ്പില്‍ ഒരു ഗോള്‍പോലും നേടാന്‍ മെസിക്കായില്ല. പിന്നീട് 2014-ല്‍ മൂന്നാം ഊഴം. ലോകകപ്പ ചരിത്രത്തില്‍ മെസിയും മികച്ച പ്രകടനം കണ്ട വര്‍ഷം. ചിരവൈരികളായ ബ്രസീലിന്റെ മണ്ണില്‍ നടന്ന ലോകകപ്പില്‍ നാല് ഗോളും ഒരു അസിസിറ്റുമായി ടൂര്‍ണമെന്റിന്റെ താരമായി മെസി മാറി. പക്ഷേ ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ ജര്‍മനിയോട് ഒരു ഗോളിനു തോറ്റ് കിരീടം കൈവിട്ടു. പിന്നീട് 2018 റഷ്യയിലും പ്രീക്വാര്‍ട്ടറിനപ്പുറത്തേക്ക് ഒരു മുന്നേറ്റമുണ്ടായില്ല.

ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ ഗോളടിച്ചും അടിപ്പിച്ചുമാണ് മെസി മുന്നേറിയത്. ഒരു ടോട്ടല്‍ സ്‌ട്രൈക്കര്‍ എന്ന പേര് അന്വര്‍ഥമാക്കി ക്രിസ്റ്റിയാനോ പടിയിറങ്ങിപ്പോയപ്പോള്‍ മെസി ഒരു കംപ്ലീറ്റ് ഫുട്‌ബോളര്‍ എന്ന തന്റെ വിശേഷണത്തിനു തക്കവണ്ണം ടീമിന്റെ നട്ടെല്ലായി ഒപ്പം നില്‍ക്കുന്നു. ആധുനിക ഫുട്‌ബോളിലെ ഏറെക്കുറേ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസിക്ക് ഇനി ഒരു ലോകകിരീടം എന്ന സ്വപ്‌നം മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 18-ന് ഖത്തറില്‍ സ്വപ്‌ന സാക്ഷാത്കാരത്തിലൂടെ ആ കരിയറിനു പൂര്‍ണത ലഭിച്ചാലും ഇല്ലെങ്കിലും ഒന്നു പറയാന്‍ പറ്റും ഹീ ഇസ് ആന്‍ ഇന്‍മെസിയൊനാന്റെ!

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ