ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളുടെ കുതിപ്പ് തുടരുന്നു. സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ തകര്‍പ്പന്‍ അട്ടിമറിയുമായി ഇറാനും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ വെയില്‍സിനെയാണ് അവര്‍ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.
മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ റൂസ്‌ബെഹ് ചെഷ്മിയും(98-ാം മിനിറ്റ്) റാമിന്‍ റിസായേനു(101-ാം മിനിറ്റ്)മാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. സമനിലയിലേക്കു നീങ്ങിയ മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ഒന്നാം ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് വെയില്‍സിന് തിരിച്ചടിയായത്.
ഇറാനിയന്‍ താരം മെഹ്ദി തരേമിയുടെ മുന്നേറ്റം തടയാന്‍ ബോക്‌സ് വിട്ടിറങ്ങി പരുക്കനടവ് പ്രയോഗിച്ചതിനാണ് ഹെന്നസിക്ക് റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയത്. 2022 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ചുവപ്പ് കാര്‍ഡ് കൂടിയായിരുന്നു ഇത്. ഹെന്നസിക്കു പകരക്കാരനായി ഡാനി വാര്‍ഡിനെ ഗോള്‍ വലയത്തിലെത്തിക്കാന്‍ മുന്നേറ്റ താരം ആരോണ്‍ രാംസെയെ വെയില്‍സിനു പിന്‍വലിക്കേണ്ടിയും വന്നു.
ഇതോടെ 10 പേരായി ചുരുങ്ങിയ വെയില്‍സിന്റെ വിവശത മുതലെടുത്ത് ഇറാന്‍ താരങ്ങള്‍ നിരന്തരം നടത്തിയ ചടുല നീക്കങ്ങളാണ് അട്ടിമറിയിലേക്കു നയിച്ചത്. ആളെണ്ണത്തിന്റെ ആനൂകൂല്യം മുതലെടുത്ത് ഇറാന്‍ ആക്രമിച്ചു കയറുകയായിരുന്നു. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 98-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. സ്വന്തം ഹാഫില്‍ നിന്നു ലഭിച്ചു പന്തുമായി കുതിച്ചു കയറിയ ചെഷ്മി ബോക്‌സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് വലയുടെ വലത്തേമൂലയില്‍ പതിച്ചു.
ലീഡ് നേടിയ ശേഷം വെയില്‍സിന്റെ തിരിച്ചടി ചെറുക്കാന്‍ സര്‍വതും മറന്ന് ഇരമ്പിക്കയറുന്ന തന്ത്രമാണ് ഇറാന്‍ പയറ്റിയത്. ഈ നീക്കം രണ്ടാം ഗോളിലേക്കും വഴിവച്ചു. 101-ാം മിനിറ്റില്‍ മെഹ്ദി തരേമി ഒറ്റയ്ക്കു നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ബോക്‌സിനുള്ളിലേക്ക് തരേമി നല്‍കിയ അളന്നുകുറിച്ച പാസ് റാമിന്‍ പിഴവില്ലാതെ വലയിലാക്കുകയായിരുന്നു.
നേരത്തെ ആദ്യ പകുതി മുതല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് കണ്ടത്. കൊണ്ടും കൊടുത്തും ഇരുടീമുകളും മത്സരം ആവേശകരമാക്കി നിലനിര്‍ത്തിയെങ്കിലും സമനിലക്കുരുക്ക് അഴിക്കാന്‍ മാത്രം ആര്‍ക്കും കഴിഞ്ഞില്ല. വെയില്‍സ് പന്ത് കൈവശം വച്ചു കളിച്ചപ്പോള്‍ വീണുകിട്ടുന്ന അവസരങ്ങളില്‍ മിന്നല്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് ഇറാന്‍ എതിരാളികളെ ഞെട്ടിച്ചത്.
എന്നാല്‍ ഇരുകൂട്ടരും അവസരങ്ങള്‍ തുലയ്ക്കാന്‍ മത്സരിച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ചപ്പോഴും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. മത്സരം അവസാന മിനിറ്റുകളിലേക്ക് അടുത്തതോടെ ഒരു സമനിലയാണ് ഗ്യാലറി മുഴുവന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി വെയില്‍സ് ഗോള്‍കീപ്പര്‍ ചുവപ്പ് കണ്ട് പുറത്തുപോയതോടെ മത്സരത്തിന്റെ ഗതി മാറുകയായിരുന്നു.
ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്താന്‍ ഇറാനായി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 6-2 തോല്‍വി നേരിട്ട ഇറാന് ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനായി. അതേസമയം കഴിഞ്ഞ മത്സരത്തില്‍ യുഎസിനോട് സമനില വഴങ്ങിയ വെയില്‍സിന് ഇന്നത്തെ തോല്‍വി കനത്ത തിരിച്ചടിയായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അവര്‍ ഏറെക്കുറേ പുറത്തേക്കുള്ള വഴിയിലാണ്. അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ വന്‍ വിജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.