ഹ്യൂഗോ ലോറിസ് 
Qatar World Cup

ലുസെയ്‌ലില്‍ ലോറിസിനെ കാത്തിരിക്കുന്നത് വല നിറയെ റെക്കോഡുകള്‍

രണ്ട് ലോകകപ്പിലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് ഇതില്‍ പ്രധാനം

വെബ് ഡെസ്ക്

തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് ഫ്രഞ്ച് ടീമിനെ നയിക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഹ്യൂഗോ ലോറിസിന്റെ മനസിലുണ്ടാകില്ല. ലയണല്‍ മെസിയുടെയും സംഘത്തിന്റെയും കുതിപ്പിന് കടിഞ്ഞാണിട്ടാല്‍ ഫ്രഞ്ച് ദേശീയ കുപ്പായത്തില്‍ മൂന്നാം നക്ഷത്രം തുന്നിച്ചേര്‍ക്കാം. ഗോള്‍ കീപ്പര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വ്യക്തിപരമായ ഒരുപിടി റെക്കോഡുകളും കിരീട നേട്ടത്തിലൂടെ ലോറിസിന് സാധ്യമാകും. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഗോള്‍വലയ്ക്ക് മുന്നില്‍ അസാമാന്യ പ്രകടനം പുറത്തെടുത്താല്‍ വല നിറയെ റെക്കോഡുകളുമായാകും ഫ്രഞ്ച് നായകന്‍ ഖത്തര്‍ വിടുക.

രണ്ട് ലോകകപ്പിലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് ഇതില്‍ പ്രധാനം. അതും ഒരു ഗോള്‍ കീപ്പര്‍ എന്നത് മറ്റൊരു ചരിത്രമാകും. അര്‍ജന്റീനയുടെ ഇതിഹാസം ഡീഗോ മറഡോണ, ബ്രസീലിയന്‍ താരം ദുംഗ, പശ്ചിമ ജര്‍മനിയുടെ കാള്‍ റുമെനിഗ്ഗെ എന്നിവരാണ് ഇതിന് മുന്‍പ് രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ടീമിനെ നയിച്ചിട്ടുള്ളത്. ഇതില്‍ മറഡോണയും ദുംഗയും ഒരു തവണ ടീമിന് കിരീടം നേടിക്കൊടുത്തപ്പോള്‍, ഒരു വട്ടം തോറ്റുപോയി. റുമെനിഗ്ഗെയ്ക്കാകട്ടെ രണ്ട് വട്ടവും പരാജയപ്പെട്ടു.

ഇന്ന് ജയിച്ചാല്‍, രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളത്തിലിറങ്ങിക്കൊണ്ട് സ്വന്തമാക്കുന്നതില്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ ഗില്‍മര്‍ ഡോസ് സാന്റോസിന് ഒപ്പമെത്താനും ലോറിസിനാകും. 1958, 1962 വര്‍ഷങ്ങളില്‍ ബ്രസീല്‍ കിരീടം നേടിയപ്പോള്‍ ഗോള്‍വല കാത്തിരുന്നത് ഗില്‍മര്‍ ആയിരുന്നു. ആദ്യ മിനുറ്റ് മുതല്‍ ഗില്‍മര്‍ കളത്തിലുമിറങ്ങി.

കഴിഞ്ഞ തവണ ലോകകപ്പ് നേടിയതോടെ ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കുന്ന നാലാമത്തെ ഗോള്‍ കീപ്പറെന്ന പേര് ലോറിസ് സ്വന്തമാക്കിയിരുന്നു. ഇറ്റാലിയന്‍ താരങ്ങളായ ജിയാന്‍പിയറോ കോംബി (1934), ഡിനോ സോഫ് (1982), സ്‌പെയിനിന്റെ ഐക്കര്‍ കസിയസ് (2010) എന്നിവരാണ് ലോറിസിന് മുന്‍പ് നേട്ടം കൈവരിച്ചത്. ഇക്കുറി കിരീടനേട്ടം ആവര്‍ത്തിക്കാനായാല്‍ രണ്ട് ലോകകപ്പ് ജയിക്കുന്ന ആദ്യ ഗോള്‍ കീപ്പര്‍ നായകനെന്ന ഖ്യാതി സ്വന്തമാകും.

ഫൈനലില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന ഗോള്‍ കീപ്പറെന്ന റെക്കോഡ് ലോറിസ് സ്വന്തമാക്കും. ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറുടെ 19 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് പഴങ്കഥയാകുക. 2008 നവംബര്‍ 19ന് യുറുഗ്വായ്‌ക്കെതിരെ 21ാം വയസ്സിലായിരുന്നു ലോറിസിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. ഇതുവരെ 144 മത്സരങ്ങളില്‍ ലോറിസ് ഫ്രാന്‍സിനായി ഗോള്‍വല കാത്തു. 63 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയ അദ്ദേഹം 117 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ